പ്രിയദർശൻ സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘കമാൽ ധമാൽ മലാമാൽ’. മലയാള ചിത്രം ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഹിന്ദിയിലേക്ക്  റീമേയ്ക് ചെയ്ത ചിത്രത്തിൽ നാനാ പടേക്കർ, ഓം പുരി, പരേഷ് റാവൽ തുടങ്ങിയവർക്കൊപ്പം സോന നായരും അഭിനയിച്ചിരുന്നു. ചിത്രത്തിൽ വിനയ പ്രസാദ് മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷമാണ് സോന കൈകാര്യം ചെയ്തത്.

ഓം പുരിയായിരുന്നു ചിത്രത്തിൽ സോനയുടെ ഭർത്താവായി എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നാനാ പടേക്കറിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ചുള്ള ഓർമകളും ന്യൂസ് സ്റ്റോറിക് എന്ന ചാനലിലൂടെ പങ്കുവെക്കുകയാണ് സോന നായർ.

സോന നായർ.Photo. Screen Grab/ Youtube

അന്ന് ഹിന്ദി സിനിമയിലെ തിരക്കേറിയതും വലിയ പ്രതിഫലം വാങ്ങിയിരുന്നതുമായ നടനായിരുന്നു നാനാ പടേക്കർ. എന്നാൽ ഒരു താരത്തിന്റേതായ യാതൊരു ജാഡയുമില്ലാത്ത, എല്ലാവരോടും ഒരുപോലെ ഇടപെടുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സോന പറഞ്ഞു.

‘ഭയങ്കര ഡൗൺ ടു എർത്ത് ആയിട്ടുള്ള, കഴിവുള്ള നടനാണ് അദ്ദേഹം. അന്ന് വലിയ ഹിറ്റുകളുള്ള, വലിയ കോസ്റ്റുള്ള നടനായിരുന്നു. പക്ഷേ ഒരു നടനാണെന്നുള്ള ആറ്റിറ്റ്യൂഡൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സിനിമയിലെ മറ്റു ഡിപ്പാർട്ട്‌മെന്റുകളിൽ ജോലി ചെയ്യുന്നവരോടുപോലും വളരെ കൂളായിട്ടാണ് സംസാരിക്കുക,’ സോന പറഞ്ഞു.

സ്വന്തമായി കാരവൻ ഉണ്ടായിരുന്നിട്ടും നാനാ പടേക്കർ അതിനുള്ളിൽ സമയം ചെലവഴിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും സോന ഓർത്തെടുത്തു. ഷൂട്ടിങ് കഴിഞ്ഞാൽ പ്രൊഡക്ഷൻ ടീമിനൊപ്പം ഭക്ഷണം തയ്യാറാക്കാനും മറ്റും കൂടും. വെയിലത്തും ലൊക്കേഷനിലുമൊക്കെ സാധാരണക്കാരനെപ്പോലെ നടക്കുകയും ചിലപ്പോൾ തറയിൽ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു.

നാനാ പടേക്കറിന്റെ ഈ പെരുമാറ്റം കണ്ട് അത്ഭുതം തോന്നിയ താൻ സംവിധായകൻ പ്രിയദർശനോടുതന്നെ ഇക്കാര്യം ചോദിച്ചു. ഈ സിനിമയിൽ മാത്രമാണോ അദ്ദേഹം ഇങ്ങനെയെന്നും അതോ എല്ലാ സിനിമകളിലും ഇതേ രീതിയാണോ എന്നുമായിരുന്നു തന്റെ സംശയം. എല്ലാ സെറ്റുകളിലും നാനാ പടേക്കർ അങ്ങനെയാണെന്നായിരുന്നു പ്രിയദർശൻ സാറിന്റെ മറുപടി.

‘ചിലർ നമ്മളെ കാണിക്കാൻ വേണ്ടി മാത്രമായിരിക്കും ഇങ്ങനെയൊക്കെ ചെയ്യുക. പക്ഷേ അദ്ദേഹം അങ്ങനെയായിരുന്നില്ല. ശരിക്കും ജെനുവിനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മരിച്ചപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. ഒരുപാട് സ്നേഹമുള്ള ആളായിരുന്നു അദ്ദേഹം,’ സോന പറഞ്ഞു.

നാനാ പടേക്കറുമായുള്ള മറ്റൊരു മറക്കാനാകാത്ത കൂടിക്കാഴ്ചയെക്കുറിച്ചും സോന സംസാരിച്ചു. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തന്റെ സിനിമ പ്രദർശിപ്പിക്കാനായി എത്തിയപ്പോൾ ഉണ്ടായ ഓർമയും നടി പങ്കുവെച്ചു. വർഷങ്ങൾക്കുശേഷമായതിനാൽ നാനാ പടേക്കർക്ക് തന്നെ ഓർമയുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ‘കമാൽ ധമാൽ മലാമാൽ’ എന്ന സിനിമയുടെ പേര് പറഞ്ഞതോടെ അദ്ദേഹം തിരിച്ചറിഞ്ഞു. തന്നെ കണ്ടയുടൻ കെട്ടിപ്പിടിച്ചെന്നും ആ നിമിഷം സന്തോഷംകൊണ്ട് കരച്ചിൽ വന്നെന്നും സോനാ പറഞ്ഞു.

‘നാനാജി, എന്നെ ഓർമയുണ്ടോ എന്ന് ഞാൻ ചോദിച്ചു. ‘കമാൽ ധമാൽ മലാമാൽ’ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ‘നിന്നെ എങ്ങനെ മറക്കും, എന്റെ അമ്മയായി അഭിനയിച്ച ആളല്ലേ’ എന്നാണ് അദ്ദേഹം പറഞ്ഞത്.

കമാൽ ധമാൽ മലാമാൽ,മേരിക്കുണ്ടൊരു കുഞ്ഞാട്. Photo. IMDb

ചിത്രത്തിൽ നാനാ പടേക്കറുടെ അമ്മയുടെ വേഷമായിരുന്നില്ല ആ കഥാപാത്രത്തിന് അത്തരമൊരു സ്വഭാവമായിരുന്നു. ഷൂട്ടിങ് സമയത്തും ഇതേക്കുറിച്ച് നാനാജി തമാശ പറയാറുണ്ടായിരുന്നു. ഇത്രയും ചെറിയ പ്രായമുള്ള പെൺകുട്ടിയെയാണോ തന്റെ അമ്മയായി അഭിനയിപ്പിക്കുന്നതെന്ന് പ്രിയദർശനോട് ചോദിക്കുകയും, തന്റെ പ്രകടനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു,’ താരം കൂട്ടിച്ചേർത്തു.

Content Highlight: Actress Sona Nair shares her experiences of working with Nana Patekar and memories of his simplicity