ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് മുന്നറിയിപ്പുമായി ഇതിഹാസം വിരേന്ദര്‍ സെവാഗ്. ഇന്ത്യയുടെ ബാറ്റിങ് നിര വളരെ ശക്തമാണെങ്കിലും ഏറ്റവും വലിയ ആശങ്ക ബൗളിങ്ങിലാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ബൗളിങ് നിരയ്ക്ക് എതിരാളികളെ പിടിച്ചുനിര്‍ത്തുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ഇക്കാര്യം ശുഭ്മന്‍ ഗില്‍ തീര്‍ച്ചയായും ഗൗരവമായി പരിഗണിക്കുമെന്നും സെവാഗ് പറഞ്ഞു.
‘മുന്നോട്ടുള്ള മത്സരങ്ങളില്‍ നമ്മുടെ ബാറ്റിങ് നിര വളരെ ശക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. 2023 ഏകദിന ലോകകപ്പില്‍ കളിച്ച അതേ ടോപ് ഫൈവ് തന്നെയാണ് ഇപ്പോഴുമുള്ളത്.
ഏറ്റവും വലിയ ആശങ്ക ബൗളിങ്ങിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓസ്ട്രേലിയയോട് തോറ്റു, സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോട് തോറ്റു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും പരാജയപ്പെട്ടു. ഈ ഫോര്‍മാറ്റില്‍ മികച്ച ടീമുകളെ തോല്‍പ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല.
നിലവിലെ ബൗളിങ് നിര പരിശോധിച്ചാല്‍ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം സ്ഥിരതയുള്ളതല്ല. ചില ദിവസങ്ങളില്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. എന്നാല്‍ പലപ്പോഴും റണ്‍സ് വഴങ്ങുകയും ചെയ്യും. ഗുര്‍നൂര്‍ ബ്രാര്‍ ഇതുവരെ കഴിവ് തെളിയിച്ചിട്ടില്ല. ആഖിബ് നബി, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഈ ഫോര്‍മാറ്റില്‍ താരതമ്യേന പുതുമുഖങ്ങളാണ്.
ഈ ബൗളിങ് നിരയ്ക്ക് എതിരാളികളെ പിടിച്ചുനിര്‍ത്തുക വളരെ ബുദ്ധിമുട്ടായിരിക്കും. ഇപ്പോള്‍ ടീമിന്റെ പ്രധാന തലവേദന ബൗളിങ്ങാണ്. ഇക്കാര്യം ശുഭ്മന്‍ ഗില്‍ തീര്‍ച്ചയായും ഗൗരവമായി പരിഗണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ വിരേന്ദര്‍ സെവാഗ് പറഞ്ഞു.
അതേസമയം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. നവംബര്‍ നാലിനാണ് (ബുധന്‍) പരമ്പരയിലെ ആദ്യ മത്സരം. സീഡന് പാര്‍ക്കാണ് വേദി. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര 3-2ന് ഇന്ത്യ വിജയിച്ചാണ് ഏകദിനത്തില്‍ കളത്തിലിറങ്ങുന്നത്.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന് കിഷന്, മുഹമ്മദ് സിറാജ്, ആഖിബ് നബി, കുല്‍ദീപ് യാദവ്.
ന്യൂസിലാന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്ക്വാഡ്
ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, തിലക് വര്‍മ, ഇഷാന് കിഷന്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.
Content Highlight: Virender Sehwag Warns Indian Captain Shubhman Gill Ahead New Zealand ODI Series
