ബംഗ്ലാദേശിന്റെ വ്യവസായ മേഖലകളില്‍ വീണ്ടും തൊഴിലാളി പ്രക്ഷോഭം ശക്തമാകുകയാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതി മേഖലയായ വസ്ത്രനിര്‍മാണ വ്യവസായത്തിലെ തൊഴിലാളികളാണ് കുറഞ്ഞ വേതനത്തിനും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനുമെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിഷേധം ശക്തമായതോടെ ധാക്കയിലെയും സമീപ വ്യവസായ കേന്ദ്രങ്ങളിലെയും നൂറുകണക്കിന് വസ്ത്രനിര്‍മാണ ഫാക്ടറികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.

പ്രതിമാസ മിനിമം വേതനം നിലവിലെ 12,500 ടാക്കയില്‍ (9537 രൂപ) നിന്ന് 30,000 (22,899 രൂപ) ടാക്കയായി ഉയര്‍ത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ജീവിതച്ചെലവിലുണ്ടായ വര്‍ധനവിനൊപ്പം തൊഴിലാളികളുടെ വരുമാനവും ഉയരണമെന്നാണ് സമരക്കാരുടെ ആവശ്യം.

ശനിയാഴ്ച ആരംഭിച്ച പ്രക്ഷോഭം ഞായറാഴ്ചയോടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു. ധാക്കയിലെ മിര്‍പുര്‍ വ്യവസായ മേഖലയില്‍ തിങ്കളാഴ്ച കനത്ത പൊലീസ് സന്നാഹമാണ് വിന്യസിച്ചത്. സാവര്‍, അഷൂലിയ, ഗാസിപൂര്‍ എന്നിവിടങ്ങളിലും മൂന്നാം ദിവസവും പ്രതിഷേധം തുടര്‍ന്നു. നാരായണ്‍ഗഞ്ചിലും സമരം റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ഫാക്ടറികള്‍ക്ക് നേരെ ആക്രമണം നടത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതോടെ പല പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസുമായി ഏറ്റുമുട്ടിയ തൊഴിലാളികളെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ജലപീരങ്കിയും ഉപയോഗിച്ചു. പ്രതിഷേധത്തിനിടെ നിരവധി തൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തു.

Photo: ALJAZEERA

തിങ്കളാഴ്ച മാത്രം 679 ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ബി.സി റിപ്പോര്‍ട്ട് പ്രകാരം 670ഓളം ഫാക്ടറികളാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ സമരം ആരംഭിച്ചതിനുശേഷം 500ഓളം ഫാക്ടറികള്‍ താത്ക്കാലികമായി അടച്ചതായാണ് പറയുന്നത്. ചൊവ്വാഴ്ചയും നൂറുകണക്കിന് ഫാക്ടറികള്‍ അടഞ്ഞുകിടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം 29 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ധാക്ക പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മൊഹിദുല്‍ ഇസ്ലാം അറിയിച്ചു. ഫാക്ടറികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

9000 രൂപകൊണ്ട് ജീവിതം മുന്നോട്ടുപോകില്ല

തൊഴിലാളികളുടെ പ്രക്ഷോഭത്തിന് പിന്നിലെ പ്രധാന കാരണം ജീവിതച്ചെലവിലുണ്ടായ കുതിച്ചുചാട്ടമാണ്. ഭക്ഷ്യവസ്തുക്കള്‍, പാചകവാതകം, വൈദ്യുതി എന്നിവയുടെ വിലയും വീട്ടുവാടകയും വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നിലവിലെ വേതനംകൊണ്ട് കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

‘വിലക്കയറ്റത്തിനൊപ്പം വാടക വര്‍ധനയും കൂടിയായതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാണ്. വേതനം വര്‍ധിപ്പിക്കുന്നതിനൊപ്പം വീട്ടുടമകള്‍ വാടക കൂട്ടുന്നത് നിയന്ത്രിക്കണം. അതിനൊപ്പം അവശ്യസാധനങ്ങളുടെ വില താങ്ങാനാകുന്ന നിലയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണം,’ ഒരു വനിതാ തൊഴിലാളി ബി.ബി.സി ബംഗ്ലയോട് പറഞ്ഞു.

ഭക്ഷണസാധനങ്ങള്‍, പാചകവാതകം, വൈദ്യുതി ബില്ലുകള്‍ എന്നിവയുടെ വില ഉയര്‍ന്നതായി 28കാരനായ ഫാക്ടറി തൊഴിലാളി മാമുനും എ.എഫ്.പിയോട് പറഞ്ഞു. അവശ്യവസ്തുക്കളുടെ വില കുറയ്ക്കുകയോ വേതനം വര്‍ധിപ്പിക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാരിനോടുള്ള അദ്ദേഹത്തിന്റെ ആവശ്യം.

വേതന വര്‍ധനവിനായുള്ള ആവശ്യം ഉയരുന്നത് രാജ്യത്തെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കിടയിലാണ്. കോടിക്കണക്കിന് ഡോളറിന്റെ കയറ്റുമതി വരുമാനം ഉണ്ടാകുന്ന വസ്ത്രനിര്‍മാണ വ്യവസായത്തില്‍നിന്നുള്ള നേട്ടത്തിന്റെ ഒരു പങ്ക് തങ്ങള്‍ക്കും ലഭിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

38 ബില്യണ്‍ ഡോളറിന്റെ വ്യവസായം; തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം

ബംഗ്ലാദേശിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ വസ്ത്രനിര്‍മാണ മേഖലയുടെ പ്രാധാന്യം വളരെ വലുതാണ്. ഏകദേശം 38 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യവസായമാണ് ഇതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോയിട്ടേഴ്സ് പറയുന്നത് ഈ മേഖല പ്രതിവര്‍ഷം ഏകദേശം 40 ബില്യണ്‍ ഡോളര്‍ വരുമാനം സൃഷ്ടിക്കുന്നുവെന്നാണ്.

രാജ്യത്തിന്റെ ആകെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും റെഡിമെയ്ഡ് വസ്ത്രനിര്‍മാണ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയുടെ ഏകദേശം പത്ത് ശതമാനവും ഈ വ്യവസായത്തിന്റെ സംഭാവനയാണ്.

Photo: Reuters.com

ഏകദേശം 40 ലക്ഷം തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. എച്ച് ആന്‍ഡ് എം, സാറ, വാള്‍മാര്‍ട്ട്, പ്രൈമാര്‍ക്ക്, യുണിക്ലോ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത് ബംഗ്ലാദേശിലെ ഫാക്ടറികളാണ്.

ചൈനയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്. വിയറ്റ്‌നാം, കംബോഡിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായാണ് ആഗോള വസ്ത്രവിപണിയില്‍ ബംഗ്ലാദേശിന്റെ പ്രധാന മത്സരം.

ഇങ്ങനെയൊക്കെ ആയിരിക്കിക്കെതന്നെ ലോകത്തിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന വസ്ത്രനിര്‍മാണ തൊഴിലാളികളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

‘തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഫാക്ടറി ഉടമകള്‍ അന്താരാഷ്ട്ര കമ്പനികളുമായി ഉല്‍പ്പന്നങ്ങളുടെ വില സംബന്ധിച്ച് കൂടുതല്‍ മികച്ച രീതിയില്‍ ചര്‍ച്ച നടത്തണം. കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെ നിലനിര്‍ത്തിക്കൊണ്ട് ഒരു വ്യവസായം കെട്ടിപ്പടുക്കാനാകില്ല.’, ബംഗ്ലാദേശ് ഗാര്‍മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും വേതന ബോര്‍ഡിലെ തൊഴിലാളി പ്രതിനിധിയുമായ ബാബുല്‍ അഖ്തര്‍ പറഞ്ഞു.

ആഗോള ബ്രാന്‍ഡുകളുടെ ലാഭം

ബംഗ്ലാദേശിലെ വസ്ത്രനിര്‍മാണ മേഖലയുടെ പ്രതിസന്ധി തൊഴിലാളികളും ഫാക്ടറി ഉടമകളും തമ്മിലുള്ള തര്‍ക്കത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ആഗോള വസ്ത്രവിപണിയിലെ വിലനിര്‍ണയവും ഉത്പാദനച്ചെലവും അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായുള്ള വ്യാപാരബന്ധങ്ങളും ഇതില്‍ പ്രധാനമാണ്.

ലോകത്തിലെ പ്രമുഖ വസ്ത്ര ബ്രാന്‍ഡുകള്‍ക്ക് ഉത്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന രാജ്യമാണ് ബംഗ്ലാദേശ്. എന്നാല്‍ ആഗോള വിപണിയില്‍ കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം നടക്കുമ്പോഴും ഉത്പാദനത്തിന്റെ പ്രധാനഭാരം വഹിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ജീവിതച്ചെലവിന് അനുസൃതമായി ഉയരുന്നില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ വിമര്‍ശനം.

ഫാക്ടറി ഉടമകള്‍ക്ക് ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതും അന്താരാഷ്ട്ര വിപണിയിലെ മത്സരം ശക്തമാകുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിലൂടെ പരിഹരിക്കാനാവില്ലെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.

വ്യവസായ ഉടമകള്‍ക്ക് പ്രതിസന്ധിയുണ്ടോ?

തൊഴിലാളികളുടെ വേതനാവശ്യം ഉയരുമ്പോള്‍ വ്യവസായ ഉടമകളും തങ്ങളുടെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനച്ചെലവിലെ വര്‍ധന, ഊര്‍ജവിപണിയിലെ അനിശ്ചിതത്വം, അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത കുറയുന്നത് തുടങ്ങിയവയാണ് അവര്‍ നേരിടുന്ന  വെല്ലുവിളികള്‍.

അമേരിക്ക-ഇസ്രഈല്‍ യുദ്ധവുമായി ബന്ധപ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഊര്‍ജവിപണിയിലെ അനിശ്ചിതത്വത്തിന് കാരണമാകുന്നുണ്ടെന്ന് ഫാക്ടറി ഉടമകള്‍ പറയുന്നു. ചില കയറ്റുമതി വിപണികളില്‍ ആവശ്യകത കുറഞ്ഞതും വ്യവസായത്തെ ബാധിക്കുന്നുണ്ട്.

വിയറ്റ്‌നാം, കംബോഡിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി കടുത്ത മത്സരമാണ് ബംഗ്ലാദേശ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ വേതനത്തില്‍ വലിയ വര്‍ധനവുണ്ടായാല്‍ ഉത്പാദനച്ചെലവ് ഉയരുകയും ലാഭവിഹിതം കുറയുകയും ആഗോള വിപണിയില്‍ ബംഗ്ലാദേശിന്റെമത്സരശേഷി ദുര്‍ബലമാകുകയും ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.

‘സര്‍ക്കാര്‍ വേതന ബോര്‍ഡ് രൂപീകരിച്ച സാഹചര്യത്തില്‍ അതിന്റെ നടപടികള്‍ക്ക് തൊഴിലാളികള്‍ സമയം നല്‍കണം. പ്രക്ഷോഭം തുടരുകയാണെങ്കില്‍ ‘നോ വര്‍ക്ക്, നോ പേ’ വ്യവസ്ഥ നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടാകില്ല. സമരത്തിന്റെ ഭാഗമായി ഏകദേശം 20 മുതല്‍ 25 വരെ ഫാക്ടറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.’, ബംഗ്ലാദേശ് ഗാര്‍മെന്റ് മാനുഫാക്ചറേഴ്സ് ആന്‍ഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് മഹ്മൂദ് ഹസന്‍ ഖാന്‍ പറഞ്ഞു.

വേതന ബോര്‍ഡ് രൂപീകരിച്ചതുകൊണ്ട് സമരം അവസാനിക്കുമോ?

പ്രതിഷേധം വ്യാപകമായതോടെ തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ പുതിയ വേതന ബോര്‍ഡ് രൂപീകരിച്ചു. ഞായറാഴ്ചയാണ് ആറംഗ ബോര്‍ഡ് പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിശോധിച്ച് മിനിമം വേതനത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് ബോര്‍ഡിന്റെ ചുമതല.

പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ മന്ത്രിമാരുമായും ഉപദേഷ്ടാക്കളുമായും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രക്ഷോഭം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ വേതന ബോര്‍ഡ് രൂപീകരിച്ചത്.

എന്നാല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ല. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.

Photo: Reuters.com

സമരം അവസാനിപ്പിച്ച് ജോലിക്ക് മടങ്ങണമെന്ന് ബാബുല്‍ അഖ്തര്‍ തൊഴിലാളികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കാന്‍ ബോര്‍ഡില്‍ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവരുടെ പ്രകോപനങ്ങള്‍ക്ക് വഴങ്ങാതെ ജോലിയില്‍ തിരിച്ചെത്തണമെന്നാണ് അദ്ദേഹം തൊഴിലാളികളോട് പറഞ്ഞത്.

അതേസമയം, തൊഴില്‍സമരത്തിന്റെ മറവില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീന്‍ അഹമ്മദ് മുന്നറിയിപ്പ് നല്‍കി.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിരോധിക്കപ്പെട്ട പാര്‍ട്ടിയായ അവാമി ലീഗ് പ്രക്ഷോഭത്തെ മുതലെടുത്ത് അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നാണ് അധികൃതരുടെ ആരോപണം. എന്നാല്‍ ഈ ആരോപണത്തിന് തെളിവുകളൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ലെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്പാദനം നിലച്ചാല്‍ ബാധിക്കുക ആഗോള വിതരണ ശൃംഖലയെ

ബംഗ്ലാദേശിലെ തൊഴിലാളി പ്രക്ഷോഭം രാജ്യത്തെ ആഭ്യന്തര വ്യവസായ പ്രതിസന്ധി മാത്രമല്ല. ആഗോള വസ്ത്രവിതരണ ശൃംഖലയെയും ബാധിക്കാന്‍ സാധ്യതയുള്ളതാണ്.

വസ്ത്രനിര്‍മാണ മേഖലയില്‍ ഉല്‍പ്പാദനം തടസപ്പെടുന്നത് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് നല്‍കേണ്ട കയറ്റുമതി ഓര്‍ഡറുകളുടെ സമയക്രമത്തെയും ബാധിച്ചേക്കും. പ്രത്യേകിച്ച്, സമ്മര്‍-സ്പ്രിങ് സീസണുകളിലേക്കുള്ള വസ്ത്രങ്ങളുടെ ഉത്പാദനവും കയറ്റുമതിയും നിര്‍ണായകമായ ഘട്ടത്തിലാണ് ബംഗ്ലാദേശിലെ ഈ പ്രതിസന്ധി.

‘വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. എന്നാല്‍ വലിയ തോതിലുള്ള വേതന വര്‍ധന ഉത്പാദനച്ചെലവ് ഉയര്‍ത്തുകയും ലാഭവിഹിതത്തെ ബാധിക്കുകയും ബംഗ്ലാദേശിന്റെ വിലമത്സരശേഷി കുറയ്ക്കുകയും ചെയ്യാം. ഘട്ടംഘട്ടമായുള്ള വേതന വര്‍ധന, ഉത്പാദനക്ഷമത മെച്ചപ്പെടുത്തല്‍, അന്താരാഷ്ട്ര കമ്പനികളില്‍നിന്ന് കൂടുതല്‍ ന്യായമായ വില ഉറപ്പാക്കല്‍ എന്നിവയിലൂടെ തൊഴിലാളികളുടെ ക്ഷേമവും വ്യവസായത്തിന്റെ നിലനില്‍പ്പും ഒരുപോലെ ഉറപ്പാക്കണം.’ ധാക്ക സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ സലിം റൈഹാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

വ്യവസായത്തിന്റെ വളര്‍ച്ച ആര്‍ക്കുവേണ്ടി?

ബംഗ്ലാദേശിലെ വസ്ത്രനിര്‍മാണ തൊഴിലാളികളുടെ പ്രക്ഷോഭം ഒറ്റപ്പെട്ടൊരു തൊഴില്‍സമരമല്ല. ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനയ്ക്കും സാമ്പത്തിക അസമത്വത്തിനുമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ച കൂടിയാണിത്. സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഉയര്‍ന്ന ജീവിതച്ചെലവ്, കുറഞ്ഞ വേതനം, തൊഴില്‍സുരക്ഷയില്ലായ്മ, പൊതുസേവനങ്ങളിലെ പ്രതിസന്ധി എന്നിവയ്‌ക്കെതിരെ തൊഴിലാളികളും സാധാരണക്കാരും തെരുവിലിറങ്ങിയിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകളും കയറ്റുമതിയിലെ നേട്ടങ്ങളും ഉയരുമ്പോഴും അതിന്റെ ഗുണഫലങ്ങള്‍ സാധാരണ തൊഴിലാളികളുടെ ജീവിതത്തിലെത്തുന്നുണ്ടോ എന്ന ചോദ്യമാണ് ഈ പ്രക്ഷോഭങ്ങളെല്ലാം ഉയര്‍ത്തുന്നത്. സമ്പത്തും ലാഭവും സൃഷ്ടിക്കുന്ന ഉത്പാദനപ്രക്രിയയുടെ കേന്ദ്രത്തില്‍ തങ്ങളാണെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് മറ്റുള്ളവര്‍ക്കാണെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. നവലിബറല്‍ സാമ്പത്തിക നയങ്ങളും വിപണികേന്ദ്രീകൃത വികസന മാതൃകകളും തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.

വ്യവസായത്തിന്റെ വളര്‍ച്ച തൊഴിലാളികളുടെ ജീവിതനിലവാരത്തിലും പ്രതിഫലിക്കണം, തങ്ങളുടെ അധ്വാനത്തിന് അര്‍ഹമായ പ്രതിഫലവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കണം എന്ന ആവശ്യമാണ് ലോകത്തിലെ മറ്റ് തെരുവുകളില്‍ മുഴങ്ങുന്നത് പോലെ ബംഗ്ലാദേശിലെ തെരുവുകളിലും മുഴങ്ങുന്നത്.

Dool In-Depth: Factory Shutdowns Amid Labour Protests in Bangladesh