ജബല്‍പൂര്‍: വരാനിരിക്കുന്ന 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തുനിന്ന് പൂര്‍ണമായി തുടച്ചുനീക്കപ്പെടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ബി.ജെ.പി സംഘടിപ്പിച്ച ‘ലോക്തന്ത്ര ബച്ചാവോ, അരാജകത ഹഠാവോ’ (ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം തുരത്തുക) പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ 80 ശതമാനം ഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ഇതിനകം തന്നെ പുറത്തായിക്കഴിഞ്ഞുവെന്ന് മോഹന്‍ യാദവ് അവകാശപ്പെട്ടു. നിലവില്‍ അവശേഷിക്കുന്ന 20 ശതമാനം സ്വാധീനം കൂടി 2029-ലെ പൊതുതെരഞ്ഞെടുപ്പോടെ ഇല്ലാതാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിച്ചേല്‍പ്പിച്ച 1975-ലെ അടിയന്തരാവസ്ഥയെ പരാമര്‍ശിച്ച അദ്ദേഹം, അടിയന്തരാവസ്ഥ ജനാധിപത്യ മൂല്യങ്ങള്‍ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമായിരുന്നുവെന്നും ജനാധിപത്യത്തെ തകര്‍ത്ത പാരമ്പര്യമുള്ളവരാണ് ഇപ്പോള്‍ ജനാധിപത്യ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വിജയം സുരക്ഷിതമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും സമ്മേളനത്തില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
Content Highlight: By 2029, the Congress will be completely wiped out from the country; Modi will return to power: Madhya Pradesh Chief Minister
