കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ സമരം ചെയ്തതിന് സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ സിസ തോമസ് നല്കിയ ഹൈക്കോടതി അപ്പീല്‍ ഡിവിഷന് ബെഞ്ച് അനുവദിച്ചു.
മതിയായ ഹാജരില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാനാകില്ലെന്നായിരുന്നു വി.സിയുടെ വാദം.
സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കെരുതെന്ന സര്‍വകലാശാലയുടെ നിലപാടിനെതിരെ എസ്.എഫ്.ഐ നിരാഹാര സമരംപ്രഖ്യാപിച്ചിരുന്നു. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ നിരുപാധികം തിരിച്ചെടുക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
ക്യാമ്പസിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വി.സിയുടെ പ്രതീകാത്മക ശവമഞ്ചം ഒരുക്കി നാടകം കളിച്ചെന്ന് ആരോപിച്ചാണ് സര്‍വകലാശാല നടപടിയെടുത്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിട്ട് 63 ദിവസമായി.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ രജിസ്ട്രേഷനും ഫീസടക്കാനും അനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് തിങ്കളാഴ്ച ഡിവിഷന് ബെഞ്ചില്‍ സര്‍വ്വകലാശാല അപ്പീല്‍ നല്‍കിയത്.
ചരിത്രത്തിലാദ്യമായാണ് സ്വന്തം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തടയാന്‍ ഒരു സര്‍വ്വകലാശാല തന്നെ കോടതിയെ സമീപിക്കുന്നത്.
നവംബര്‍ നാലിന് പരീക്ഷ ആരംഭിക്കാനിരിക്കെ, ഒക്ടോബര്‍ 30നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 31നകം എക്സാം രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനും ഫീസടക്കാനുമുള്ള സൗകര്യങ്ങള്‍ സര്‍വ്വകലാശാല ഒരുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
Content Highlight: Suspended students cannot appear for examinations; Kalady University’s appeal division bench grants permission
