തിരുവനന്തപുരം: കേരള പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രണ്ട് പുതിയ ഡിജിറ്റല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരിലേക്ക് വേഗത്തില്‍ കൈമാറുന്നതിനും പുതിയ എഫ്.ഐ.ആറുകളുടെയും കുറ്റകൃത്യങ്ങളുടെയും വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുമാണ് എച്ച്.എം ആക്ട്സ് (HM Acts), ഹോംസ് (HOMES) എന്നീ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി നടപടിയെടുക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് എച്ച്.എം ആക്ട്സ്. പരാതിയില്‍ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ പരാതിക്കാരന് അറിയാനും ഇതിലൂടെ കഴിയും. നിലവില്‍ പരാതി നല്‍കിയാല്‍ അതിന്റെ പുരോഗതി അറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും പുതിയ സംവിധാനത്തിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യമായ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആഭ്യന്തര മന്ത്രിക്ക് തത്സമയം ലഭ്യമാക്കുന്നതാണ് ഹോംസ് പദ്ധതി. ഇതിനായി പ്രത്യേക ഡാഷ്ബോര്‍ഡ് ഒരുക്കും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഭ്യന്തര വകുപ്പിനും മന്ത്രിക്കും ഇതിലൂടെ നിരീക്ഷിക്കാനാകും. എന്നാല്‍ അന്വേഷണ നടപടികളില്‍ ഇടപെടാന്‍ ഈ സംവിധാനം ഉപയോഗിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തില്ല. രഹസ്യസ്വഭാവം സംരക്ഷിച്ചുകൊണ്ട് ആവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

കേരള പൊലീസിലെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (CCTNS) വിഭാഗമാണ് പദ്ധതികള്‍ക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഇതിനായി സര്‍ക്കാരിന് അധിക സാമ്പത്തിക ചെലവുണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.