മലയാളി താരം സഞ്ജു സാംസണുമായി ലോകകപ്പ് സമയങ്ങളിൽ നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയുമായി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. 2026 ഐ.സി.സി ടി-20 ലോകകപ്പ് ഇന്ത്യ നേടിയതിന് ശേഷം സഞ്ജു സാംസൺ സച്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് ആയിരുന്നു റെഡിറ്റിൽ ‘Ask Me Anything’ സെക്ഷനിലാണ് സച്ചിന് ചോദ്യം നേരിടേണ്ടി വന്നത്.
‘കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ നിങ്ങളുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും ടി-20 ലോകകപ്പിനിടെ ഏറെനേരം സംസാരിച്ചുവെന്നും സഞ്ജു പറഞ്ഞിരുന്നു. നിങ്ങൾ അവനോട് എന്താണ് സംസാരിച്ചത്? എന്നായിരുന്നു ചോദ്യം.
എന്നാൽ ഈ ചോദ്യത്തിന് സച്ചിൻ വളരെ രസകരമായാണ് മറുപടി പറഞ്ഞത്. ‘ഗോ എവേ ബോയ്, ദിനേശ്!’ (നീ പോ മോനെ ദിനേശാ) എന്നായിരുന്നു സച്ചിന്റെ മറുപടി. സഞ്ജുവുമായി നടത്തിയ സംഭാഷണം രഹസ്യമായി സൂക്ഷിക്കുന്നതിനായി തമാശ രൂപേണയാണ് സച്ചിൻ മറുപടി നൽകിയത്. സച്ചിന്റെ ഈ മറുപടി വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

2026 ടി-20 ലോകകപ്പ് സ്വന്തമാക്കിയതിന് ശേഷം മോശം ഫോമിൽ നിന്നും തന്നെ കരകയറ്റിയത് സച്ചിന്റെ തുടർച്ചയായ മോട്ടിവേഷനും ഉപദേശങ്ങളുമാണെന്നായിരുന്നു സഞ്ജു തുറന്നുപറഞ്ഞിരുന്നത്. ലോകകപ്പിന് മുമ്പുള്ള ന്യൂസിലാൻഡ് പരമ്പര കഴിഞ്ഞപ്പോൾ താൻ തകർന്നുപോയിരുന്നെന്നും സഞ്ജു പറഞ്ഞു.
‘ഇതൊരു സ്വപ്നം കാണുന്നത് പോലെയാണ്. 2024 ലോകകപ്പിലും ഞാൻ ഉണ്ടായിരുന്നു പക്ഷെ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ വീണ്ടും വീണ്ടും സ്വപ്നങ്ങൾ കണ്ടു. അതിനു വേണ്ടി വീണ്ടും വീണ്ടും പരിശീലനം നടത്തി പിന്നീട് കുറെയേറെ ഉയർച്ചകളും താഴ്ചകളും ഉണ്ടായി. കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പര കഴിഞ്ഞപ്പോൾ ഞാൻ തകർന്നിരുന്നു.
എന്റെ ചിന്തകൾ പോലും എന്റെ നിയന്ത്രണത്തിൽ നിന്നും നഷ്ടപെട്ടു പോയിരുന്നു. എന്നെ ആ തകർച്ചയിൽ നിന്നും കരകയറ്റിയത് ഒരാൾ ആണ്. അദ്ദേഹത്തിന്റെ തുടർച്ചയായ മോട്ടിവേഷനും ഉപദേശങ്ങളുമാണ് എനിക്ക് വീണ്ടും പൊരുതാൻ ഉള്ള ഊർജം തന്നത്….കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാൻ സച്ചിൻ സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞാൻ അദ്ദേഹത്തെ സമീപിച്ചു, അദ്ദേഹവുമായി വലിയ സംഭാഷണങ്ങൾ നടത്തി. അദ്ദേഹത്തെപ്പോലുള്ള ഒരാളിൽ നിന്ന് മാർഗനിർദേശം ലഭിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് എന്താണ് വേണ്ടത്,’ സഞ്ജു പറഞ്ഞു.
2026 ഐ.സി.സി ടി-20 വേൾഡ് കപ്പിൽ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന സഞ്ജു, നിർണായക ഘട്ടത്തിൽ ടീമിലെത്തിയപ്പോൾ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പർ 8ൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ നേടിയ 97* റൺസ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

പിന്നീട് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലിൽ ന്യൂസിലാൻഡിനെതിരെ 89* റൺസ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാർച്ച് മാസത്തിലെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയതും സഞ്ജുവായിരുന്നു.
Content Highlight: Sachin Tendulkar gives an interesting answer to a question about his private conversation with Sanju Samson during the World Cup
