ന്യൂദല്‍ഹി: സമരങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ അനിശ്ചിതകാലത്തേക്ക് കൈയ്യടക്കി വെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീംകോടതി. മറ്റ് സംഘങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുംവിധം നിശ്ചിത കാലയളവിലേക്ക് മാത്രമേ ഇത്തരം സ്ഥലങ്ങള്‍ ഉപയോഗിക്കാവൂ എന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ സമരം നടത്തുന്നതിന് കൃത്യമായ സമയപരിധി ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മാസം ദല്‍ഹിയിലെ ജന്തര്‍ മന്തറിലും തുടര്‍ന്ന് രാംലീല മൈതാനത്തും പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച്.
പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ജന്തര്‍ മന്തറിന് നല്‍കിയിരുന്ന സമരസ്ഥലം എന്ന പദവി സര്‍ക്കാര്‍ എടുത്തുമാറ്റുകയും, രാംലീല മൈതാനം ഉള്‍പ്പെടെയുള്ള മൂന്ന് ബദല്‍ സ്ഥലങ്ങള്‍ ഇതിനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സമരത്തിന് ആഹ്വാനം ചെയ്യുന്നവര്‍, തങ്ങളുടെ നടപടികള്‍ മൂലം ഉണ്ടാകുന്ന ഏത് പ്രത്യാഘാതങ്ങള്‍ക്കും ഉത്തരവാദികളായിരിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത സുപ്രീം കോടതിയില്‍ പറഞ്ഞു.
‘ഒരു സ്ഥലം എക്കാലത്തേക്കുമായി കൈയടക്കി വെക്കാന്‍ കഴിയില്ല. മറ്റ് പ്രതിഷേധക്കാരും ഉണ്ടാകാം. കര്‍ഷകരോ അഭിഭാഷകരോ എവിടെ പോകും? എല്ലാവര്ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്,’ എന്ന് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. ഉത്സവ സീസണുകളില്‍ പ്രതിഷേധങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ നല്കിയ ഹര്‍ജിയില്‍, കേന്ദ്ര സര്‍ക്കാരിനോടും മറ്റ് കക്ഷികളോടും കോടതി മറുപടി തേടി.
ജൂലൈയിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) പ്രതിഷേധത്തിന് ഒരു ദിവസത്തേക്കാണ് അനുമതി നല്‍കിയിരുന്നതെന്നും എന്നാല്‍ അവരത് 17 ദിവസം തുടര്‍ന്നെന്നും തുഷാര്‍ മേഹ്ത പറഞ്ഞു. അത് മാത്രമല്ല അവര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക കൂടി ചെയ്തെന്നും മേഹ്ത സുപ്രീം കോടതിയെ അറിയിച്ചു.
പ്രതിഷേധം മൂലം 2,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് വ്യാപാരികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി വാദിച്ചു. പ്രതിഷേധത്തിനുള്ള നിശ്ചിത സ്ഥലമായ രാംലീല മൈതാനത്തിന്റെ ഒരു മൈല്‍ പരിധിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഡല്‍ഹിക്കും മറ്റ് സംസ്ഥാന തലസ്ഥാനങ്ങള്ക്കുമായി സര്‍ക്കാര്‍ ഒരു പദ്ധതി ആലോചിക്കണമെന്നും ആവശ്യപ്പെട്ടു. ഉത്സവകാലത്തെ നഷ്ടം വലുതാണെന്നും പറഞ്ഞു.
എന്നാല്‍ വില്പന കുറഞ്ഞതിന് പ്രതിഷേധക്കാര്‍ മാത്രമാണോ കാരണമെന്ന് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. സമ്പദ്വ്യവസ്ഥയുടെ സ്ഥിതിയും തെരുവുകളിലെ ബാരിക്കേഡുകളും കാരണമാകാമെന്നും കടകള്‍ അടപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.
പ്രതിഷേധക്കാരാണ് കടകള്‍ അടപ്പിച്ചതെന്നായിരുന്നു മേത്തയുടെ മറുപടി. രാംലീല മൈതാനം വിജ്ഞാപനം ചെയ്ത സ്ഥലമാണെന്നും ജന്തര്‍ മന്തര്‍ മാറ്റിയെന്നും ഇനി എവിടെ പ്രതിഷേധിക്കുമെന്നും മുതിര്‍ന്ന അഭിഭാഷകന് എന്‍. ഹരിഹരന് ചോദിച്ചു.
Content Highlight: One cannot occupy protest site for all time, says Supreme Court
