കോളിവുഡിലെ താര സഹോദരന്മാരാണ് സൂര്യയും കാര്‍ത്തിയും. പഴയകാല നടന്‍ ശിവകുമാറിന്റെ മക്കളായ ഇരുവരും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനില്‍ അധികം ഒന്നിച്ചിട്ടില്ലെങ്കിലും ഓഫ് സ്‌ക്രീനില്‍ രണ്ട് പേരുടെയും കെമിസ്ട്രി അപാരമാണ്. പരസ്പരം നല്‍കുന്ന ബഹുമാനം ആരാധകരെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

രണ്ട് പേരുടെയും സിനിമകള്‍ക്ക് യാതൊരു മടിയും കൂടാതെ ഇരുവരും പ്രൊമോഷനും നല്‍കാറുണ്ട്. സൂര്യയുടെ പുതിയ ചിത്രം സീനിന്റെ ഓഡിയോ ലോഞ്ചില്‍ കാര്‍ത്തിയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ സൂര്യയുടെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് കാര്‍ത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

‘അണ്ണന്റെ സിനിമകളെല്ലാം ആദ്യ ദിവസം തന്നെ കാണുന്നയാളാണ് ഞാന്‍. നേര്‍ക്ക് നേര്‍ തൊട്ട് ആ ശീലമുണ്ട്. നല്ല നടനാണെന്ന് ആദ്യമേ തെളിയിച്ചെങ്കിലും തിയേറ്ററില്‍ എല്ലാവരും ആഘോഷിക്കുന്ന പടങ്ങളൊന്നും അണ്ണന്റേതായി വന്നിട്ടില്ല. അങ്ങനെയൊരു പടം കിട്ടുമോ എന്ന് കാത്തിരുന്നപ്പോഴാണ് കാക്ക കാക്ക റിലീസാകുന്നത്. പടത്തിന്റെ തുടക്കം തന്നെ വെടികൊണ്ട് വെള്ളത്തില്‍ വീഴുന്ന നായകനെയാണ് കാണിക്കുന്നത്.

‘മായാ’ എന്ന് വിളിച്ച് ബോധം വന്ന ശേഷം ഫ്‌ളാഷ്ബാക്കും ‘ഉയിരിന്‍ ഉയിരേ’ എന്ന പാട്ടും. പിന്നെ അന്‍ബുസെല്‍വന്റെ മാസ് ഇന്‍ട്രോ, ആസിഡ് സീന്‍, ലവ് പ്രൊപ്പോസല്‍ സീന്‍. തിയേറ്ററില്‍ കൈയടിയുടെ ബഹളമായിരുന്നു. അതേ വര്‍ഷം തന്നെയാണ് പിതാമകനും എത്തുന്നത്. റിയല്‍ ലൈഫില്‍ അധികം സംസാരിക്കാത്ത മനുഷ്യന്‍ ആ സിനിമയില്‍ സംസാരം നിര്‍ത്തുന്നതേയില്ല.

 

ഞാന്‍ അത് കണ്ട് വണ്ടറടിച്ചു. ആ സമയത്താണ് മണിരത്‌നം സാറിന്റെയടുത്ത് ഞാന്‍ അസിസ്റ്റന്റാകുന്നത്. ആയുത എഴുത്ത് എന്ന പടത്തില്‍ മൈക്കള്‍ വസന്ത് എന്ന സ്റ്റുഡന്റ്‌സ് ലീഡറായും അണ്ണന്‍ ഞെട്ടിച്ചു,’ കാര്‍ത്തി പറഞ്ഞു.

ഒരു വര്‍ഷത്തില്‍ മൂന്ന് സിനിമ ചെയ്തത് ആ സമയത്തായിരുന്നെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും അതുപോലെ ആവര്‍ത്തിക്കുകയാണെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. കറുപ്പ് എന്ന സിനിമ തിയേറ്ററില്‍ ആഘോഷമായി മാറിയെന്നും വിശ്വനാഥ് ആന്‍ഡ് സണ്‍സ് പഴയ സഞ്ജയ് രാമസാമിയെ തിരിച്ചുതന്നെന്നും താരം പറയുന്നു. സീനിലും സൂര്യ ഞെട്ടിക്കുമെന്നും കാര്‍ത്തി പറഞ്ഞു.

‘ഈ സിനിമയില്‍ ഞാന്‍ വെപ്പണ്‍ സപ്ലയറാണ്. കേരളത്തില്‍ നിന്ന് ഒരു ടീം വരുന്നുണ്ട്. അവര്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ സര്‍ദാറിലെ അസിസ്റ്റന്റ് നവീനെ ഇവര്‍ക്ക് കൊടുത്തു. അവന്‍ ഇതിലെ കോ ഡയറക്ടറാണ്. അതുപോലെ പരിതാപങ്ങളിലെ ദ്രാവിഡിനെയും ഇതിലേക്ക് കൊണ്ടുവന്നു. അവരെല്ലാവരും കലക്കുമെന്ന് ഉറപ്പാണ്,’ കാര്‍ത്തി പറയുന്നു.

Content Highlight: Karthi shares the theatre experience of Kaakha Kaakha movie