ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുകയാണ് നമിത് മല്‍ഹോത്രയുടെ രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിന് തയാറെടുക്കുകയാണ്. 15000 കോടിക്കടുത്താണ് ആദ്യഭാഗത്തിനായി നിര്‍മാതാക്കള്‍ ചെലവഴിച്ചത്. നോര്‍ത്ത് ഇന്ത്യയിലൊഴികെ മറ്റിടങ്ങളില്‍ രാമായണക്ക് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

വലിയ ബജറ്റായതിനാല്‍ ചിത്രം ലാഭമാകണമെങ്കില്‍ 2800 കോടിയോളമാണ് ആവശ്യം. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ തന്ന കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് തടയാന്‍ ബോംബേ ഹൈക്കോടതി ഡൈനാമിക് ഇന്‍ജങ്ഷന്‍ പുറപ്പെടുവിച്ചതാണ് സിനിമാലോകത്തെ പുതിയ വാര്‍ത്ത.

ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന ലിങ്കുകളും വെബ്‌സൈറ്റുകള്‍ക്കും വിലക്ക് പുറപ്പെടുവിക്കുമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഇതേ ലിങ്ക് വീണ്ടും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആജീവനാന്തം ആ സൈറ്റിനെ വിലക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അധികാരം നല്‍കുന്നതാണ് ഡൈനാമിക് ഇന്‍ജങ്ഷന്‍.

എന്നാല്‍ വ്യാജ പതിപ്പ് മാത്രമല്ല, ചിത്രം ഡീഗ്രേഡ് ചെയ്യാനായി ഏതെങ്കിലും തിയേറ്റര്‍ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാലും അണിയറപ്രവര്‍ത്തകര്‍ക്ക് ഇടപെടാന്‍ സാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തിയേറ്റര്‍ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യുന്ന ഐ.ഡി ഇല്ലാതാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകള്‍ ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ ഈ ഡൈനാമിക് ഇന്‍ജങ്ഷന്‍ ഉപയോഗിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

രാമായണത്തെ ആസ്പദമാക്കി മുമ്പ് പുറത്തുവന്ന ആദിപുരുഷിന് ആദ്യ ഷോയ്ക്ക് പിന്നാലെ വന്‍ നെഗറ്റീവ് റെസ്‌പോണ്‍സായിരുന്നു ലഭിച്ചത്. ചിത്രത്തിലെ പല രംഗങ്ങളും ആദ്യദിനം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇത്തരം അവസ്ഥ തങ്ങള്‍ക്ക് വരാതിരിക്കാന്‍ നമിത് മല്‍ഹോത്രയും കൂട്ടരും നടത്തുന്ന ശ്രമമാണ് ഇതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

റിലീസിന് രണ്ടാഴ്ച മുന്നേ ബുക്കിങ് ആരംഭിച്ചിട്ടും ആകെ 52 കോടി മാത്രമാണ് രാമായണക്ക് ഇതുവരെ നേടാനായത്. അനൗണ്‍സ്‌മെന്റ് സമയത്തെ ഹൈപ്പ് പിന്നീട് വന്ന അപ്‌ഡേറ്റുകള്‍ക്ക് നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ഹെവി പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ദുരന്തമായി രാമായണ മാറിയേക്കും.

Content Highlight: Bombay High Court grants Dynamic Injunction for Ramayana movie