മമ്മൂട്ടി, നയൻതാര, ശാരദ, ബാലചന്ദ്രമേനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘രാപ്പകൽ’. 2005ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് കമലായിരുന്നു. ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു ചിത്രീകരണ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ കമൽ. സിനിമയിൽ നയൻതാരയ്ക്ക് ആനപ്പുറത്ത് കയറുന്ന രംഗമുണ്ടായിരുന്നുവെന്നും എന്നാൽ ആദ്യം അതിന് നടിക്ക് പേടിയായിരുന്നുവെന്നും അദ്ദേഹം പോർട്രയൽ ബൈ ഗദ്ധാഫിക്ക് നൽകിയ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

‘ആദ്യം നയൻതാരയോട് ആനപ്പുറത്ത് കയറാൻ പറഞ്ഞപ്പോൾ ‘അയ്യോ, എനിക്ക് ആനപ്പുറത്ത് കയറാൻ പേടിയാണ്’ എന്നായിരുന്നു മറുപടി. അപ്പോൾ കുഴപ്പമൊന്നുമില്ലാത്ത ആനയാണെന്ന് പറഞ്ഞു. അത് ജയറാമിന്റെ ആനയായിരുന്നു. ജയറാമിനെ വിളിച്ചാണ് ആനയെ കൊണ്ടുവന്നത്. ഭയങ്കര സൈലന്റായ ആനയായിരുന്നു. കുറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആനയാണെന്നൊക്കെ നയൻതാരയോട് പറഞ്ഞിരുന്നു,’ കമൽ വ്യക്തമാക്കി.

രാപ്പകൽ. Photo. IMDb

ആനയെ അടുത്തറിയാനും പേടി മാറ്റാനുമായി ആദ്യം അതിനെ തൊട്ടുതലോടാനും പഴം കൊടുക്കാനുമൊക്കെ നയൻതാരയോട് ആവശ്യപ്പെട്ടു. പാപ്പാന്റെ സഹായത്തോടെ രണ്ടുമൂന്ന് തവണ പഴം കൊടുത്തതോടെ നടിക്ക് ആത്മവിശ്വാസം ലഭിച്ചു. അതോടെ ആനയെ പേടിക്കേണ്ടതില്ലെന്ന ബോധ്യം നയൻതാരയ്ക്കും വന്നു. പിന്നീട് ചിത്രത്തിലെ രംഗങ്ങൾ ചെയ്യാൻ നടിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും കമൽ പറഞ്ഞു.

എന്നാൽ ആനപ്പുറത്ത് കയറുന്നതിന് മറ്റൊരു പ്രായോഗിക ബുദ്ധിമുട്ടുകൂടിയുണ്ടായിരുന്നു. നയൻതാരയ്ക്ക് കാലുവെച്ച് നേരിട്ട് ആനപ്പുറത്തേക്ക് കയറാൻ സാധിച്ചിരുന്നില്ല. അതിനായി ഏണി ഉപയോഗിക്കേണ്ടിവന്നു. ഷോട്ട് എടുക്കുന്നതിന് മുമ്പ് ഏണി വെച്ചുകൊടുത്ത് നയൻതാരയെ ആനപ്പുറത്ത് കയറ്റും. ചിത്രീകരണം തുടങ്ങുമ്പോൾ ഏണി മാറ്റും. ഷോട്ട് പൂർത്തിയായിക്കഴിഞ്ഞാൽ വീണ്ടും ഏണി വെച്ചാണ് നടിയെ താഴെയിറക്കിയിരുന്നതെന്നും കമൽ കൂട്ടിച്ചേർത്തു.

‘അവൾക്ക് കാലുവെച്ച് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഏണിയൊക്കെ വെച്ചിട്ടാണ് ആനപ്പുറത്ത് കയറ്റിയത്. കയറാൻ വേണ്ടി ഏണി വെച്ചുകൊടുക്കും. ഷോട്ട് എടുക്കുമ്പോൾ അത് മാറ്റും. ഷോട്ട് കഴിഞ്ഞാൽ വീണ്ടും ഏണി വെച്ചുകൊടുത്താണ് ഇറക്കിയിരുന്നത്. സിനിമയിലും നയൻതാരയെ ഇറക്കുന്നതും ഏണി ഉപയോഗിച്ചായിരുന്നു,’ കമൽ പറഞ്ഞു.

നയൻതാരയെ ‘രാപ്പകൽ’ സിനിമയിലേക്ക് ക്ഷണിച്ചപ്പോഴുള്ള അനുഭവവും സംവിധായകൻ പങ്കുവെച്ചു. ചിത്രത്തിലെ കഥാപാത്രം ഗ്ലാമറിന് കൂടുതൽ പ്രാധാന്യമുള്ള വേഷമല്ലെന്നും കുറച്ചുകൂടി സാധാരണമായ വേഷമാണെന്നും ആദ്യം തന്നെ നടിയോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നയൻതാരയ്ക്ക് പ്രത്യേകിച്ച് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നുവെന്നും കമൽ പറഞ്ഞു.

രാപ്പകൽ. Photo. IMDb

‘നയൻതാരയെ ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ തന്നെ ഇങ്ങനെയൊരു വേഷമാണെന്നും ഗ്ലാമർ കുറച്ചുള്ള കഥാപാത്രമാണെന്നും ഞാൻ പറഞ്ഞിരുന്നു. പക്ഷേ അവർ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അഭിനയിക്കാം എന്നാണ് പറഞ്ഞത്. അന്ന് സിനിമയിലെ നായികമാർ ഇന്നത്തെപ്പോലെ അത്രത്തോളം കഥാപാത്രങ്ങൾ തെരഞ്ഞെടുത്തിരുന്നില്ലെന്നും സിനിമയുടെ സുവർണകാലമായിരുന്നു അന്ന്,’ കമൽ കൂട്ടിച്ചേർത്തു.

Content Highlight: Director Kamal opens up about Nayanthara in the film ‘Raappakal’