ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് നമീബിയ. അയർലാൻഡിനെ അട്ടിമറിച്ചുകൊണ്ട് ഏകദിന പരമ്പര കൈപ്പിടിയിലാക്കിയാണ് നമീബീയ കരുത്തുകാട്ടിയത്. ചരിത്രത്തിൽ ആദ്യമായാണ് ഐ.സി.സിയുടെ ഒരു ഫുൾ മെമ്പർ രാജ്യത്തിനെതിരെ നമീബിയ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2നാണ് നമീബിയ സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കായിരുന്നു ഐറിഷ് പടയെ നമീബിയ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 129 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയ 21.2 ഓവറിൽ ലക്ഷ്യം അനായാസമായി മറികടന്നു.

നാല് വിക്കറ്റുകൾ വീഴ്ത്തിയ ജെ.ജെ സ്മിത്ത്, മൂന്ന് വിക്കറ്റുകൾ നേടിയ ജാക്ക് ബ്രാസെൽ എന്നിവരാണ് അയർലാൻഡിനെ തകർത്തത്. റൂബൻ ട്രംപൽമാൻ, മാക്സ് ഹെയ്ംഗോ, വില്ലെം പീറ്റർ മൈബർഗ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി ഐറിഷ് ടീമിന്റെ പതനം പൂർത്തിയാക്കി.

25 പന്തുകളിൽ നിന്നും 33 റൺസ് നേടിയ ജോർദാൻ നീൽ ആണ് അയർലാൻഡിന്റെ ടോപ് സ്‌കോറർ.

നമീബിയക്ക് വേണ്ടി ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയത് ലോറൻ സ്റ്റീൻകാംപ് ആണ്. 44 പന്തുകളിൽ നിന്നും 44 റൺസാണ് താരം നേടിയത്. ആറ് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് 18 പന്തിൽ 30 റൺസും നേടി ചരിത്ര വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

അതേസമയം ഈ വർഷം ഓഗസ്റ്റിൽ നടന്ന ടി-20ൽ സൗത്ത് ആഫ്രിക്കയെയും നമീബിയ അട്ടിമറിച്ചിരുന്നു. 18 റൺസിനാണ് സൗത്ത് ആഫ്രിക്കയെ നമീബിയ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കൻ ഇന്നിങ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ അവസാനിക്കുകയായിരുന്നു. ടി-20യിൽ പ്രോട്ടിയാസിനെതിരെയുള്ള നമീബിയയുടെ രണ്ടാമത്തെ വിജയമായിരുന്നു ഇത്. കഴിഞ്ഞ വർഷം നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ നാല് റൺസിനായിരുന്നു നമീബിയയുടെ ആദ്യ വിജയം.

ഈ വിജയത്തോടെ ടി-20യിൽ സൗത്ത് ആഫ്രിക്കയെ രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ അസോസിയേറ്റ് ടീമായി മാറാനും നമീബിയക്ക് സാധിച്ചിരുന്നു.

 

Content Highlight: Namibia cricket team create a new history in ODI format