മറ്റൊരു ക്ലാഷ് റിലീസിനാണ് ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്നത്. ഇത്തവണ രണ്ട് ഇന്ഡസ്ട്രികളിലായാണ് ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതെങ്കിലും സൗത്ത് ഇന്ത്യ വേഴ്സസ് നോര്‍ത്ത് ഇന്ത്യ ക്ലാഷിനാണ് കളമൊരുങ്ങുന്നത്. നിതിഷ് തിവാരി സംവിധാനം ചെയ്ത് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന രാമായണ നവംബര്‍ അഞ്ചിന് റിലീസിനെത്തുമ്പോള്‍ ഒരു ദിവസത്തെ വ്യത്യാസത്തില്‍ നവംബര്‍ ആറിനാണ് മലയാളിയായ ജിത്തു മാധവന് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സീന്‍ തിയേറ്ററുകളിലേക്കെത്തുന്നത്.

രാമായണ. Photo: IMDB
സംവിധായകന് പുറമെ നസ്ലെന്, നസ്രിയ, ലാല്‍ തുടങ്ങി ചിത്രത്തിലെ അണിയറപ്രവര്‍ത്തകരെല്ലാം മലയാളികളാണെങ്കിലും ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുങ്ങുന്നത്. കറുപ്പിലൂടെ തന്റെ വിജയവഴിയിലേക്ക് തിരിച്ചെത്തിയ സൂര്യ വിശ്വനാഥന് ആന്‍ഡ് സണ്സിലൂടെയും വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. ഇത് തുടരാനുള്ള എല്ലാ തയ്യറെടുപ്പുകളുമായാണ് സൂര്യ സീനിലേക്കെത്തുന്നത്.
4000 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളിലായാണ് നമിത് മല്‍ഹോത്ര നിര്‍മിക്കുന്ന രാമായണ റിലീസിനൊരുങ്ങുന്നത്. രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷും എത്തുന്ന ചിത്രത്തിന് വിദേശത്ത് നടന്ന പ്രീമിയര്‍ ഷോയില്‍ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ ആദ്യഭാഗം വിജയമാകണമെങ്കില്‍ ചുരുങ്ങിയത് മൂവായിരം കോടിയെങ്കിലും ഗ്രോസ് കളക്ഷന്‍ ലഭിക്കേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സീന്‍. Photo: District
ഇപ്പോഴിതാ സിനിമകളെ കുറിച്ചും സിരീസുകളെ കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങള്‍ ലഭിക്കുന്ന ഐ.എം.ഡി.ബിയിലെ ഏറ്റവും കൂടുതല്‍ പേര് കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനം നേടിയിരിക്കുന്നത് സീനാണ്. വോട്ട് ചെയ്തതില്‍ നാല്‍പ്പത് ശതമാനത്തോളം പേര് കാത്തിരിക്കുന്നത് സീനിനായാണ്. രണ്ടാം സ്ഥാനത്തായി 34.04 ശതമാനം ആളുകളാണ് രാമായണയ്ക്കായി കാത്തിരിക്കുന്നത്. വന്‍ ബജറ്റുള്ള ചിത്രമായിട്ടും രാമായണയ്ക്ക് സീന്‍ ക്രിയേറ്റ് ചെയ്ത ഹൈപ്പ് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന വസ്തുത ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
Content Highlight: Scene Movie becomes the most anticipated film surpassing Ramayana
