തമിഴകത്ത് രജിനിയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട അഭിനേതാക്കളാണ് സൂര്യയും വിജയിയും. വലിയ ഫാന്‍ബേസാണ് തമിഴ്‌നാടിന് പുറത്തും ഇരുവര്‍ക്കുമുള്ളത്. കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്ത് സിനിമാ ജീവിതം അവസാനിപ്പിച്ച വിജയ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുകയും തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. മറുവശത്ത് തന്റെ വര്‍ഷങ്ങള്‍ നീണ്ട പരാജയത്തുടര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് കറുപ്പിലൂടെയും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലൂടെയും തിളങ്ങി നില്‍ക്കുകയാണ് സൂര്യ.

സൂര്യയും വിജയിയും. Photo: TOI

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് നവംബര്‍ ആറിന് റിലീസ് ചെയ്യുന്ന സീനാണ് സൂര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ സൂര്യ ആരാധകര്‍ക്ക് സന്തോഷിപ്പിക്കാനുള്ള ഉത്തരവാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ തിയേറ്ററുകളില്‍ ഷോകള്‍ ആരംഭിക്കാം എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ സീനിന് അതിരാവിലെയുള്ള ഫാന്‍സ് ഷോ സംഘടിപ്പിക്കാം എന്ന സന്തോഷത്തിലാണ് സൂര്യ ആരാധകര്‍.

ആറ് മണിയ്ക്കുള്ള ഷോയടക്കം ഒരു ദിവസം ആറ് ഷോ വരെ തിയേറ്റര്‍ ഉടമകള്‍ക്ക് നടത്താന്‍ ഇതോടെ സാധിക്കും. അതിരാവിലെ ഷോകള്‍ നടത്തുമ്പോഴുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു മുന്‍സര്‍ക്കാര്‍ ഇത്തരം ഷോകള്‍ക്കുള്ള അനുമതി നിഷേധിച്ചത്. വമ്പന്‍ ഹൈപ്പിലെത്തിയ ജയിലര്‍ 2വിന് പോലും അനുവദിക്കാത്ത ആറ് മണി ഷോ സൂര്യയുടെ ചിത്രം പുറത്തിറങ്ങുന്നതിന് മുന്നോടിയായി വിജയ് ഗവണ്‍മെന്റ് അനുവദിച്ചതിലുള്ള സന്തോഷത്തിലാണ് സൂര്യ ആരാധകര്‍.

Photo: District

ആദ്യ ദിനത്തില്‍ തന്നെ സീനിന് മികച്ച പ്രതികരണം നേടാനായാല്‍ ഫെസ്റ്റിവല്‍ സീസണ്‍ കണക്കിലെടുത്ത് ചിത്രത്തിന് വലിയ കളക്ഷന്‍ നേടാന്‍ സാധിച്ചേക്കും. സംവിധായകനടക്കം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മലയാളികളായതിനാല്‍ കേരളത്തിലും നൂറ് കോടിയോ അതിന് മുകളിലോ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ തെലുങ്ക്, കന്നഡ ബോക്സ് ഓഫീസിലും നോര്‍ത്തിലും ചിത്രത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം രാമായണ ആയിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പ്രത്യേകതയില്‍ ഒരുങ്ങുന്ന രാമായണ നവംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Tamil Nadu Government approves  6AM show in theatres