ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിനായി ട്രംപ് ഭരണകൂടം കൈവരിച്ചെന്ന് അവകാശപ്പെടുന്ന നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. പിന്നാലെ പോസ്റ്റിന് പരിഹാസരൂപത്തില്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംമ്ദാനി നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു.

2026ലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ന്യൂയോര്‍ക്കില്‍ കൈവരിച്ചെന്ന് അവകാശപ്പെടുന്ന പട്ടിക എക്‌സിലൂടെ പങ്കുവെച്ചത്.

ന്യൂയോര്‍ക്കിനെ സുരക്ഷിതമാക്കിയെന്നും കുടുംബങ്ങള്‍ക്ക് നല്‍കിയ നികുതിയിളവുകള്‍, സംസ്ഥാനത്ത് നടത്തിയ ‘ചരിത്രപരമായ നിക്ഷേപങ്ങള്‍’ തുടങ്ങിയവയാണ് പട്ടികയിലുള്ളത്. ‘ന്യൂയോര്‍ക്ക്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്!’ എന്ന ക്യാപ്ഷനോടെയാണ് വൈസ് പ്രസിഡന്റ് ഇത് പങ്കുവെച്ചത്.

ഇതിനുപിന്നാലെ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി പ്രതികരണവുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഒല്ലി ബീ പങ്കുവെച്ച ഒമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തത്.

2025 ഡിസംബറിലാണ് ഈ വീഡിയോ ആദ്യം പങ്കുവെക്കപ്പെട്ടത്. സുരക്ഷാ ജാക്കറ്റ് ധരിച്ച ഒല്ലി ബീ സബ്‌വേ ട്രെയിന്‍ നിര്‍ത്താന്‍ സഹായിക്കുന്നതും വാതിലുകള്‍ തുറന്ന് യാത്രക്കാരെ അകത്തേക്ക് കയറ്റുകയും വാതിലുകള്‍ അടയ്ക്കുകയും ട്രെയിന്‍ യാത്ര തുടരാന്‍ തള്ളിവിടുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വിശദീകരണങ്ങളൊന്നുമില്ലാതെയാണ് മംദാനി വാന്‍സിന്റെ പോസ്റ്റിന് മറുപടിയായി എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ മംദാനി ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാണ്. പതിവായി ഓടുന്ന ട്രെയിന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ക്രെഡിറ്റ് മറ്റൊരാള്‍ ഏറ്റെടുക്കുന്നത് പോലെയാണ് വാന്‍സിന്റെ അവകാശവാദങ്ങള്‍ എന്ന നിലയിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടത്.

ഇതിന് പുറമെ പോസ്റ്റിലെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് പോസ്റ്റിന് താഴെ കമ്മ്യൂണിറ്റി നോട്ടും പ്രത്യക്ഷപ്പെട്ടു. പട്ടികയിലെ പല കണക്കുകളും ഫെഡറല്‍ സര്‍ക്കാരിന്റെ നേട്ടങ്ങളോ ന്യൂയോര്‍ക്കുമായി മാത്രം ബന്ധപ്പെട്ടവയോ അല്ലെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

472 ബില്യണ്‍ ഡോളറിന്റേതെന്ന് അവകാശപ്പെടുന്ന നിക്ഷേപം ന്യൂയോര്‍ക്കിന്റെ മാത്രമല്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണെന്നും കുറിപ്പ് വിശദീകരിച്ചു. കൊലപാതകങ്ങളില്‍ 48 ശതമാനം കുറവുണ്ടായെന്ന കണക്ക് ന്യൂയോര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ടതാണെന്നും കമ്മ്യൂണിറ്റി നോട്ടില്‍ പറയുന്നു.

Content Highlight: Zohran Mamdani Trolls JD Vance’s New York Boast With A ‘Brutal’ 9-Second Video.