യുവനടന്മാരില് മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്. അതുല്യ കലാകാരന് ശ്രനീവാസന്റെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ധ്യാന്‍ കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019ല്‍ ലൗ ആക്ഷന്‍ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ധ്യാന്‍ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും പരാജയമാണെങ്കിലും ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ നല്കിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് താരം നല്കുന്ന അഭിമുഖങ്ങളിലൂടെ ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന വിളിപ്പേരും ധ്യാന്‍ സ്വന്തമാക്കിയിരുന്നു. ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് താരത്തിന്റെ അഭിമുഖങ്ങള്‍ക്ക് യൂട്യൂബില്‍ കാഴ്ചക്കാരായി ലഭിക്കാറുള്ളത്. ഇത്തരത്തില്‍ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്. Photo: OTT Play
വണ്‍ ടു ടോക്ക്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ചിത്രങ്ങളെ കുറിച്ചും അതിന്റെ നിര്‍മാതാക്കളെ കുറിച്ചും ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ചിത്രങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാനായി ചെയ്യുന്നതാണെന്ന് പലരും പറയാറുണ്ടെന്നും എന്നാല്‍ അതിനുള്ള പണം പോലും ഇത്തരം ചെറിയ ബാനറുകളുടെ ഉടമകളുടെ കൈയില്‍ ഉണ്ടാകാറില്ലെന്നും പറയുകയാണ് ധ്യാന്‍. ഒരു തവണയെങ്കിലും സിനിമ ചെയ്യണം എന്ന ആഗ്രഹത്തിലാണ് പലരും തന്നെ നായകനാക്കി ചിത്രം ചെയ്യാന്‍ വരുന്നതെന്നും താരം പറഞ്ഞു.
‘ഞാന്‍ കഴിഞ്ഞ ദിവസം കണ്ട രണ്ട് മൂന്ന് ചിത്രങ്ങളുടെയെല്ലാം പ്രശ്നം എന്താണെന്ന് വെച്ചാല്‍ ഏത് ലോകത്താണ് ഈ കഥ നടക്കുന്നതെന്ന് മനസിലാക്കാന്‍ പറ്റാത്തതാണ്. ഇവരെല്ലാം എന്താണ് പറയുന്നതെന്ന് എനിക്ക് കണക്ട് ചെയ്യാനോ റിലേറ്റ് ചെയ്യാനോ പറ്റിയിരുന്നില്ല. ഒരു ആനമുട്ട കഥയൊന്നും നമുക്ക് എപ്പോഴും വേണ്ട. എന്റെയടുത്ത് കഥ പറയാന്‍ വരുന്നവരുടെ അടുത്ത് ഞാന്‍ തന്നെ പറയാറുണ്ട് നിങ്ങള്‍ വലിയ സംഭവം ഒന്നും ആലോചിക്കേണ്ടെന്ന്. കാരണം എന്റെയടുത്ത് വരുന്നവരെല്ലാവരും പാവപ്പെട്ടവരാണ്.

ധ്യാന്‍ ശ്രീനിവാസന്. Photo: X.com
കുഞ്ഞുബജറ്റില്‍ ഒരു സിനിമാ മോഹവുമായി വരുന്നവരാണ് വരുന്നവരില്‍ കൂടുതലും. അത് കഴിഞ്ഞാല്‍ അവര്‍ പോകുകയും ചെയ്യും. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ് എന്നെ വെച്ച് സിനിമ എടുക്കാന്‍ വരുന്നതെന്ന് ഒരുപാട് പേര് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എത്രയോ വലിയ ബാനറുകള്‍ ഇവിടെയുണ്ട്, അവരല്ലേ കള്ളപ്പണം വെളുപ്പിക്കേണ്ടത്. നമ്മള് കുഞ്ഞു ബജറ്റില്‍ എന്ത് ചെയ്യാനാണ്. വെളുപ്പിക്കാനാണെങ്കിലും കുറച്ച് പൈസ വേണ്ടേ. വെളുപ്പിക്കാന്‍ ഏറ്റവും എളുപ്പം വലിയ പടങ്ങള്‍ ചെയ്യുന്നതാണ്. എന്നെ വെച്ച് ചെറിയ പടം ചെയ്ത് വെളുപ്പിക്കേണ്ട ഗതികേട് ഏത് കോടീശ്വരനാണ് എന്നാണ് ഞാന്‍ ആലോചിക്കുന്നത്,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan talks about producers of his film
