മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകർ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉർവശിയുടേത്. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉർവശി തന്റെ പതിമൂന്നാം വയസിൽ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
എന്നാൽ ഇപ്പോഴിതാ ലീഡ് റോളുകൾ മാത്രമേ ചെയ്യൂ എന്ന ചിന്ത തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് തുറന്നുപറയുകയാണ് നടി. കഥാപാത്രത്തിന്റെ വലുപ്പത്തേക്കാൾ സിനിമയിലെ അതിന്റെ പ്രാധാന്യമാണ് താൻ പരിഗണിക്കുന്നതെന്നും, ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ തന്റെ സാന്നിധ്യം പരസ്യങ്ങളിൽ നിന്ന് പൂർണമായും മാറ്റിനിർത്തിയിരുന്നുവെന്നും ഉർവശി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ഉർവശി. Photo. Screen Grab/ Youtube
‘ഇങ്ങനെയുള്ള റോളുകൾ മാത്രം ചെയ്യാം എന്നൊന്നും ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല. ലീഡ് റോൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും ചിന്തിക്കാറില്ല. ലീഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഞാൻ വരനെ ആവശ്യമുണ്ട് ചെയ്തത്. അതിൽ എന്റെ പരസ്യമേ കൊടുക്കരുത് എന്ന് ഡിമാൻഡ് ചെയ്തിട്ടാണ് പോയത്. അവസാനം വരെ ഒരു പരസ്യത്തിലും എന്റെ തല പോലും കാണിച്ചിട്ടില്ല. ഞാൻ ഉണ്ടെന്ന് ഒരു പരസ്യത്തിലും ആർക്കും അറിയില്ലായിരുന്നു,’ഉർവശി പറഞ്ഞു.
ഒരുപക്ഷേ ആ സിനിമ വിജയിച്ചില്ലായിരുന്നെങ്കിൽ അതിൽ ഞാൻ ഉണ്ടെന്ന കാര്യം പോലും ആരും അറിയില്ലായിരുന്നു. കാരണം ശോഭന ലീഡായി ചെയ്യുന്ന സിനിമയ്ക്കകത്ത് ഞാൻ ഒരു ഡിസ്ട്രാക്ഷൻ ആകരുത്. ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ വരുന്നതും നോക്കി ആളുകൾ ഇരിക്കും. ഈ തലമുറയിലെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമല്ല ശോഭന അതിൽ ചെയ്തിരിക്കുന്നത് എന്നും ഉർവശി പറഞ്ഞു.
സത്യൻ അന്തിക്കാട് ഒരു കഥാപാത്രത്തെക്കുറിച്ച് വിളിച്ച് പറയുമ്പോൾ അത് നല്ലതായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഉർവശി പറയുന്നു. എന്നാൽ, ചില അഭിനേതാക്കൾക്കൊപ്പം താൻ എത്തുമ്പോൾ അത് അവരുടെ പ്രകടനത്തിന് തടസമാകുമോ എന്ന ചിന്ത ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
‘സത്യേട്ടൻ ഒരു കഥാപാത്രത്തെക്കുറിച്ച് എന്നോട് വിളിച്ചു പറയുമ്പോൾ അത് നല്ലതായിരിക്കും എന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ, ചില ആർട്ടിസ്റ്റുകൾക്കൊപ്പം നമ്മൾ വരുമ്പോൾ അവർ ഡിസ്ട്രാക്ട് ആയി പോകുമോ എന്ന് ചിന്തിച്ചിരുന്ന ഒരു കാലഘട്ടം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിചാരിച്ച് ആ സിനിമ വേണ്ടെന്ന് പലപ്പോഴും പറഞ്ഞുനോക്കിയിട്ടുണ്ട്,’നടി പറഞ്ഞു.
എന്നാൽ, ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിലാണെന്നും താൻ അവിടെ ഫ്രീയാണെന്നും അനൂപ് സത്യൻ അറിയാമായിരുന്നു. വീട്ടിലെത്തി അനൂപ് സിനിമയെക്കുറിച്ച് പറഞ്ഞതോടെയാണ് താൻ അഭിനയിക്കാൻ സമ്മതിച്ചതെന്നും താരം വ്യക്തമാക്കി.

വരനെ ആവശ്യമുണ്ട്. Photo. IMDb
‘പക്ഷേ, അത് അനൂപിന്റെ ഭാഗ്യമാണോ എന്റെ ഭാഗ്യമാണോ എന്നറിയില്ല, ഷൂട്ട് ചെന്നൈയിലായിരുന്നു. ഞാൻ അവിടെ ഫ്രീയാണെന്ന് അവന് അറിയാമായിരുന്നു. അവൻ വീട്ടിൽ വന്ന് പറഞ്ഞപ്പോൾ എനിക്ക് പിന്നെ നോ പറയാൻ പറ്റിയില്ല. എന്റെ സൗകര്യത്തിന് അവിടെ പോയി അഭിനയിച്ചു. ആകെ ഒന്നര ദിവസമാണ് അഭിനയിച്ചത്. പക്ഷേ അത് ഭയങ്കരമായി വൈറലായി. ശോഭനയും അത് വളരെ നല്ല രീതിയിൽ എടുത്തു. അതുകൊണ്ട് ഇപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് കുറച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു,’ ഉർവശി പറഞ്ഞു.
Content Highlight: Actress urvasi talks about ‘Varane avashyamund’
