മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് തെലുങ്കിലും തമിഴിലും ഹിന്ദിയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തെലുങ്കില്‍ വലിയ ഫാന്‍ ബേസുണ്ടാക്കിയെടുത്ത താരം ഏകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയായിരുന്നു മലയാള സിനിമയില്‍ നിന്നും എടുത്തത്. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം.

ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി നഹാസ് സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. നേരത്തേ ഓണത്തിന് ബെത്‌ലഹേമിനും ഐ ആം ഗെയ്മിനും ഒപ്പം ക്ലാഷായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരമാനിച്ചതെങ്കിലും സെപ്റ്റംബര്‍ മൂന്നിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു.

ആകാശം ലോ ഒക്കത്താര. Photo: X.com

എന്നാല്‍ പ്രതീക്ഷിച്ച പോലെ ഐ ആം ഗെയ്മിന് തിയേറ്ററുകളില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. തെലുങ്ക്, തമിഴ് ബോക്‌സ് ഓഫീസില്‍ നിന്നുമുള്ള കളക്ഷനടക്കം ചിത്രം ഇതേവരെ നേടിയത് 47 കോടി മാത്രമാണ്. നാളെ (വെള്ളി) ഒട്ടനവധി ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്താനിരിക്കുന്ന സാഹചര്യത്തില്‍ ഐ ആം ഗെയ്മിന്റെ തിയേറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോഴിതാ തെലുങ്കില്‍ മറ്റൊരു പ്രൊമിസിങ് പ്രൊജക്ടുമായി റിലീസിനൊരുങ്ങുകയാണ് ദുല്‍ഖര്‍. ദുല്‍ഖറിനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന ആകാശംലോ ഒക്കത്താര നവംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുമെന്ന വാര്‍ത്തയാണ് സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ഇന്ത്യന്‍ തലത്തിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. പുതുമുഖമായ സാത്വിക വീരവല്ലിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആകാശം ലോ ഒക്കത്താര. Photo: X.com

കല്‍ക്കി 2898എ.ഡി, സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ ദുല്‍ഖറിന്റെ മറ്റൊരു ടോളിവുഡ് ഹിറ്റായിരിക്കും ചിത്രമെന്ന് പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തിന് ശേഷം പൂജ ഹെഗ്‌ഡെ നായികയാകുന്ന ശ്രീ ശ്രീ എന്ന പ്രൊജക്ടും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlight: Dulquer Salmaan starring Telegu film all set for release