മലയാള സിനിമയ്ക്ക് രണ്ട് വലിയ വിജയചിത്രങ്ങള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ഭാവന സ്റ്റുഡിയോസ്. കലാകാരന്മാരായ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പ്രേമലുവും കഴിഞ്ഞ മാസം പുറത്തിറങ്ങി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റും അടക്കം മികച്ച ചിത്രങ്ങളാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഗിരീഷ് എ.ഡിയ്‌ക്കൊപ്പം ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഗോളതലത്തില്‍ 300 കോടിയും പിന്നിട്ട് വന്‍ കുതിപ്പാണ് ബോക്‌സ് ഓഫീസില്‍ നടത്തുന്നത്.

പിക്‌നിക്. Photo: Bhavana Studios/ X.com

ഇപ്പോഴിതാ ബെത്‌ലഹേമിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ തങ്ങളുടെ ബാനറില്‍ പുറത്തിറങ്ങുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. ബെത്‌ലഹേം കുടുംബ യൂണിറ്റ്, പ്രേമലു എന്നീ ചിത്രങ്ങളുടെ സഹതിരക്കഥാകൃത്തായ കിരണ്‍ ജോസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിക്‌നിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യുവനടനായ സന്ദീപ് പ്രദീപിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കൊണ്ട് ഭാവനസ്റ്റുഡിയോസാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കിരണ്‍ ജോസിയും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്. എഡിറ്ററായി സനത് ശിവരാജും കലാസംവിധായകനായി വിവേക് കളത്തിലും അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യയില്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട് 135 കോടിയിലധികം സ്വന്തമാക്കിയ പ്രേമലുവിനും റോം-കോം എന്റര്‍ടെയിനറായെത്തി 300 കോടിയിലധികം സ്വന്തമാക്കിയ ബെത്‌ലഹേമിനും ശേഷം മറ്റൊരു ചിത്രവുമായി ഭാവന സ്റ്റുഡിയോസ് എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ചെറുതല്ല. മറ്റൊരു മികച്ച എന്റര്‍ടെയിനര്‍ തന്നെയായിരിക്കും മലയാളത്തിന് ലഭിക്കുക എന്ന ശുഭപ്രതീക്ഷയിലാണ് സിനിമാലോകം.

Content Highlight: Bhavana Studio announces their new movie Picnic directed by Kiran Josey