തമിഴില്‍ വലിയ ആരാധക പിന്തുണയുള്ള താരസഹോദരന്മാരാണ് സൂര്യയും കാര്‍ത്തിയും. വിമര്‍ശനങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചാണ് സൂര്യ മികച്ച നടനായതെങ്കില്‍ ആദ്യ സിനിമയിലൂടെ ഗംഭീര നടനാണ് താനെന്ന് കാര്‍ത്തിയും തെളിയിച്ചു. ഇരുവരും ഒന്നിച്ച് ഇതുവരെ മുഴുനീള സിനിമയുടെ ഭാഗമാകാത്തത് മാത്രമാണ് ആരാധകര്‍ക്ക് നിരാശ നല്‍കുന്നത്.
കഴിഞ്ഞ കുറച്ചുകാലം വരെ ബോക്‌സ് ഓഫീസില്‍ സൂര്യക്ക് അത്ര നല്ല കാലമല്ലായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ സൂര്യക്ക് ഒരുപാട് വിമര്‍ശനം സമ്മാനിച്ചു. ആ സമയത്ത് കാര്‍ത്തിയാകട്ടെ, ബാക്ക് ടു ബാക്ക് ഹിറ്റുകളുമായി കോളിവുഡിന്റെ മുന്‍നിരയിലേക്കുയര്‍ന്നു. കാര്‍ത്തിയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ കണ്ട് പഠിക്കണമെന്നുവരെ പലരും സൂര്യയെ വിമര്‍ശിച്ചു.

വിമര്‍ശിച്ചവരുടെ വായടപ്പിച്ചുകൊണ്ട് ഈ വര്‍ഷം സൂര്യ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. കറുപ്പിലൂടെ കരിയറിലെ ആദ്യത്തെ 300 കോടിയും പിന്നാലെ വന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് 200 കോടിയും നേടി സൂര്യ ബോക്‌സ് ഓഫീസിലെ തന്റെ സ്ഥാനം വീണ്ടെടുത്തു. റിലീസിന് തയാറെടുക്കുന്ന സീനിലും വലിയ പ്രതീക്ഷകളാണ്.
എന്നാല്‍ സൂര്യ തിരിച്ചുവരവ് നടത്തിയപ്പോള്‍ കാര്‍ത്തിയുടെ കാര്യം കഷ്ടത്തിലായിരിക്കുകയാണ്. ഒരുകാലത്ത് തമിഴില്‍ ബാക്ക് ടു ബാക്ക് ഹിറ്റുകളുമായി കളംനിറഞ്ഞിരുന്ന കാര്‍ത്തി അവസാനം നായകനായ നാല് സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. 25ാമത് ചിത്രമായ ജപ്പാനിലൂടെയാണ് കാര്‍ത്തിയുടെ കഷ്ടകാലം ആരംഭിച്ചത്. കാടടച്ച് പ്രൊമോഷന്‍ നടത്തിയ ചിത്രം മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയമായി മാറി.

പിന്നാലെയെത്തിയ മെയ്യഴഗന്‍ അതിഗംഭീര സിനിമയായിരുന്നെങ്കിലും തമിഴ് പ്രേക്ഷകര്‍ കൈവിട്ടു. കാര്‍ത്തിയുടെ പ്രകടനത്തെ പലരും പ്രശംസിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ മെയ്യഴഗന് സാധിക്കാതെ പോയി. ഒ.ടി.ടി റിലീസിന് ശേഷവും മെയ്യഴഗന് ആരാധകരേറെയാണ്. എന്നാല്‍ മെയ്യഴഗന്റെ പോസിറ്റീവ് തൊട്ടടുത്ത സിനിമയില്‍ താരം തീര്‍ത്തു.
നളന്‍ കുമാരസ്വാമിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ വാ വാത്തിയാര്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. നല്ല ത്രെഡ്ഡിന്റെ മോശം എക്‌സിക്യൂഷനായിരുന്നു വാ വാത്തിയാര്‍. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സര്‍ദാര്‍ 2വും പരാജയം രുചിച്ചിരിക്കുകയാണ്. 100 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം 20 കോടി മാത്രമാണ് ഇതുവരെ നേടിയത്.

സൂര്യയില്‍ നിന്ന് കഷ്ടകാലം കാര്‍ത്തിയിലേക്ക് കൈമാറിയോ എന്നാണ് പലരുടെയും ചോദ്യം. കാര്‍ത്തിയുടെ വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ഗംഭീരമാണെന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു. തമിഴ് സംവിധാനം ചെയ്യുന്ന മാര്‍ഷല്‍, സൈലേഷ് കൊലനുവിന്റെ ഹിറ്റ് 4 എന്നീ പ്രൊജക്ടുകള്‍ വിജയിക്കുമെന്നാണ് കരുതുന്നത്. കൈതി 2 ലൈനപ്പിലുള്ളതും പ്രതീക്ഷ നല്‍കുന്നു.
Content Highlight: Karthi facing back to back flops while Suriya made his comeback
