കൊച്ചി: എല്‍.ജി.ബി.ടി.ക്യു.ഐ പ്ലസ് വ്യക്തികളുടെ ലൈംഗിക ആഭിമുഖ്യവും ലിംഗ സ്വതവും അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കണ്‍വെര്‍ഷന്‍ തെറാപ്പി രീതികളെ ശക്തമായി അപലപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) കേരള ഘടകം. കേരളത്തില്‍ ഇത്തരം അനധികൃത ചികിത്സകള്‍ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് സമീപകാലത്ത് പരാതികളുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐ.എം.എയുടെ പ്രതികരണം.
കണ്‍വെര്‍ഷന്‍ തെറാപ്പി അശാസ്ത്രീയവും അധാര്‍മികവുമാണെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇത്തരം ചികിത്സകള്‍ക്കായി എല്‍.ജി.ബി.ടി.ക്യു.ഐ+ വ്യക്തികളെ റഫര്‍ ചെയ്യരുതെന്ന് ഡോക്ടര്‍മാരോട് ഐ.എം.എ ആവശ്യപ്പെട്ടു. കുടുംബങ്ങളും സമൂഹവും ഇത്തരം അശാസ്ത്രീയ രീതികളെ പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം, ലിംഗസ്വത്വം, ലിംഗപ്രകടനം എന്നിവ മാറ്റുകയോ അടിച്ചമര്‍ത്തുകയോ ലക്ഷ്യമിടുന്ന കണ്‍വെര്‍ഷന്‍ രീതികള്‍ക്ക് ശാസ്ത്രീയമോ വൈദ്യശാസ്ത്രപരമോ ആയ അടിസ്ഥാനമില്ല. എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് വ്യക്തികള്‍ക്ക് മുന്‍വിധികളില്ലാത്തതും സ്വകാര്യത ഉറപ്പാക്കുന്നതും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യപരിചരണം ലഭ്യമാകണം. ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ വ്യക്തിയുടെയും അന്തസും സ്വയം നിര്‍ണയാവകാശവും മാനിക്കുന്ന സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയവും മാനുഷികവുമായ സമീപനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിവേചനപരവും ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതുമായ ചികിത്സാരീതികള്‍ ഒഴിവാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലൈംഗികവും ലിംഗപരവുമായ വൈവിധ്യങ്ങളെക്കുറിച്ച് ആവശ്യമായ അവബോധവും പരിശീലനവും നല്‍കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
ലൈംഗിക ആഭിമുഖ്യവും ലിംഗവൈവിധ്യവും രോഗങ്ങളല്ല. എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് വ്യക്തികള്‍ക്ക് അവരുടെ ലൈംഗികതയുടെ പേരില്‍ ചികിത്സയോ ‘രോഗമുക്തിയോ’ ആവശ്യമില്ല. ഇത്തരം രീതികള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുകയോ നല്‍കുകയോ, അതിനായി സൗകര്യമൊരുക്കുകയോ, അത്തരം ചികിത്സയ്ക്കായി റഫര്‍ ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ (ഡബ്ല്യു.എം.എ) കണ്‍വെര്‍ഷന്‍ തെറാപ്പിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത്തരം രീതികള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ അടിത്തറയോ വൈദ്യശാസ്ത്രപരമായ പ്രയോജനത്തെ പിന്തുണയ്ക്കുന്ന തെളിവുകളോ ഇല്ല. മറിച്ച്, വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ഇവ ഗുരുതരമായ ഭീഷണിയാകാമെന്നും സംഘടന ചൂണ്ടിക്കാട്ടി.
ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) ലൈംഗിക ആഭിമുഖ്യം മാറ്റുന്നതിനായി അവകാശപ്പെടുന്ന ചികിത്സകള്‍ക്ക് വൈദ്യശാസ്ത്രപരമായ ന്യായീകരണമില്ലെന്നും അവ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും അനൈതികമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം രീതികള്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്നും ഐ.എം.എ വ്യക്തമാക്കി.
‘വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യങ്ങളോ ലിംഗസ്വത്വങ്ങളോ മാനസിക രോഗങ്ങളാണെന്ന ധാരണയെ അടിസ്ഥാനമാക്കിയുള്ള കണ്‍വെര്‍ഷന്‍ തെറാപ്പിയെ അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷനും (എ.പി.എ) എതിര്‍ക്കുന്നു. ഇത്തരം രീതികള്‍ക്ക് ശാസ്ത്രീയ തെളിവുകളുടെ അഭാവവും വ്യക്തികള്‍ക്ക് ദോഷം ഉണ്ടാക്കാനുള്ള സാധ്യതയും എ.പി.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയിലെ ദേശീയ മെഡിക്കല്‍ കമ്മീഷനും (എന്‍.എം.സി) കണ്‍വെര്‍ഷന്‍ തെറാപ്പി രീതികളെ വിമര്‍ശിച്ചിട്ടുണ്ട്. എന്‍.എം.സിയുടെ കോംപീറ്റന്‍സി ബേസ്ഡ് മെഡിക്കല്‍ എജുക്കേഷന്‍ കരിക്കുലത്തില്‍, ലൈംഗിക ആഭിമുഖ്യം, ലിംഗസ്വത്വം, അല്ലെങ്കില്‍ ഇന്റര്‍സെക്‌സ് വേരിയേഷന്‍ ഉള്ള വ്യക്തികളില്‍ നടത്തുന്ന കണ്‍വെര്‍ഷന്‍ തെറാപ്പി രീതികള്‍ അനൈതികമാണെന്ന് മെഡിക്കല്‍ ബിരുദധാരികള്‍ക്ക് അറിവുണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്,’ ഐ.എം.എയുടെ പ്രസ്താവനയില്‍ പറയുന്നു.
ഉത്കണ്ഠ, വിഷാദം, മാനസികാഘാതം, വിവേചനം, കുടുംബസംഘര്‍ഷം തുടങ്ങിയ പ്രശ്ങ്ങള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ മാനസികാരോഗ്യ പരിചരണം ഉറപ്പാക്കണം. എന്നാല്‍ അവരുടെ ലൈംഗിക ആഭിമുഖ്യമോ ലിംഗസ്വത്വമോ മാറ്റാനുള്ള ശ്രമങ്ങള്‍ ഒരിക്കലും ചികിത്സയുടെ ഭാഗമാകരുതെന്നും സംഘടന ആവശ്യപ്പെട്ടു.
ലൈംഗികവും ലിംഗപരവുമായ വൈവിധ്യങ്ങളെ നിര്‍ബന്ധിച്ചോ സമ്മര്‍ദ്ദം ചെലുത്തിയോ മാറ്റാന്‍ ശ്രമിക്കരുത്. പകരം മനസിലാക്കലോടും അംഗീകാരത്തോടും പ്രൊഫഷണല്‍ പിന്തുണയോടും കൂടിയ സമീപനം വേണമെന്ന് കുടുംബങ്ങളോടും സമൂഹത്തോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് എം.എന്‍. മേനോനും റോയ് ആര്‍. ചന്ദ്രനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘വേദനയും ദുരിതവും കുറയ്ക്കുകയാണ് വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം. മനുഷ്യരെ ഒരേ മാതൃകയിലേക്ക് ചുരുക്കുന്നതിനു പകരം, ലൈംഗിക വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടും മുന്‍വിധികള്‍ക്ക് പകരം ശാസ്ത്രത്തെയും തെളിവുകളെയും മുറുകെപ്പിടിച്ചുകൊണ്ടും വ്യക്തിക്കും അനുകമ്പാപൂര്‍ണമായ ആരോഗ്യപരിചരണം ഉറപ്പാക്കുകയാണ് വേണ്ടത്. കണ്‍വെര്‍ഷന്‍ ചികിത്സയല്ല. സുരക്ഷിതവും ധാര്‍മികവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ പരിചരണമാണ് യഥാര്‍ത്ഥ ആരോഗ്യപരിചരണം,’ ഐ.എം.എ വ്യക്തമാക്കി.
ഐ.എം.എയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
കണ്‍വെര്‍ഷന്‍ ചികിത്സയല്ല; സുരക്ഷിതവും ശാസ്ത്രീയവുമായ ആരോഗ്യപരിചരണമാണ് യഥാര്‍ത്ഥ ചികിത്സ’.
ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം (sexual orientation), ലിംഗസ്വത്വം (gender identity), ലിംഗപ്രകടനം (gender expression) എന്നിവ മാറ്റുകയോ അടിച്ചമര്‍ത്തുകയോ ലക്ഷ്യമിടുന്ന കണ്‍വെര്‍ഷന്‍ രീതികള്‍ക്ക് ശാസ്ത്രീയമോ വൈദ്യശാസ്ത്രപരമോ ആയ അടിസ്ഥാനമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കേരള സംസ്ഥാന ശാഖ വ്യക്തമാക്കി.
ലൈംഗിക ആഭിമുഖ്യവും ലിംഗവൈവിധ്യവും ചികിത്സിച്ച് മാറ്റേണ്ട രോഗങ്ങളല്ല. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വൈദ്യശാസ്ത്രം, മെഡിക്കല്‍ നൈതികത, മനുഷ്യന്റെ അന്തസ്സ്, രോഗിയുടെ സ്വയംനിര്‍ണ്ണയാവകാശം, ‘ദോഷം ചെയ്യാതിരിക്കുക’ എന്ന വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഐ.എം.എ കേരളത്തിന്റെ നിലപാട്.
വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ (ഡബ്ല്യു.എം.എ) കണ്‍വെര്‍ഷന്‍ തെറാപ്പിയെയും റിപ്രാരിയേറ്റീവ് പ്രാക്ടീസിനെയും ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത്തരം രീതികള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ അടിത്തറയോ വൈദ്യശാസ്ത്രപരമായ പ്രയോജനത്തെ പിന്തുണയ്ക്കുന്ന തെളിവുകളോ ഇല്ല. മറിച്ച്, വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും മനുഷ്യാവകാശ ങ്ങള്‍ക്കും ഇവ ഗുരുതരമായ ഭീഷണിയാകാം.
ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) ലൈംഗിക ആഭിമുഖ്യം മാറ്റുന്നതിനായി അവകാശപ്പെടുന്ന ചികിത്സകള്‍ക്ക് വൈദ്യശാസ്ത്രപരമായ ന്യായീകരണമില്ലെന്നും അവ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും അനൈതികമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം രീതികള്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യങ്ങളോ ലിംഗസ്വത്വങ്ങളോ മാനസിക രോഗങ്ങളാണെന്ന ധാരണയെ അടിസ്ഥാനമാക്കിയുള്ള കണ്‍വെര്‍ഷന്‍ തെറാപ്പിയെ അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷനും (എ.പി.എ) എതിര്‍ക്കുന്നു. ഇത്തരം രീതികള്‍ക്ക് ശാസ്ത്രീയ തെളിവുകളുടെ അഭാവവും വ്യക്തികള്‍ക്ക് ദോഷം ഉണ്ടാക്കാനുള്ള സാധ്യതയും എ.പി.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയിലെ ദേശീയ മെഡിക്കല്‍ കമ്മീഷനും (എന്‍.എം.സി) കണ്‍വെര്‍ഷന്‍ തെറാപ്പി രീതികളെ വിമര്‍ശിച്ചിട്ടുണ്ട്. എന്‍.എം.സിയുടെ കോംപീറ്റന്‍സി ബേസ്ഡ് മെഡിക്കല്‍ എജുക്കേഷന്‍ കരിക്കുലത്തില്‍, ലൈംഗിക ആഭിമുഖ്യം, ലിംഗസ്വത്വം, അല്ലെങ്കില്‍ ഇന്റര്‍സെക്‌സ് വേരിയേഷന്‍ ഉള്ള വ്യക്തികളില്‍ നടത്തുന്ന കണ്‍വെര്‍ഷന്‍ തെറാപ്പി രീതികള്‍ അനൈതികമാണെന്ന് മെഡിക്കല്‍ ബിരുദധാരികള്‍ക്ക് അറിവുണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഐ.എം.എ കേരളത്തിന്റെ നിലപാട്.
കണ്‍വെര്‍ഷന്‍ തെറാപ്പിയെയും ലൈംഗിക ആഭിമുഖ്യമോ ലിംഗസ്വത്വമോ മാറ്റുകയോ അടിച്ചമര്‍ത്തുകയോ ലക്ഷ്യമിടുന്ന എല്ലാ രീതികളെയും ഐ.എം.എ കേരളം ശക്തമായി അപലപിക്കുന്നു.
എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് (LGBTQIA+) വ്യക്തിത്വങ്ങള്‍ രോഗങ്ങളല്ല; അതിനാല്‍ അവര്‍ക്ക് ചികിത്സയോ ‘രോഗമുക്തിയോ’ ആവശ്യമില്ല. ഇത്തരം രീതികള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുകയോ നല്‍കുകയോ, അതിനായി സൗകര്യമൊരുക്കുകയോ, അത്തരം ചികിത്സയ്ക്കായി റഫര്‍ ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.
എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് വ്യക്തികള്‍ക്ക് വിധിനിര്‍ണ്ണയമില്ലാത്ത (non-judgemental), സ്വകാര്യത ഉറപ്പാക്കുന്ന, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യപരിചരണം ലഭ്യമാകണം. ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ വ്യക്തിയുടെയും അന്തസും സ്വയംനിര്‍ണ്ണയാവകാശവും മാനിക്കുന്ന സമീപനം സ്വീകരിക്കേണ്ടതുണ്ട്.
ഉത്കണ്ഠ, വിഷാദം, മാനസികാഘാതം, വിവേചനം, കുടുംബസംഘര്‍ഷം തുടങ്ങിയ പ്രശ്ങ്ങള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ മാനസികാരോഗ്യ പരിചരണം ഉറപ്പാക്കണം. എന്നാല്‍ അവരുടെ ലൈംഗിക ആഭിമുഖ്യമോ ലിംഗസ്വത്വമോ മാറ്റാനുള്ള ശ്രമങ്ങള്‍ ഒരിക്കലും ചികിത്സയുടെ ഭാഗമാകരുത്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയവും മാനുഷികവുമായ സമീപനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വിവേചനപരവും ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതുമായ ചികിത്സാരീതികള്‍ ഒഴിവാക്കുകയും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലൈംഗികവും ലിംഗപരവുമായ വൈവിധ്യങ്ങളെക്കുറിച്ച് ആവശ്യമായ അവബോധവും പരിശീലനവും നല്‍കുകയും വേണം.
ലൈംഗികവും ലിംഗപരവുമായ വൈവിധ്യങ്ങളെ നിര്‍ബന്ധിച്ചോ സമ്മര്‍ദ്ദം ചെലുത്തിയോ മാറ്റാന്‍ ശ്രമിക്കുന്നതിന് പകരം, മനസ്സിലാക്കലോടും അംഗീകാരത്തോടും പ്രൊഫഷണല്‍ പിന്തുണയോടും കൂടി സമീപിക്കണമെന്ന് കുടുംബങ്ങളോടും സമൂഹത്തോടും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ഘടകം പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും സംസ്ഥാന ഘടകം സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും അഭ്യര്‍ത്ഥിക്കുന്നു.
‘വേദനയും ദുരിതവും കുറയ്ക്കുകയാണ് വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം. മനുഷ്യരെ ഒരേ മാതൃകയിലേക്ക് ചുരുക്കുന്നതിനു പകരം, ലൈംഗിക വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടും മുന്‍വിധികള്‍ക്ക് പകരം ശാസ്ത്രത്തെയും തെളിവുകളെയും മുറുകെപ്പിടിച്ചുകൊണ്ടും വ്യക്തിക്കും അനുകമ്പാപൂര്‍ണ്ണമായ ആരോഗ്യപരിചരണം ഉറപ്പാക്കുകയാണ് വേണ്ടത്. കണ്‍വെര്‍ഷന്‍ ചികിത്സയല്ല; സുരക്ഷിതവും ധാര്‍മ്മികവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ പരിചരണമാണ് യഥാര്‍ത്ഥ ആരോഗ്യപരിചരണം.’
Content Highlight: IMA Keralam Condemns Conversion Therapy Practice which used Against LGBTQIA+ People
