ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസ ഗായിക എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്ന ബയോപിക്കിന് തുടക്കമായി. ചെന്നൈ മ്യൂസിക് അക്കാദമിയിൽ നടന്ന ചടങ്ങിൽ നടൻ കമൽഹാസനാണ് ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിച്ചത്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈ മ്യൂസിക് അക്കാദമിയിൽ നടന്ന ചടങ്ങിലാണ് കമൽഹാസൻ ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിച്ചത്.
എം.എസ്. സുബ്ബുലക്ഷ്മിയായി രശ്മിക മന്ദാന എത്തുന്ന ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ‘എം.എസ് – എ ലെഗസി ഓൺ സ്ക്രീൻ’ എന്നാണ് ചിത്രത്തിന്റെ പേര്. അതേസമയം, ഇതിഹാസ ഗായികയുടെ വേഷത്തിൽ രശ്മികയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

രശ്മിക മന്ദാന,കമൽഹാസൻ. Photo. Screen Grab/ Youtube
ഗൗതം തിണ്ണനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഗീത ആർട്സ്, റോക്ക്ലൈൻ എന്റർടെയ്ൻമെന്റ്, ബണ്ണി വാസ് വർക്ക്സ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. എം.എസ്. സുബ്ബുലക്ഷ്മിയുടെ സംഗീതജീവിതത്തിനൊപ്പം അവരുടെ വ്യക്തിജീവിതത്തിലെ അറിയപ്പെടാത്ത വശങ്ങളും സിനിമയിലൂടെ അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, രശ്മികയെ എം.എസ്. സുബ്ബലക്ഷ്മിയായി തെരഞ്ഞെടുത്തതിനെ ചുറ്റിപറ്റി സോഷ്യൽ മീഡിയയിൽ ചർച്ചയും ആരംഭിച്ചിട്ടുണ്ട്. ചിലർ താരത്തിന്റെ കാസ്റ്റിങ്ങിനെ ചോദ്യം ചെയ്യുമ്പോൾ, എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളെയാണ് സിനിമ അവതരിപ്പിക്കുന്നതെന്നും രശ്മികയ്ക്ക് അതിനനുസരിച്ച് കഥാപാത്രത്തെ അവതരിപ്പിക്കാനാകുമെന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. നേരത്തെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനായി സായ് പല്ലവി, രുക്മിണി വസന്ത് തുടങ്ങിയ പേരുകളും പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
എം.എസ്. സുബ്ബുലക്ഷ്മിയെപ്പോലെ ഇന്ത്യൻ സംഗീതത്തിലെ അതുല്യ വ്യക്തിത്വത്തെ അവതരിപ്പിക്കുന്നതിന്റെ വലിയ ഉത്തരവാദിത്വമാണ് രശ്മികയ്ക്ക് മുന്നിലുള്ളതെന്ന് ചടങ്ങിൽ സംസാരിക്കവെ കമൽഹാസൻ പറഞ്ഞു. എം.എസ്. അമ്മയുടെ സംഗീതം ഇന്ത്യയെ ഒന്നിപ്പിച്ചിരുന്നുവെന്നും വിവിധ ഭാഷകളിൽ പാടിയപ്പോഴും ഓരോ ഭാഷയുടെയും സൗന്ദര്യം ഉയർത്തിപ്പിടിച്ചിരുന്നുവെന്നും കമൽഹാസൻ പറഞ്ഞു.

കമൽഹാസൻ. Photo. Screen Grab/ Youtube
എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ച് ഒരു വർഷത്തോളം ഗവേഷണം നടത്തിയ ശേഷമാണ് തിരക്കഥയിലേക്ക് കടന്നതെന്ന് സംവിധായകൻ ഗൗതം തിണ്ണനൂരി പറഞ്ഞു. ലൈക്കുകളും ഷെയറുകളും കൊണ്ട് വിജയം അളക്കുന്ന ഇന്നത്തെ കാലത്ത്, എം.എസ്. അമ്മ തന്റെ നേട്ടങ്ങൾ നേടിയെടുത്തത് വർഷങ്ങളായുള്ള അച്ചടക്കത്തിലൂടെയും സമർപ്പണത്തിലൂടെയുമാണെന്ന സന്ദേശവും സിനിമയിലൂടെ മുന്നോട്ടുവെക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Rashmika Mandanna to portray M.S. Subbulakshmi, an unparalleled talent in the world of Indian music
