ഒരുകാലത്ത് ഓരോ സിനിമയിലും പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനായിരുന്നു ചിയാന്‍ വിക്രം. ഒരേസമയം നടനായും താരമായും തിളങ്ങാന്‍ കഴിയുന്ന അപൂര്‍വം ആര്‍ട്ടിസ്റ്റുകളിലൊരാളായ വിക്രത്തിന് കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ അത്ര നല്ല സമയമല്ല. ചെയ്യുന്ന സിനിമകളൊന്നും അത്ര നല്ല പെര്‍ഫോമന്‍സല്ല കാഴ്ചവെക്കുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പവര്‍ ഹൗസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അടുത്തകാലത്തായി വന്നിട്ടുള്ള സൂപ്പര്‍താര സിനിമകളുടെ പ്രൊമോ വീഡിയോകള്‍ പിന്തുടരുന്ന അതേ ടെംപ്ലേറ്റിലാണ് പവര്‍ ഹൗസിന്റെ പ്രൊമോയും.

വീഡിയോ ആരംഭിക്കുമ്പോള്‍ കുടുംബത്തോടൊപ്പം സാധാരണക്കാരനായി നില്‍ക്കുന്ന നായകന്‍ പിന്നീട് അവരെ കാണിക്കാത്ത വയലന്റ് മുഖവുമായി വില്ലന്മാരെ നേരിടുന്ന സെയിം ടെംപ്ലേറ്റാണ് ഇവിടെയും. ഈ വര്‍ഷം ഇതേ രീതിയില്‍ വരുന്ന ആറാമത്തെ സിനിമയാണ് പവര്‍ ഹൗസെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. വിശാലിന്റെ പുരുഷന്‍, ചിരഞ്ജീവിയുടെ കാക്ക എന്നീ ചിത്രങ്ങളുടെ പ്രൊമോ അതേപടി പകര്‍ത്തിവെച്ചിട്ടുണ്ടെന്നും കമന്റുകളുണ്ട്.

മൂന്നര മിനിറ്റോളമുള്ള പ്രൊമോ വീഡിയോക്ക് നല്ല ലാഗുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിക്രമിന് പുറമെ ഉര്‍വശി, വി.ടിവി ഗണേഷ്, റിയ ഷിബു എന്നിവരും പവര്‍ ഹൗസിന്റെ ഭാഗമാണ്. സര്‍വ്വം മായയിലെ ഡെലൂലുവിന്റെ ബാധ വിടാതെ ക്യൂട്ട്‌നെസ് കാണിക്കാനുള്ള ടിപ്പിക്കല്‍ റോളാണ് റിയക്ക് ഈ സിനിമയിലുമെന്ന് വിമര്‍ശനം ഉയരുന്നു.

വിക്രമിന്റെ മുന്‍ ചിത്രമായ വീര ധീര സൂരന്റെ പ്രൊമോയും ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു. വയലന്റ് പാസ്റ്റ് ഉപേക്ഷിച്ച് സാധാരണക്കാരനായി ജീവിക്കുന്ന നായകനെത്തേടി ഒരുകൂട്ടം ഗുണ്ടകള്‍ വരുന്നതും പിന്നീടുള്ള ഫൈറ്റും എല്ലാ പ്രൊമോയിലും കണ്ട് മടുത്തെന്നും വ്യത്യസ്തമായ എന്തെങ്കിലും പ്രേക്ഷകര്‍ക്ക് നല്‍കിക്കൂടെ എന്നും ചിലര്‍ ചോദിക്കുന്നു.

അപാര പൊട്ടന്‍ഷ്യലുണ്ടായിട്ടും അത് കൃത്യമായി ഉപയോഗിക്കാതെ മുന്നോട്ട് പോകുന്ന നടനാണ് വിക്രമെന്നും ചിലര്‍ വിമര്‍ശിക്കുന്നു. ഇരുമുഖന് ശേഷം ആനന്ദ് ശങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പവര്‍ ഹൗസിനുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വിക്രമിന് ലഭിച്ച ഒരേയൊരു സോളോ ഹിറ്റാണ് ഇരുമുഖന്‍. സത്യ ജ്യോതി ഫിലിംസാണ് പവര്‍ ഹൗസ് നിര്‍മിക്കുന്നത്.

Content Highlight: Disappointing response from audience for Chiyaan Vikram’s new movie titled as Power House