2026 കാമ്പിയോൺസ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്റർ മയാമി. എം.എൽ.എസ് ചാമ്പ്യന്മാരും ലിഗ എം.എക്‌സ് ചാമ്പ്യൻമാരും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ ക്രൂസ് അസൂലിനെ വീഴ്ത്തിയാണ് മയാമി കിരീടം ചൂടിയത്. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മയാമി വിജയിച്ചുകയറിയത്.
ഒരു ഗോളും അസിസ്റ്റും നേടി തിളങ്ങിയ ലയണൽ മെസിയുടെ കരുത്തിലാണ് മയാമിയുടെ വിജയം. മത്സരം തുടങ്ങി 24ാം മിനിട്ടിൽ തന്നെ മയാമി ലീഡ് നേടി. മെസിയാണ് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചത്. ഒരു തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയായിരുന്നു മെസി ലക്ഷ്യം കണ്ടത്.
81ാം മിനിട്ടിൽ ബ്രസീലിയൻ സൂപ്പർതാരം കാസെമിറോയിലൂടെ മയാമി രണ്ടാം ഗോളും സ്വന്തമാക്കി. മെസിയെടുത്ത കോർണറിൽ നിന്നും ഒരു തകർപ്പൻ ഹെഡിലൂടെയാണ് ബ്രസീലിയൻ താരം ലക്ഷ്യം കണ്ടത്. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മെസിയും സംഘവും കിരീടം ചൂടുകയായിരുന്നു.
മെസിയുടെ ഫുട്ബോൾ കരിയറിലെ 49ാം കിരീടമാണിത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരവും മെസി തന്നെയാണ്.
മെസി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയത് തന്നെ ഇതിഹാസമാക്കി മാറ്റിയ കറ്റാലൻമാർക്ക് വേണ്ടിയാണ്. ലാ ലിഗയും ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലബ്ബ് വേൾഡ് കപ്പുമടക്കം 35 തവണ മെസി ബാഴ്സയ്ക്കൊപ്പം ചാമ്പ്യനായി.
അർജന്റൈൻ ദേശീയ ടീമിനൊപ്പം ആറ് തവണയാണ് മെസി കിരീടം ചൂടിയത്. 2022 ഫിഫ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും അടക്കമുള്ള പ്രധാന മേജർ ട്രോഫികളാണ് മെസി ഇന്റർനാഷണൽ ഫുട്ബോളിൽ സ്വന്തമാക്കിയത്.
പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ മെസി ഇന്റർ മയാമിക്കൊപ്പം അഞ്ചാം കിരീടമാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
മെസിയുടെ നേടിയ കിരീടങ്ങൾ
ബാഴ്‌സലോണ
ലാലിഗ – 10
സ്പാനിഷ് സൂപ്പർ കപ്പ് – 8
കോപ്പ ഡെൽ റേ – 7
യുവേഫ ചാമ്പ്യൻസ് ലീഗ് – 4
യുവേഫ സൂപ്പർ കപ്പ് – 3
ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് – 3

അർജന്റീന
ഫിഫ ലോകകപ്പ് – 1
കോപ്പ അമേരിക്ക – 2
ഫൈനലിസിമ – 1
ഒളിമ്പിക്‌സ് സ്വർണം – 1
ഫിഫ അണ്ടർ 20 ലോകകപ്പ് – 1

പി.എസ്.ജി
ലീഗ് വൺ – 1
ഫ്രഞ്ച് സൂപ്പർ കപ്പ് – 1
ട്രോഫി ഡെസ് ചാമ്പ്യൻസ്-1

ഇന്റർ മയാമി
ലീഗ്‌സ് കപ്പ് – 1
എം.എൽ.എസ് സപ്പോട്ടേഴ്‌സ് ഷീൽഡ് – 1
ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻഷിപ്പ്-1
എം.എൽ.എസ് കപ്പ്-1
കാമ്പിയോൺസ് കപ്പ്-1

Content Highlight: List of the 49 trophies Lionel Messi has won in his career
