മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ സീരിയസ് വേഷങ്ങളിലേക്കുള്ള മാറ്റം പോലെ തമിഴ് പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ച ട്രോന്‍സ്‌ഫോമേഷനായിരുന്നു സൂരിയുടെത്. കോമഡി നടനായി കരിയര്‍ ആരംഭിച്ച സൂരി ഏറെക്കാലം ഹാസ്യവേഷങ്ങളില്‍ തുടരുകയും പിന്നീട് വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിലൂടെ സീരിയസ് കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് തെളിയിക്കുകയായിരുന്നു. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേഷനായുള്ള പ്രകടനം താരത്തിന് വലിയ പ്രശംസ നേടി നല്‍കിയിരുന്നു.

സൂരി. Photo: IMDB

താരത്തിന്റെതായി ഏറെ പ്രതീക്ഷയോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് മണ്ടാടി. പായ് വഞ്ചി റേസിനെ ആസ്പദമാക്കി മതിമാരന്‍ പുഗഴേന്തി സംവിധാനം ചെയ്ത ചിത്രമായ മണ്ടാടിയ്ക്ക് റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ചാം ദിനം പിന്നിടുമ്പോള്‍ അമ്പത് കോടിയ്ക്കടുത്ത് നേടിയാണ് ചിത്രം മുന്നേറുന്നത്. കേരളത്തിലും മികച്ച പ്രതികരണങ്ങള്‍ നേടി ഓരോ ദിവസവും ഷോകള്‍ വര്‍ധിപ്പിച്ചു കൊണ്ടാണ് ചിത്രം മുന്നേറുന്നത്.

മണ്ടാടിയ്‌ക്കൊപ്പം ക്ലാഷ് റിലീസായെത്തിയ വമ്പന്‍ ചിത്രം സര്‍ദാര്‍ 2വിനെ ബഹുദൂരം പിന്നിലാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി ചിത്രം ഇതിനോടകം 20 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളി അഭിനേതാക്കളായ മഹിമ നമ്പ്യാരും ആവേശം ഫെയിം മിഥുന്‍ ജയ്ശങ്കറും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

റിലീസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സൂരി തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ഇവന്റില്‍ സൂരിയുടെ അമ്മ സ്റ്റേജിലെത്തി സംസാരിച്ചിരുന്നു ഇതിനെ കുറിച്ചാണ് സൂരി അഭിമുഖത്തില്‍ സംസാരിച്ചത്.

മണ്ടാടി.

‘അമ്മ സ്റ്റേജില്‍ വന്നപ്പോള്‍ ഞാന്‍ കുറച്ച് ഇമോഷണലായിരുന്നു. കാരണം എനിക്കത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. എപ്പോഴെങ്കിലും സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ അമ്മയെ കൊണ്ട് വരണമെന്ന് വീട്ടിലെല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. ഒരുപാട് കാലം അവസരം നോക്കിയിരുന്നു. അങ്ങനെ അന്ന് ശരിയായ അവസരം വരുകയായിരുന്നു. അമ്മ ഒരുപാട് നേരം വേദിയില്‍ സംസാരിച്ചു,’ സൂരി പറഞ്ഞു.

Content Highlight: Tamil Actor Soori talks about his mother