കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് താനാരാണെന്ന് തെളിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ അണിയിച്ചൊരുക്കിയ മൂന്നേ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സംവിധായകനായി ലോകേഷ് മാറുകയായിരുന്നു. എല്‍.സി.യുവിലെ അടുത്ത ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനിടെയാണ് ഡി.സി എന്ന ചിത്രത്തില്‍ ലോകേഷ് കനകരാജ് നായകനാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ചിത്രത്തിന്റെ അപ്ഡേറ്റുകളും അനിരുദ്ധിന്റെ സംവിധാനത്തില്‍ പിറന്ന ബി.ജി.എമ്മും വലിയ രീതിയില്‍ വൈറലായെങ്കിലും ചിത്രത്തെ കുറിച്ച് ആര്‍ക്കും വലിയ പ്രതീക്ഷയില്ലായിരുന്നു.

എന്നാല്‍ മുന്‍വിധി എഴുതിയവരെയെല്ലാം അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു ചിത്രത്തിന് കിട്ടിയ പ്രതികരണം. അരുണ്‍ മാതേശ്വരന്‍ അണിയിച്ചൊരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടിയിലേറെ നേടിയിരുന്നു. കഴിഞ്ഞയാഴ്ച ഡി.സി ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു. കണ്ടുമടുത്ത സ്ഥിരം കഥയാണെങ്കിലും മേക്കിങ് കൊണ്ടും അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനം കൊണ്ടും ചിത്രം മറ്റൊരു ലെവലിലേക്ക് ഉയരുകയായിരുന്നു.

ഡി.സി. Photo: X.com

കേരളത്തില്‍ ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് ഡി.സി. 20 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. തമിഴ്നാടിന് പുറത്ത് ഗംഭീര വരവേല്പ് ലഭിച്ച ഡി.സിക്ക് സ്വന്തം നാട്ടില്‍ വേണ്ടത്ര തിളങ്ങാന്‍ പറ്റാതെ പോയത് സിനിമാപേജുകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നല്ല സിനിമകള്‍ ഒരിക്കലും തമിഴ് പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നതിന്റെ അവസാന എന്‍ട്രിയായി ഡി.സി മാറിയിരുന്നു. എന്നാല്‍ താന്‍ നായകനാകുന്ന ആദ്യ ചിത്രം ഹിറ്റടിച്ചതിലൂടെ ഒരു പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ലോകേഷ് കനകരാജ്.

തമിഴില്‍ ഒരു അരങ്ങേറ്റ നടന്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന റെക്കോഡാണ് ലോകേഷ് ഡി.സിയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. പ്രദീപ് രംഗനാഥന്റെ അരങ്ങേറ്റ ചിത്രമായ ലൗ റ്റുഡേയ്ക്ക് ലഭിച്ച കളക്ഷനെ മറികടന്നാണ് ലോകേഷിന്റെ നേട്ടം. ലൗ റ്റുഡേയ്ക്ക് 88 കോടിയായിരുന്നു ലഭിച്ചതെങ്കില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 107 കോടിയാണ് ഡി.സി സ്വന്തമാക്കിയിരിക്കുന്നത്.

ഡി.സി. Photo: District

തമിഴ്‌നാട്ടില്‍ നിന്നും ചിത്രത്തിന് 25 കോടി കളക്ഷന്‍ ലഭിച്ചപ്പോള്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത് 23 കോടിയാണ്.
കേരളത്തില്‍ നിന്നും 20 കോടിയും കര്‍ണാടകയില്‍ നിന്നും 9 കോടിയും നേടിയ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും ആകെ നേടിയത് 81 കോടിയും വിദേശത്ത് നിന്നും സ്വന്തമാക്കിയത് 26.67 കോടിയുമാണ്.

Content Highlight: Lokesh Kanagaraj starrer DC Movie gets new record