മറ്റുള്ള ഭാഷയില്‍ ഹിറ്റായ സിനിമകളുടെ റൈറ്റ്‌സ് വാങ്ങി റീമേക്ക് ചെയ്ത് നശിപ്പിക്കുന്നത് ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ സ്ഥിരം ശീലമാണ്. ബാംഗ്ലൂര്‍ ഡേയ്‌സ് മുതല്‍ പല മലയാള സിനിമകളും ഹിന്ദിയില്‍ ഇതുപോലെ റീമേക്ക് ചെയ്ത് വലിയ ട്രോള്‍ മെറ്റീരിയലാക്കി മാറ്റിയിട്ടുണ്ട്. ആ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് പ്രേമലു.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രേമലു. ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ പ്രേമലുവിനെ പ്രശംസിച്ച് സാക്ഷാല്‍ രാജമൗലി വരെ രംഗത്തെത്തുകയും ചെയ്തു. ചിത്രത്തിന് ഹിന്ദി റീമേക്ക് ഒരുങ്ങുന്ന എന്ന വാര്‍ത്ത സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായി. പ്രേം കീടാണു എന്ന് പേരിട്ട ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.

കഴിഞ്ഞദിവസം പ്രേം കീടാണുവിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രേമലുവിലെ ഐക്കോണിക് ഇന്റര്‍വെല്‍ സീന്‍ ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ പബ്ബിലെ പാര്‍ട്ടി സോങ്ങായി മാറി. നസ്‌ലെന്‍ അവതരിപ്പിച്ച സച്ചിന്‍ എന്ന കഥാപാത്രത്തിന്റെ ഹാര്‍ട്ട് ബ്രേക്ക് പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിച്ച സീനായിരുന്നു പ്രേമലുവിലെ ഇന്റര്‍വെല്‍.
എന്നാല്‍ നസ്‌ലെന്‍ ചെയ്തതിന്റെ പത്തിലൊന്ന് പെര്‍ഫക്ഷന്‍ പോലും ഹിന്ദിയിലെ നായകനായ വീര്‍ പഹാഡിയക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. പ്രേമ നൈരാശ്യമെന്ന പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്ന ഫീലാണ് ‘ഇഷ്‌ക് കാ ഖുലാം’ എന്ന ഗാനരംഗത്തിലുള്ളത്. പല സിനിമാപേജുകളും ഹിന്ദി റീമേക്കിനെ വറുത്തെടുക്കുകയാണ്.

23-24 വയസില്‍ ഒരു ചെറുപ്പക്കാരനുണ്ടാകുന്ന സകല ഇന്‍സെക്യൂരിറ്റികളും പ്രേക്ഷകരിലേക്ക് കണ്‍വേ ചെയ്യാന്‍ നസ്‌ലെന് സാധിച്ചു. എന്നാല്‍ ഇവിടെ വീര്‍ പഹാഡിയക്ക് 30 വയസ് കണ്ടാല്‍ തോന്നിക്കുമെന്നും നായകനായി ഒട്ടും കണ്‍വിന്‍സ് ചെയ്യിക്കാനാകില്ലെന്നുമാണ് കമന്റുകള്‍. പേരുപോലെ തന്നെ ‘കീടാണു’വാണ് വീറെന്നും നസ്‌ലെന്റെ റേഞ്ചിനൊപ്പം എത്താന്‍ സാധിച്ചിട്ടില്ലെന്നും പരിഹാസമുണ്ട്.
മലയാളം വേര്‍ഷനില്‍ ഒരുപാട് മാറ്റം വരുത്തിയാണ് ഹിന്ദി വേര്‍ഷന്‍ ഒരുങ്ങുന്നതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. പ്രേമലുവില്‍ കോളേജ് പഠനത്തിന് ശേഷമുള്ള സ്ട്രഗിളുകളാണ് കാണിക്കുന്നതെങ്കില്‍ ഹിന്ദിയില്‍ കോളേജിനുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കഥയാണ്. റീമേക്ക്‌വുഡ് നശിപ്പിക്കാന്‍ പോകുന്ന അടുത്ത ചിത്രമാണ് പ്രേമലുവെന്നും ചിലര്‍ പ്രവചിക്കുന്നു.
Content Highlight: Prem Kitanu movie song getting trolls
