മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകർ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉർവശിയുടേയത്. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉർവശി തന്റെ പതിമൂന്നാം വയസിൽ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
പിന്നീട് സഹനടിയായും ഹാസ്യതാരമായും ഒട്ടനവധി റോളുകളിലാണ് ഉർവശി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2024ൽ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉർവശി സ്വന്തമാക്കിയിരുന്നു.

മകൾ തേജലക്ഷ്മിയോടൊപ്പം. Photo. Screen Grab/ Youtube/ X.com
ഇപ്പോഴിതാ ശോഭനയെ സിനിമയിൽ കാണുന്ന ഗൗരവക്കാരിയായ വ്യക്തിത്വമായി മാത്രം കാണരുതെന്ന് പറയുകയാണ് നടി ഉർവശി. വ്യക്തിജീവിതത്തിൽ ശോഭനയ്ക്ക് മികച്ച സെൻസ് ഓഫ് ഹ്യൂമറുണ്ടെന്നും, ഒപ്പം വർക്ക് ചെയ്യുമ്പോൾ പലപ്പോഴും ചിരിച്ചുമരിക്കാറുണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു.
‘അവളെ പോലെ അത്രയും സെൻസ് ഓഫ് ഹ്യൂമറുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. അവളുടെ ഒപ്പം ഞാൻ വർക്ക് ചെയ്യുമ്പോൾ ചിരിച്ചുചിരിച്ച് ചാകും. ശശി ഏട്ടന്റെ പടത്തിലൊക്കെ ആണെങ്കിൽ ‘കഴുതക്കുട്ടി, എന്തിനാ കഴുതക്കുട്ടി ചിരിക്കുന്നേ’ എന്നൊക്കെ ചോദിക്കും. അപ്പോൾ അദ്ദേഹം പറയും, സ്കൂളിൽ പഠിക്കുന്ന പിള്ളേരെയൊക്കെ അഭിനയിക്കാൻ കൊണ്ടുവന്നാൽ ഇങ്ങനെയിരിക്കും.
‘അവിടെ പോയി മിണ്ടാതിരിക്ക് പെണ്ണേ’ എന്നൊക്കെ എന്നോട് പറയും. നാൽപ്പതോളം വലിയ വലിയ ആർട്ടിസ്റ്റുകളാണ് ഒരു ഫ്രെയിമിൽ. അതിന്റെ ഇടക്കാണ് ഞാൻ ഇങ്ങനെ കാണിക്കുന്നത്. കാരണം അതിന്റെ ഇടക്ക് ഇവൾ എന്തേലും കാണിച്ചുകൊണ്ടിരിക്കും. ഇവൾ സംസാരിക്കാൻ തുടങ്ങിയാൽ ഞാൻ ചിരിക്കും,’ ഉർവശി പറഞ്ഞു.
സിനിമകളിലും അഭിമുഖങ്ങളിലുമൊക്കെ ശോഭനയെ ഗൗരവത്തോടെ സംസാരിക്കുന്ന ഒരാളായി കാണാറുണ്ടെങ്കിലും യഥാർഥത്തിൽ അവൾ അങ്ങനെയല്ലെന്നും ഉർവശി പറഞ്ഞു.

ശോഭന. Photo. X.com
‘നിങ്ങൾ ഈ സിനിമയിൽ കാണുന്ന ഗൗരവം ഉള്ള ആളല്ല ശോഭന. അവൾ ഈ അഭിമുഖങ്ങളിലൊക്കെ ഇങ്ങനെ ഗൗരവത്തിൽ സംസാരിക്കും. അവൾ അങ്ങനെയല്ല ശരിക്കും. ശോഭനയുടെ കൂടെ ഇരുന്ന് അത്ര ഡീപ് ആയിട്ട് സംസാരിച്ചിട്ടുള്ള എനിക്കറിയാം. ഉഗ്രനായിട്ട് അവൾക്ക് തമാശ പറയാനും പറ്റും. പേഴ്സണലി ഹ്യൂമർ പറയുന്ന ആളാണ്. അപ്പോൾ നിങ്ങൾ സ്ക്രീനിൽ കാണുന്ന ആളുകളല്ല പലരും. എല്ലാവരും നല്ല കഴിവുള്ളവരാണ്,’ ഉർവശി കൂട്ടിച്ചേർത്തു.
Content Highlight: Actress Urvashi Talks About Actress Shobhana
