തിയേറ്ററില്‍ അത്ര ഹിറ്റായില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലൊന്നാണ് കാരിക്കാമുറി ഷണ്മുഖന്‍. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലെ ഗ്രേ ഷെയ്ഡുള്ള ഈ കഥാപാത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. രഞ്ജിത്തിന്റെ സൃഷ്ടിയില്‍ പിറന്ന ഫയര്‍ ബ്രാന്‍ഡ് കഥാപാത്രങ്ങളിലൊന്നാണ് ഷണ്മുഖനെന്ന് സംശയമില്ലാതെ പറയാം.

22 വര്‍ഷങ്ങള്‍ക്ക് ശേഷം ഷണ്മുഖന്‍ വീണ്ടുമെത്തുന്ന എന്ന വാര്‍ത്ത ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ ഷണ്മുഖന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയും സംവിധാനം രഞ്ജിത്തുമാണ് എന്നറിഞ്ഞപ്പോള്‍ പ്രതീക്ഷയുടെ ലെവല്‍ കുറച്ച് കുറഞ്ഞു. പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടീസര്‍, ട്രെയ്‌ലര്‍ തുടങ്ങി ഓരോ അപ്‌ഡേറ്റും പുറത്തുവന്നതോടെ പ്രതീക്ഷയുടെ അവസാന തരിയും ഇല്ലാതായി.

വരാന്‍ പോകുന്ന സിനിമയുടെ റേഞ്ച് വ്യക്തമാക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം മമ്മൂട്ടിയുടെ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുറച്ചുപേര്‍ക്കെങ്കിലും ലോ ആന്‍ഡ് ഓര്‍ഡറില്‍ പ്രതീക്ഷയുണ്ടെങ്കില്‍ അതുപോലും ഇല്ലാതാക്കുന്ന തരത്തിലാണ് ഷണ്മുഖന്റെ രണ്ടാം വരവിലെ ലുക്ക്. വല്ലാതെ വെളുപ്പിച്ച് ആ കഥാപാത്രത്തിന്റെ ഓറ ഇല്ലാതാക്കിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇടക്കാലത്ത് ട്രെന്‍ഡായ ‘ബെളുത്തിട്ട് പാറല്‍’ ഷണ്മുഖന്റെ കാര്യത്തില്‍ സംവിധായകന്‍ നടത്തിയിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ചോദിക്കുന്നത്. ക്ലിന്റ് ഈസ്റ്റ്‌വുഡ് സ്‌റ്റൈല്‍ കോസ്റ്റ്യൂമുമായി വന്ന് കോരിത്തരിപ്പിച്ച ഷണ്മുഖനെ രണ്ടാം വരവില്‍ സംവിധായകന്‍ അവതരിപ്പിച്ച രീതിയും പലരും വിമര്‍ശിക്കുന്നു.

കാരിക്കാമുറി ഷണ്മുഖനെ രാജാധിരാജയിലെ ‘ഡോണ്‍ ശേഖരന്‍കുട്ടി’യാക്കി മാറ്റിയെന്നും വിമര്‍ശനമുണ്ട്. ഹോളിവുഡ് ക്ലാസിക്കായ ഗോഡ്ഫാദറില്‍ മര്‍ലന്‍ ബ്രാന്‍ഡോ പറയുന്ന ‘Look, how they massacred my boy’ എന്ന ഡയലോഗ് ഷണ്മുഖന്റെ ലുക്കിനെ ട്രോളാനായി പലരും ഉപയോഗിക്കുന്നു. ഷണ്മുഖനെ പുട്ടിയിട്ട് വെളുപ്പിച്ചതും താടി വെച്ച് അവതരിപ്പിച്ചതും പലര്‍ക്കും ഇതുവരെ ദഹിച്ചിട്ടില്ല.

22 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഐക്കോണിക് കഥാപാത്രത്തെ തിരിച്ചുകൊണ്ടുവരുമ്പോള്‍ കുറച്ചെങ്കിലും നരപ്പിക്കാമായിരുന്നെന്നും ഏജ് ഇന്‍ റിവേഴ്‌സ് ഗിയറെന്ന് മനപൂര്‍വം കാണിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ ചത്താ പച്ചയിലെ കാമിയോയുടെ പേരില്‍ കേട്ടതിന്റെ ഇരട്ടി ട്രോളുകള്‍ ഷണ്മുഖന് ലഭിക്കുമെന്നും പലരും പ്രവചിക്കുന്നു.

Content Highlight: Mammootty’s look in Law and Order movie getting trolls