മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിക്കയത് തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നാണ് ഗംഭീർ പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീർ.

‘സഞ്ജു തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിവില്ലാത്ത ഒരു താരത്തിന് ലോകകപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റാകാൻ സാധിക്കില്ല. ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയെന്നത് എൻ്റെ പരിശീലക കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു.

ചിലപ്പോൾ താരങ്ങളുടെ പ്രകടനം നോക്കേണ്ടി വരും. ലോകകപ്പ് വിജയിച്ച ആ പഴയ കോമ്പിനേഷനിലേക്ക് തിരിച്ചു പോവാനാണ് ഞാൻ ആഗ്രഹിച്ചത്. മൂന്നോ നാലോ മത്സരങ്ങളിൽ പരാജയപ്പെട്ടതുകൊണ്ട് ആ താരം മോശമാകുന്നില്ല. ഒരു പരമ്പര തോറ്റാൽ ടീമും പെട്ടെന്ന് മോശമാകില്ല,’ ഗംഭീർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമായിരുന്നു സഞ്ജു ഇറങ്ങിയത്. 2026 ടി-20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയിൽ ഉൾപ്പെടുത്താതെ പോവുകയായിരുന്നു. സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയായിരുന്നു പ്ലെയിങ് ഇലവനിൽ ഇടം നേടിയത്.

സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലും സഞ്ജു സാംസൺ ഇടം നേടിയിരുന്നില്ല. അയർലാൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്. ഇന്ത്യൻ ടീമിന്റെ ഈ തീരുമാനത്തിനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു.

ഇടവേളക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ ഇടം നേടിയ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിൽ പതുക്കെ തുടങ്ങി പിന്നീട് അതിവേഗം അർധ സെഞ്ച്വറി പൂർത്തിയാക്കിയാണ് സഞ്ജു തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.

അതേസമയം അഫ്ഗാനിസ്ഥാനിനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരിരുന്നു. ദൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 127 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാൻ 94 റൺസിന് പുറത്താവുകയായിരുന്നു.

 

Content Highlight: Gautam Gambhir talks about Sanju Samson being left out of the Indian playing elevan