ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ ആരോപണവുമായി യോഗി ആദിത്യനാഥ് സർക്കാരിലെ തൊഴിൽ വകുപ്പ് മന്ത്രി താക്കൂർ രഘുരാജ് സിംഗ്.
പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വം കുടുംബവാഴ്ചയുടെ തണലിൽ മാത്രമാണ് നിലനിൽക്കുന്നതെന്ന് പരിഹസിച്ചു. ഇരുവരുടെയും രാഷ്ട്രീയ ഭാവി അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
പാർട്ടി ചിഹ്നത്തിന്റെ പിൻബലമില്ലാതെ ഒറ്റയ്ക്ക് സ്വതന്ത്രനായി ജനവിധി തേടിയാൽ ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും വിജയിച്ചുകയറാനുള്ള ജനപിന്തുണ അഖിലേഷ് യാദവിനില്ലെന്ന് രഘുരാജ് സിംഗ് അവകാശപ്പെട്ടു.
സമാജ്‌വാദി പാർട്ടിയിൽ അഖിലേഷിന്റെ സ്വാധീനം ഏകാധിപത്യപരമായി മാറിയിരിക്കുകയാണ്. മുതിർന്ന നേതാവായ ശിവ്പാൽ യാദവിനെ ലോഹിയ ട്രസ്റ്റിൽ നിന്ന് മാത്രമല്ല, സ്വന്തം വീട്ടിൽ നിന്നുപോലും പുറത്താക്കാൻ മടിക്കാത്ത രീതിയിലാണ് അഖിലേഷിന്റെ പെരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
ചില പ്രത്യേക വോട്ട് ബാങ്കുകളിൽ മാത്രം ഒതുങ്ങുന്ന എസ്.പി ഇപ്പോൾ നിലനിൽപ്പ് തന്നെ അപകടത്തിലായ അവസ്ഥയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മന്ത്രി കടുത്ത വാക്കുകളാൽ വിമർശിച്ചു. രാജ്യത്തെ ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ രാഹുൽ ഗാന്ധിക്ക് ഒരിക്കലും പ്രധാനമന്ത്രി പദത്തിലെത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ഒരു കുടുംബത്തിലാണ് രാഹുൽ ജനിച്ചിരുന്നതെങ്കിൽ, ഇപ്പോൾ രാഷ്ട്രീയത്തിന് പകരം കന്നുകാലികളെ മേച്ച് ഉപജീവനം കഴിക്കേണ്ട അവസ്ഥ വരുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ‘കലിയുഗ അവതാര’മാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, യോഗി സർക്കാരിന്റെ വികസന പദ്ധതികളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതും ജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ഈ വികസന നേട്ടങ്ങളുടെ കരുത്തിൽ 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിലെ രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുകയാണ്.
Content Highlight:Akhilesh Won’t Even Win as a Panchayat President”; UP Minister Launches Scathing Attack on Rahul Gandhi as Well.
