വാഷിങ്‌ടൺ: റഷ്യയ്‌ക്കെതിരായ ഉപരോധ ബില്ലിൽ ഇന്ത്യയടക്കമുള്ള പ്രധാന വ്യാപാര പങ്കാളികളെ നേരിട്ട് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭയിൽ പുതിയ ഭേദഗതി നിർദേശം.
റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന വ്യവസ്ഥയിലാണ് ഡെമോക്രാറ്റിക് അംഗങ്ങൾ ഭേദഗതികൾ സമർപ്പിച്ചത്.
ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് എന്ന പേരിലുള്ള ഈ ബിൽ കഴിഞ്ഞ മാസം യു.എസ് സെനറ്റ് 86-11 എന്ന വൻ ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു. റഷ്യൻ ഭരണകൂടത്തിനും ഊർജ്ജ മേഖലയ്ക്കും പുറമെ, ഉപരോധങ്ങൾ മറികടന്ന് എണ്ണ കടത്തുന്ന ഷാഡോ ഫ്ലീറ്റ് കപ്പലുകൾക്കെതിരെയും നടപടിയെടുക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
റഷ്യയുടെ ക്രൂഡ് ഓയിൽ വ്യാപാരത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് ഉക്രൈനെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നത് എന്നാണ് അമേരിക്കയുടെ നിലപാട്.
ഓഗസ്റ്റ് ഏഴിന് സെനറ്റ് പാസാക്കിയ പതിപ്പിൽ രാജ്യങ്ങളുടെ പേരുകൾ നേരിട്ട് പരാമർശിച്ചിരുന്നില്ല. പകരം, ഏറ്റവുമധികം എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് പ്രധാന രാജ്യങ്ങൾ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായ സ്റ്റേനി ഹോയർ സമർപ്പിച്ച ഭേദഗതിയിൽ ഇന്ത്യ, ചൈന, തുർക്കി, അസർബൈജാൻ, ഹംഗറി, സ്ലോവാക് റിപ്പബ്ലിക്, യു.എ.ഇ, സിംഗപ്പൂർ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പേര് നേരിട്ട് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, മറ്റൊരു ഡെമോക്രാറ്റിക് അംഗമായ ഗ്രിഗറി മീക്സ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചു. പ്രസിഡന്റിന് വിവേചനാധികാരം നൽകി വ്യാപാര പങ്കാളികൾക്ക് മേൽ വലിയ തോതിൽ അധിക തീരുവ ചുമത്താൻ അനുമതി നൽകുന്ന സെക്ഷൻ 113 പൂർണമായും ഒഴിവാക്കണമെന്ന് മീക്സ് ആവശ്യപ്പെട്ടു.
കൂടാതെ, അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് തോന്നിയാൽ ഉപരോധങ്ങളിൽ നിന്ന് 90 ദിവസത്തേക്ക് ഇളവ് നൽകാൻ പ്രസിഡന്റിന് അനുമതി നൽകണമെന്നും, ഉക്രൈന് പ്രതിരോധ ആവശ്യങ്ങൾക്കായി 1,500 കോടി ഡോളർ നേരിട്ടുള്ള വായ്പയായി നൽകണമെന്നും മീക്സ് മറ്റൊരു നിർദേശത്തിലൂടെ ആവശ്യപ്പെട്ടു.
ഹൗസ് റൂൾസ് കമ്മിറ്റി പുറത്തുവിട്ട ഈ ഭേദഗതികൾ ഉൾപ്പെടെയുള്ള ബിൽ ജനപ്രതിനിധി സഭ പാസാക്കിയാൽ മാത്രമേ ഒപ്പുവെക്കാനായി പ്രസിഡന്റിന്റെ പക്കലേക്ക് എത്തുകയുള്ളൂ. നവംബർ 3-ലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഭാ നടപടികൾ അവസാനിക്കാൻ കേവലം നാല് പ്രവർത്തി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വിഷയത്തിൽ യു.എസ് പാർലമെന്റിൽ തർക്കങ്ങൾ തുടരുന്നത്.
Content Highlight: Amendment proposed in the U.S. Congress to include India in sanctions legislation against Russia.
