ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും പിന്നീട് 300 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു ‘ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ഇപ്പോഴിതാ താൻ ഷോർട്ട് ഫിലിമുകൾ കാണുന്നത് പ്രത്യേകിച്ച് പഠിക്കാനോ അതിലെ ഓരോ കാര്യങ്ങളും വിശകലനം ചെയ്യാനോ അല്ലെന്നാണ് പറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. സുഹൃത്തുക്കൾക്കൊപ്പം എൻജോയ് ചെയ്യുന്നതിന്റെ ഭാഗമായാണ് പലപ്പോഴും ഷോർട്ട് ഫിലിമുകൾ കാണാറുള്ളതെന്നും അദ്ദേഹം വ്യത്യമാക്കി. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ഗിരീഷ് എ ഡി. Photo. Screen Grab/ Youtube

‘ഷോർട്ട് ഫിലിമുകൾ പഠിക്കാൻ വേണ്ടി കാണുന്നതല്ല. ഇത് നമ്മുടെ എൻജോയ്‌മെന്റാണ്. എഡിറ്റർ ആകാശിന്റെ വീട്ടിൽ പോയിക്കഴിഞ്ഞാൽ, രാത്രിയൊക്കെ ആകുമ്പോൾ അവിടെ പ്രൊജക്ടർ ഉണ്ട്. അതിൽ ഷോർട്ട് ഫിലിം ഇടാൻ പറയും. മലയാളം ഷോർട്ട് ഫിലിംസ്, ലേറ്റസ്റ്റ് മലയാളം ഷോർട്ട് ഫിലിംസ് എന്നൊക്കെ കൊടുത്ത് നോക്കും. 30 മിനിറ്റ് ഒക്കെയുള്ളതാണെങ്കിൽ കാണില്ല. ഒരു 15–16 മിനിറ്റ് ഒക്കെയുള്ളതാണെങ്കിൽ, നല്ല ഇൻട്രസ്റ്റിങ്ങാണെങ്കിൽ കാണും,’ ഗിരീഷ് പറഞ്ഞു.

മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള വർക്കുകളാണ് തനിക്ക് കൂടുതൽ കാണാൻ ഇഷ്ടമെന്നും അദ്ദേഹം പറയുന്നു.

‘സാത്തുകുടി പോലെയുള്ള ഷോർട് ഫിലിമുകൾ ഒക്കെ ആണേൽ ഞാൻ കാണും. എനിക്ക് കാണുമ്പോ കുറച്ചൊരു മിനിമം പ്രൊഡക്ഷൻ ക്വാളിറ്റി വേണം. ഇങ്ങനെ കളിയാക്കുന്ന അങ്ങനെത്തെ ക്വാളിറ്റി ഇല്ലാതെ ഒന്നും ഞാൻ കാണാറില്ല. കാരണം അവർ ഉള്ള ആൾക്കാരെ വെച്ച് എന്തേലും കാണിക്കുന്നതാണ്. എനിക്ക് കുറച്ച് നല്ല കാശൊക്കെ മുടക്കി, നല്ല എഡിറ്റും പരിപാടികളുമൊക്കെ അറിയുന്ന ആളുകൾ ചെയ്യുന്ന വർക്കുകളിൽ ഇങ്ങനെത്തെ കൾട്ടുകൾ ഉണ്ടാകും. അങ്ങനത്തെ സാധനങ്ങൾ കാണാൻ ഇഷ്ടമാണ്. അത് ഇരുന്ന് കാണും,’ ഗിരീഷ് പറഞ്ഞു.

ഇത്തരത്തിൽ വർഷങ്ങളായി നിരവധി ഷോർട്ട് ഫിലിമുകൾ കണ്ടിട്ടുണ്ടെങ്കിലും അതൊന്നും പ്രത്യേകിച്ച് പഠനത്തിന്റെ ഭാഗമായിരുന്നില്ലെന്നാണ് ഗിരീഷ് കൂട്ടിച്ചേർത്തു.

‘നമ്മൾ കണ്ടിട്ട് നമുക്ക് രസമായിട്ട് തോന്നുന്ന സാധനങ്ങളൊക്കെ ഇങ്ങനെ ചർച്ച ചെയ്യും. നമ്മുടെ ഒരു എൻജോയ്‌മെന്റിന് ഇരുന്ന് അതിലെ അഭിനയം, അങ്ങനെയുള്ള സംഭവങ്ങളൊക്കെ പറയും. അല്ലാതെ ഇത് അനലൈസ് ചെയ്യുന്ന പരിപാടിയൊന്നുമില്ല,’ ഗിരീഷ് വ്യക്തമാക്കി.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb

എന്നാൽ അങ്ങനെ നേരിട്ട് പഠിക്കാതെ കണ്ടുകൊണ്ടിരുന്ന ഷോർട്ട് ഫിലിമുകളൊക്കെ പിന്നീട് എഴുത്തിന് സഹായിച്ചിട്ടുണ്ടെന്നും ഗിരീഷ് വ്യക്തമാക്കി.

‘500 ഷോർട് ഫിലിമുകളൊക്കെ ഇരുന്ന് കണ്ടിട്ടുണ്ട്. അപ്പോൾ അതിൽ നിന്ന് പെട്ടെന്ന് ഒരു ഷോർട്ട് ഫിലിമിന്റെ കഥ എഴുതാൻ പറഞ്ഞുകഴിഞ്ഞാൽ സിംപിളാണ്. ഇപ്പോൾ ഒരു നാലഞ്ച് ഷോർട്ട് ഫിലിമിന്റെ കഥ വേണമെങ്കിൽ എഴുതാൻ പറ്റും. അത് ഈ ഷോർട്ട് ഫിലിം കണ്ടിട്ട് ഇതിന്റെ ബീറ്റ് ഒക്കെ അനലൈസ് ചെയ്തതുകൊണ്ടൊന്നുമല്ല. പക്ഷേ ഒരു ആവശ്യം വന്നുകഴിഞ്ഞാൽ ഇതൊക്കെയാണ് ഉപകാരപ്പെട്ടത്,’ ഗിരീഷ് പറഞ്ഞു.

Content Highlight: Girish A.D. opens up about the short films he watches