ഖലീഫയും ഐ ആം ഗെയ്മും അടക്കം രണ്ട് വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം ക്ലാഷായിട്ടായിരുന്നു നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്ലഹേം കുടുംബ യൂണിറ്റ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. രണ്ട് വമ്പന്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം ചിത്രം റിലീസ് ചെയ്യുന്നത് നല്ല തീരുമാനമല്ല എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും കൂടെയെത്തിയ ചിത്രങ്ങളെയെല്ലാം അടിച്ച് നിലംപരിശാക്കിയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം തിയേറ്ററുകളില്‍ മുന്നേറിയത്. ചിത്രത്തെ ഫാമിലി പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഓണാവധിയും കഴിഞ്ഞ് വന്‍ കുതിപ്പാണ് ബെത്ലഹേം നടത്തിയത്. ഇതോടെ കേരള ബോക്സ് ഓഫീസിലെ ഇന്‍ഡസ്ട്രി ഹിറ്റായും ചിത്രം മാറിയിരുന്നു.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com
സിനിമാ മേഖലുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സാധാരണയായി കേട്ടുവരുന്ന വാക്കാണ് ഇന്‍ഡസ്ട്രി ഹിറ്റ്. ഒരു നിര്‍ദിഷ്ട സിനിമാ മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രത്തെയാണ് സാധാരണയായി ഇന്‍ഡസ്ട്രി ഹിറ്റ് എന്ന പദം കൊണ്ട് സൂചിപ്പിക്കാറുള്ളത്. പുതിയ ചിത്രങ്ങള്‍, മുമ്പിറങ്ങിയ ചിത്രത്തെക്കാള്‍ കളക്ഷന്‍ നേടുന്ന മുറയ്ക്ക് ഈ സ്ഥാനം കൈമാറി പോരുന്നതാണ് പതിവ് രീതി. അതിനാല്‍ തന്നെ ഇന്‍ഡസ്ട്രി ഹിറ്റടിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരുപാട് കാലം ഈ നേട്ടത്തില്‍ തുടരാന്‍ സാധിക്കാറില്ല.
ഓഗസ്റ്റ് 21ന് റിലീസ് ചെയ്ത ബെത്ലഹേം അതിന്റെ മൂന്നാം ആഴ്ചയിലാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ നിന്നും 138 കോടിയോളം നേടിയാണ് ബെത്ലഹേമിന്റെ കുതിപ്പ്. അതേസമയം 123 കോടിയായിരുന്നു വാഴ 2വിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷന്‍. ഇതോടെ 2000ന് ശേഷം മലയാള സിനിമയില്‍ നിന്നും ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലെത്തുന്ന പതിനൊന്നാമത്തെ ചിത്രമായി ബെത്ലഹേം മാറിയിരുന്നു.
കേരള ബോക്സ് ഓഫീസില്‍ നിന്നും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചാണ് ബെത്ലഹേം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. റിലീസ് ചെയ്ത മൂന്നാം വീക്കെന്‍ഡിലും ചിത്രം മികച്ച പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ചവെച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഇരുപത്തിനാലാം ദിവസമായ ഇന്നലെ (ഞായറാഴ്ച) ചിത്രം നേടിയിരിക്കുന്നത് 4.28 കോടിയാണ്. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ഐ ആം ഗെയ്മിന് ഒരു കോടി പോലും നേടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബെത്ലഹേമിന്റെ 24ാം ദിനത്തിലെ നേട്ടം പ്രസക്തമാകുന്നത്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com
റിലീസ് ചെയ്ത പത്താം ദിനത്തില്‍ 9.6 കോടി നേടിയതാണ് ബെത്‌ലഹേമിന്റെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. ഇരുപത്തിയൊന്നാം ദിവസത്തില്‍ ഇത് 2.08 കോടിയായി കുറഞ്ഞിരുന്നെങ്കിലും പിന്നീടുള്ള വീക്കെന്‍ഡില്‍ നാല് കോടിയോളം നേടി ചിത്രം ഹോള്‍ഡ് നിലനിര്‍ത്തുകയാണെന്ന് വിശ്വസനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Bethlehem Kudumba unit gets massive collection from kerala box office in its 24th day
