വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയ നടിയാണ് പാർവതി അയ്യപ്പദാസ്. ‘സൂപ്പർ ശരണ്യ’യിലൂടെ സിനിമയിലെത്തിയ പാർവതി ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗിരീഷ് എ.ഡി.യുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് താരം.
ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന ജോയലിന്റെ കാമുകിയായ സായൂജ്യയെയാണ് പാർവതി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ ‘സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമിലും പാർവതിയുടെ ഡയലോഗ് ഡെലിവറിയും അഭിനയവും ശ്രദ്ധ നേടിയിരുന്നു.
‘സൂപ്പർ ശരണ്യ’യുടെ ചിത്രീകരണകാലത്തെ അനുഭവങ്ങളും മമിതയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും സംസാരിക്കുകയാണ് താരം. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘സൂപ്പർ ശരണ്യയുടെ സെക്കന്റ് ഓഡിഷൻ സമയത്താണ് ഞാൻ മമിതയെ ഫസ്റ്റ് കാണുന്നത്. മമിത കുറച്ച് പടങ്ങളൊക്കെ അപ്പോൾ കഴിഞ്ഞിട്ട് നിൽക്കുകയാണ് എന്നറിയാമായിരുന്നു. ‘വരത്തൻ’ ഒക്കെ ചെയ്ത് കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. ഞാൻ ആണെങ്കിൽ അന്ന് പടമൊന്നും ചെയ്തിട്ടില്ല. എന്റെ ഫസ്റ്റ് ഓഡിഷൻ ആണ്. എന്നിട്ടും മമിത ഭയങ്കര പാവമായിരുന്നു. സെറ്റിൽ ആണെങ്കിലും ഭയങ്കര കൂളായിട്ടുള്ള ആളാണ്. അന്നേ നമ്മളോടൊക്കെ ഭയങ്കര സ്നേഹമുള്ള കുട്ടിയായിരുന്നു. ഇപ്പോഴും അതിൽ വ്യത്യാസമൊന്നുമില്ല. എല്ലാവരോടും ഒരുപോലെ നിൽക്കുന്ന ഭയങ്കര ഗ്രൗണ്ടഡായിട്ടുള്ള കുട്ടിയാണ്,’ പാർവതി പറഞ്ഞു.
‘സൂപ്പർ ശരണ്യ’യിൽ തനിക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്ന ചിന്തയിലാണ് ചില കാര്യങ്ങൾ ചെയ്തതെന്നും പാർവതി തുറന്നുപറഞ്ഞു.
‘നമുക്ക് ആ സിനിമയിൽ കുറച്ചേ ചെയ്യാനുള്ളൂ. അപ്പോൾ എങ്ങനെയെങ്കിലും നമ്മളെ നോട്ടീസ് ചെയ്യണം എന്നുള്ള വെപ്രാളത്തിൽ ചെയ്തുപോയതാണ് ആ കൂവലൊക്കെ. പക്ഷെ അത് ഇത്രത്തോളം ആളുകൾ ശ്രദ്ധിക്കും, മീമാകും എന്നൊന്നും കരുതിയിരുന്നില്ല. ഇലക്ഷൻ ടൈമിലൊക്കെ അതിന്റെ മീമുകൾ കുറെ ഉണ്ടായിരുന്നു. നസ്‌ലെൻ പാടുന്നതും ഞാൻ കൂവുന്നതും ഒക്കെയായിട്ട് കുറെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു,’ പാർവതി പറഞ്ഞു.
സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ കൂവലും മറ്റ് കാട്ടിക്കൂട്ടലുകളുമെന്നാണ് പാർവതി പറയുന്നത്.
‘എങ്ങനെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ട് രക്ഷപ്പെടാൻ വേണ്ടി കാട്ടിക്കൂട്ടുന്നതാണ് അതൊക്കെ. നമ്മൾ ചെയ്യുന്നത് ആരേലും ശ്രെദ്ധിക്കണമല്ലോ,’ പാർവതി കൂട്ടിച്ചേർത്തു.
Content Highlight: Parvathy Ayyappadas shares her memories of ‘Super Sharanya’
