മോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റിന് പുതിയ അവകാശി വന്നിരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റാണ് പുതിയ ഇന്‍ഡസ്ട്രി ഹിറ്റ്. വാഴ 2നെ മറികടന്നാണ് ബെത്‌ലഹേം മോളിവുഡിന്റെ തലപ്പത്തേക്ക് നടന്നുകയറിയത്. 2000ന് ശേഷം മോളിവുഡില്‍ പിറവിയെടുക്കുന്ന 11ാമത്തെ ഇന്‍ഡസ്ട്രി ഹിറ്റാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.
ഓരോ ഭാഷയിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെയാണ് ഇന്‍ഡസ്ട്രി ഹിറ്റായി കണക്കാക്കുന്നത്. മലയാളത്തിന് ബെത്‌ലഹേം കുടുംബ യൂണിറ്റ് പോലെ മറ്റ് ഭാഷകളിലും ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടം സ്വന്തമാക്കിയ സിനിമകളുണ്ട്. തമിഴില്‍ രജിനികാന്ത് ചിത്രം 2.0 ആണ് നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റ്. വേള്‍ഡ്‌വൈഡ് 700 കോടിയോളമാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം ലിയോയാണ്.

തെലുങ്കിലാകട്ടെ രാജമൗലി ചിത്രം ആര്‍.ആര്‍.ആറാണ് ടോപ് ഗ്രോസ്സര്‍. 1200 കോടിക്കടുത്താണ് ചിത്രം നേടിയത്. ഈ റെക്കോഡ് മറികടക്കുന്നത് രാജമൗലിയുടെ അടുത്ത ചിത്രമായ വാരണാസിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. കന്നഡയില്‍ കാന്താര ചാപ്റ്റര്‍ വണ്ണും ഹിന്ദിയില്‍ ധുരന്ധര്‍ 2മാണ് നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍.
ഇതില്‍ മലയാളം ഒഴികെ ബാക്കി എല്ലാ ഭാഷയിലും ബിഗ് ബജറ്റ് ആക്ഷന്‍ സിനിമകളാണ് ഇന്‍ഡസ്ട്രി ഹിറ്റിന്റെ സ്ഥാനം അലങ്കരിക്കുന്നത്. മലയാളത്തില്‍ മാത്രമാണ് ഫീല്‍ ഗുഡ് റോം കോം ചിത്രം ഹൈയസ്റ്റ് ഗ്രോസറായി മാറിയത്. മറ്റൊരു ഭാഷക്കും ഈയൊരു നേട്ടം അവകാശപ്പെടാന്‍ സാധിക്കില്ല എന്നത് മോളിവുഡിന് അഭിമാനം നല്‍കുന്ന കാര്യമാണ്.

മറ്റ് ഇന്‍ഡസ്ട്രിയില്‍ കോടികള്‍ ചെലവഴിച്ച്, വലിയ താരനിരയുമായി എത്തുന്ന ആക്ഷന്‍ സിനിമകള്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുമ്പോള്‍ കണ്ടന്റിന്റെ ബലത്തിലാണ് മലയാള സിനിമ മുന്നേറുന്നത്. ആദ്യമായി നായകവേഷം ചെയ്ത ഒരുകൂട്ടം യുവാക്കളുടെ വാഴ 2നെയായിരുന്നു മലയാളം മുമ്പ് ഇന്‍ഡസ്ട്രി ഹിറ്റാക്കിയത്. നല്ല കണ്ടന്റുകളെ മലയാളി പ്രേക്ഷകര്‍ ഒരിക്കലും കൈവിടില്ലെന്നതിന്റെ സൂചനയാണിത്.

കേരളത്തില്‍ നിന്ന് മാത്രം 130 കോടിയും വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 300 കോടിയുമാണ് ബെത്‌ലഹേം സ്വന്തം പേരിലാക്കിയത്. ലോകഃ നേടിയ 300 കോടി എന്ന ബെഞ്ച്മാര്‍ക്ക് ഏതെങ്കിലും ബിഗ് ബജറ്റ് സിനിമ തകര്‍ക്കുമെന്ന് കരുതിയവരുടെ വായടപ്പിക്കുന്ന പെര്‍ഫോമന്‍സാണ് ബെത്‌ലഹേം നടത്തിയത്. ഈ റെക്കോഡ് ഇനി ഏത് സിനിമ തകര്‍ക്കുമെന്നാണ് പലരുടെയും ചര്‍ച്ച.
Content Highlight: Bethlehem Kudumba Unit is the only feel good movie in the list of Industry hits
