കോഴിക്കോട്: തനിക്കെതിരെയുള്ള ഹവാല ആരോപണം നേരത്തെ പൊളിഞ്ഞപ്പോൾ ഇ.ഡി ഇപ്പോൾ പുതിയ കഥ മെനയുകയാണെന്ന് പി. എ. മുഹമ്മദ് റിയാസ്. സമൂഹത്തിൽ തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 27-ന് ലഭിച്ച വിവരങ്ങൾ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പാർട്ടി റാലി നടക്കുന്ന ഇന്നത്തെ ദിവസം തന്നെ പുറത്തുവിട്ടതിലെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി.

ബേപ്പൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ‘നമ്മൾ ബേപ്പൂർ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹവാല ഇടപാടുകൾക്കുള്ളതാണെന്ന തരത്തിലാണ് വാർത്തകൾ ചോർത്തി നൽകുന്നത്. എന്നാൽ നാട്ടിലെ സമസ്ത മേഖലകളിലെ ജനങ്ങളും മാധ്യമപ്രവർത്തകരും അടങ്ങുന്നതാണ് ആ ഗ്രൂപ്പ്. ഗ്രൂപ്പിലെ ചാറ്റുകളും വിവരങ്ങളും ആർക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ ഹവാല ഇടപാട് സമ്മതിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശുദ്ധ അസംബന്ധവും കളവുമാണ്. മൂന്ന് തവണ ചോദ്യം ചെയ്തിട്ടും ഒരിക്കൽ പോലും ഇ.ഡി ഹവാല സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചിട്ടില്ല. റെയ്ഡിൽ കണ്ടെടുത്ത രേഖകളുടെ അടിയിൽ ‘കൈപ്പറ്റി’ എന്ന നിലയിൽ ഒപ്പിട്ടു നൽകുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. അത് കുറ്റസമ്മതമല്ല. ധൈര്യമുണ്ടെങ്കിൽ ഇ.ഡി  വീണ നൽകിയ കൃത്യമായ മൊഴി കൂടി പുറത്തുവിടാൻ തയ്യാറാകണമെന്ന് റിയാസ് വെല്ലുവിളിച്ചു.

ഭാവിയിൽ തുടങ്ങാൻ ഉദ്ദേശിച്ച ഒരു ബിസിനസ് ആശയവുമായി ബന്ധപ്പെട്ട് എഴുതിവെച്ച ചില കാര്യങ്ങളെയാണ് വളച്ചൊടിച്ച് കള്ളപ്പണമാക്കി ചിത്രീകരിക്കുന്നത്. ഇത് ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയ തിരക്കഥയാണെന്നും, ഈ സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.

‘ഇത് ഒരു നല്ല സ്ക്രിപ്റ്റ് ആണ്. നല്ല നിലയിൽ എഴുതിയ സ്ക്രിപ്റ്റ് ആണ്. ആ സ്ക്രിപ്റ്റിന് ദേശീയതലത്തിൽ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡ് കൊടുക്കാൻ പറ്റിയാൽ ഇത് എഴുതിയ ആൾക്ക് കൊടുക്കണം’ അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അടക്കമുള്ള രാജ്യത്തെ ബി.ജെ.പി ഇതര രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ.ഡി നടത്തുന്ന സ്ഥിരം ശൈലിയാണിത്. ‘മഞ്ഞില വീഴുമ്പോൾ പച്ചില ചിരിക്കേണ്ടതില്ല’ എന്ന് ഓർമിപ്പിച്ച റിയാസ് , ആത്മവിശ്വാസത്തോടെ വിഷയത്തെ നിയമപരമായി നേരിടുമെന്നും ഒരടി പോലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.

Content Highlight: ED is cooking up a new story; the claim that Veena admitted to hawala transactions is utter nonsense,” says Mohammed Riyas.