കോഴിക്കോട്: മുസ്‌ലിം ലീഗ് സംഘപരിവാറുമായി കൂടുതൽ ഐക്യം രൂപപ്പെടുത്താനും ഭരണസംവിധാനത്തിന്റെ ഭാഗമാകാനും ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

കോഴിക്കോട് നടക്കുന്ന സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ലീഗിന്റെ നിലപാടുകൾ ഇത് വ്യക്തമാക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ അതേപടി സ്വീകരിക്കുന്ന സമീപനമാണ് അവർക്കുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

‘സംഘപരിവാറുമായി കൂടുതൽ കൂടുതൽ ഐക്യം രൂപപ്പെടുത്താൻ ഭരണസംവിധാനത്തിന്റെ ഭാഗമായി മാറുകയും ചെയുന്ന കഴ്ചയാണ് പി.എം. ശ്രീ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലീഗ് എടുത്തുകൊണ്ടിരിക്കുന്ന സമീപനം’ എന്ന് അദ്ദേഹം പറഞ്ഞു.

വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിയുടെ മാധ്യമ സംവിധാനങ്ങളെയും ജനങ്ങളുടെ ശരിയായ കാഴ്ചപ്പാടുകളെയും ഉപയോഗിച്ച് തുടർച്ചയായ ആശയസമരം നടത്തേണ്ടതുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

പാർട്ടി പ്രവർത്തനങ്ങളിലെ പോരായ്മകൾ തിരുത്താനും പ്രാദേശിക തലത്തിലെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാനും താഴേതലം വരെ ഗൗരവപൂർണമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

മുതലാളിത്ത വ്യവസ്ഥയിൽ പ്രവർത്തിക്കുമ്പോൾ കടന്നുവരാൻ സാധ്യതയുള്ള തെറ്റായ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാൻ ആവശ്യമായ പദ്ധതികൾ ഈ വിപുലീകൃത സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്യും. പുതിയ മേഖലകളിലെ തൊഴിലാളികളെയും ജീവനക്കാരെയും സംഘടിപ്പിക്കാനും പാർട്ടി അംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വലതുപക്ഷവൽക്കരണത്തിന്റെ തുടർച്ചയായി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ പിണറായി വിജയനെതിരെ ഇ.ഡിയും മാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണങ്ങൾ യഥാർത്ഥത്തിൽ പാർട്ടിക്കെതിരെയുള്ള കടന്നാക്രമണമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ ബേബി ചൂണ്ടിക്കാട്ടിയതായും എം.വി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ പാർട്ടി ശക്തിപ്പെടുത്തേണ്ടതും ആശയസമരത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടതും അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എ ബേബി ഓർമിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി ചേരുന്നതിനെതിരെ വരുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മുൻപും തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഉണ്ടായ ഘട്ടങ്ങളിൽ ഇത്തരം യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight:Muslim League is aligning with the Sangh Parivar: M.V. Govindan.