മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാജീവിതത്തില്‍ പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ ബാക്കിയില്ല. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആശ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഉര്‍വശിയുടെ പ്രകടനത്തെ പലരും വാനോളം പ്രശംസിക്കുന്നുണ്ട്.

എന്നാല്‍ ഇതിനിടയില്‍ ഉര്‍വശിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടമാളുകള്‍. കഴിഞ്ഞദിവസം ആശയുടെ പ്രസ് മീറ്റിനിടെ ഉര്‍വശിയെ സ്വാഗതം ചെയ്ത അവതാരികയോട് താരം നല്‍കിയ മറുപടിയാണ് ചര്‍ച്ചയായിരിക്കുന്നത്. സിനിമാ പ്രൊമോഷന്‍ ഇവന്റുകള്‍ ആങ്കര്‍ ചെയ്യുന്നവര്‍ സാധാരണയായി ഇംഗ്ലീഷും മലയാളവും കലര്‍ന്നാണ് സംസാരിക്കുക. ആശയുടെ പ്രസ്മീറ്റില്‍ അങ്ങനെ സംസാരിച്ച അവതാരികയെ പരസ്യമായി കളിയാക്കുകയായിരുന്നു.

ഉർവശി. Photo. Screen Grab/ Youtube

‘കൊച്ചേ, കേരളത്തില്‍ വന്നുകൊണ്ട് മലയാളികള്‍ ഇത്ര വലിയ സംഭവമാണെന്ന് പറഞ്ഞിട്ട് ഇംഗ്ലീഷില്‍ എന്തിനാണ് ഇങ്ങനെ കടുക് വറക്കുന്നത്. മലയാളികളല്ലേ ഇവിടെ നില്‍ക്കുന്ന എല്ലാവരും. ഞാന്‍ വിചാരിച്ചു ഐശ്വര്യ ലക്ഷ്മി ചെന്നൈയില്‍ നിന്ന് ബിസിയായിട്ട് വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നതായിരിക്കും എന്ന്. എന്നെയും ഇംഗ്ലീഷില്‍ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങള്‍ എന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെ ഒന്ന് രക്ഷപ്പെടുത്ത്’ എന്നായിരുന്നു ഉര്‍വശിയുടെ വാക്കുകള്‍.

എന്നാല്‍ ഇതിനെതിരെ ഒരുകൂട്ടമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രതികരണം അറിയിച്ചു. ഇംഗ്ലീഷ് സംസാരിക്കുന്നത് അത്ര മോശമല്ലെന്നും അതില്‍ എന്തെങ്കിലും അസൗകര്യം തോന്നിയാല്‍ ഇങ്ങനെ പൊതുവേദിയില്‍ വെച്ച് കളിയാക്കുകയല്ല വേണ്ടതെന്നുമാണ് പലരും തങ്ങളുടെ പോസ്റ്റില്‍ കുറിച്ചത്.

ഉര്‍വശിയുടെ പെരുമാറ്റത്തെ പഴയൊരു സംഭവവുമായി ചിലര്‍ കണക്ട് ചെയ്യുന്നുമുണ്ട്. 2011ല്‍ സ്റ്റാര്‍ സിങറിന്റെ ഗ്രാന്‍ഡ് ഫിനാലെക്കിടെ ചലച്ചിത്ര താരം ജഗതി ശ്രീകുമാര്‍ ആ പരിപാടിയുടെ അവതാരികയായ രഞ്ജിന് ഹരിദാസിനെ പരസ്യമായി പരിഹസിച്ചിരുന്നു. രഞ്ജിനിയുടെ ആക്‌സന്റിനെ അനുകരിച്ചുകൊണ്ട് ജഗതി സംസാരിച്ചത് പലരിലും അന്ന് ചിരിയുണര്‍ത്തിയെങ്കിലും സമീപകാലത്ത് ആ പ്രവൃത്തി വിമര്‍ശനത്തിന് വിധേയമായി. ജഗതിയെയും ഉര്‍വശിയെയും താരതമ്യം ചെയ്തുകൊണ്ടും ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അത്തരം പ്രൊമോഷന്‍ പരിപാടി സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്‌മെന്റുകാര്‍ ആങ്കര്‍മാരോട് ഇംഗ്ലീഷിലും കൂടി സംസാരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും അതനുസരിച്ചാകും അവര്‍ സംസാരിക്കുകയെന്നും ഈ ഫീല്‍ഡിലുള്ള ചിലര്‍ തങ്ങളുടെ അനുഭവം പങ്കുവെക്കുന്നുണ്ട്. ഉര്‍വശിയുടെ വാക്കുകള്‍ ശരിയായില്ലെന്നും കമന്റുകളുണ്ട്.

ഉർവശി. Photo. Screen Grab/ Youtube

എന്നാല്‍ ഉര്‍വശിയെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. താരം പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും മലയാളികള്‍ക്ക് മുന്നില്‍ സംസാരിക്കുമ്പോള്‍ എന്തിനാണ് ആവശ്യമില്ലാതെ ഇംഗ്ലീഷില്‍ സംസാരിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ ചോദ്യം. തമിഴ്‌നാട്ടില്‍ പല പരിപാടികളിലും തമിഴില്‍ തന്നെയാണ് ആളുകള്‍ സംസാരിക്കുകയെന്നും അവരൊന്നും ആവശ്യമില്ലാതെ ഇംഗ്ലീഷില്‍ സംസാരിക്കില്ലെന്നും ഇത്തരം ആളുകളുടെ പോസ്റ്റില്‍ പറയുന്നു.

Content Highlight: Urvashi’s comments on Anchor during Aasha movie press meet getting criticisms