പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും സന്ദര്‍ശകരെ വീഴ്ത്തി ജോ റൂട്ടും സംഘവും പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
അവസാന ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും ജോര്‍ദന്‍ കോക്‌സിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
സ്‌കോര്‍
പാകിസ്ഥാന്‍: 133 & 449
ഇംഗ്ലണ്ട്: 453 & 130/2 (T: 130)
നാലാം ഇന്നിങ്‌സില്‍ ജോ റൂട്ട് 69 പന്തില്‍ 62 റണ്‍സ് നേടിയും ജോര്‍ദന്‍ കോക്‌സ് 76 പന്തില്‍ 59 റണ്‍സ് നേടിയും പുറത്താകാതെ നിന്നു.
ഈ പ്രകടനത്തിന് പിന്നാലെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവുമധികം ടെസ്റ്റ് ഫിഫ്റ്റിയെന്ന ചരിത്ര നേട്ടവും റൂട്ട് തന്റെ പേരിലാക്കിയിരുന്നു. തന്റെ ടെസ്റ്റ് കരിയറിലെ 69ാം അര്‍ധ സെഞ്ച്വറി നേടിയാണ് റൂട്ട് സച്ചിന്റെ 68 ടെസ്റ്റ് ഫിഫ്റ്റിയെന്ന റെക്കോഡ് പഴങ്കഥയാക്കിയത്.
ഈ റെക്കോഡില്‍ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (66), അലന്‍ ബോര്‍ഡര്‍ (63), രാഹുല്‍ ദ്രാവിഡ് (63), റിക്കി പോണ്ടിങ് (62), ജാക് കാല്ലിസ് (58), അലസ്റ്റര്‍ കുക്ക് (57), വി.വി.എസ്. ലക്ഷ്മണ്‍ (56), കുമാര്‍ സംഗക്കാര (56) എന്നീ ഇതിഹാസങ്ങളെ റൂട്ട് നേരത്തെ മറികടന്നിരുന്നു.
അതേസമയം, ഈ വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവും റൂട്ട് സ്വന്തമാക്കി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിജയം നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. വിരാട് കോഹ്‌ലിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റൂട്ട് ഈ നേട്ടത്തില്‍ മൂന്നാമനായത്.

വിരാട് കോഹ്ലിക്കൊപ്പം
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് 14 വിജയങ്ങളുമായി റൂട്ടും വിരാടും മൂന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ബെര്‍മിങ്ഹാമില്‍ വിജയക്കൊടി നാട്ടിയതോടെയാണ് റൂട്ട് 15 വിജയത്തോടെ വിരാടിനെ പിന്തള്ളിയത്. ബെന്‍ സ്റ്റോക്‌സിന്റെ പടിയിറക്കത്തോടെ ഏറെ നാളുകള്‍ക്ക് ശേഷം ക്യാപ്റ്റനായി മടങ്ങിയെത്തിയ ആദ്യ പരമ്പര തന്നെ വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കാനും റൂട്ടിനായി.

ജോ റൂട്ട്. Photo: ECB/x.com
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിജയം നേടുന്ന ക്യാപ്റ്റന്‍
(താരം – ടീം- വിജയം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ വിജയശതമാനം)
പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 25 (62.50%)
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 21 (52.50%)
ജോ റൂട്ട് – ഇംഗ്ലണ്ട് – 15 (41.66%)
വിരാട് കോഹ്‌ലി – ഇന്ത്യ – 14 (63.63%)
രോഹിത് ശര്‍മ – ഇന്ത്യ – 12 – (50.0%)
തെംബ ബാവുമ – സൗത്ത് ആഫ്രിക്ക – 11 (91.66%)
ടോം ലാഥം – ന്യൂസിലാന്‍ഡ് – 11 (55.00%)
ഈ വിജയത്തോടെ ഇംഗ്ലണ്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ആറാമതാണ്. 16 മത്സരത്തില്‍ നിന്ന് ഏഴ് വിജയവും എട്ട് തോല്‍വിയും ഒരു സമനിലയുമായി 74 പോയിന്റും 38.54 പോയിന്റ് ശതമാനവുമാണ് ഇംഗ്ലണ്ടിനുള്ളത്.
അതേസമയം, ഈ സൈക്കിളില്‍ കളിച്ച ഒമ്പതില്‍ ഏഴ് ടെസ്റ്റും പരാജയപ്പെട്ട പാകിസ്ഥാന്‍ പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. രണ്ട് ജയത്തോടെ 16 പോയിന്റും 14.81 പി.സി.ടിയുമാണ് ഏഷ്യന്‍ ടീമിന്റെ സമ്പാദ്യം.
ഡിസംബറിലാണ് ഇനി ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പര. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ അവരുടെ തട്ടകത്തിലെത്തി മൂന്ന് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് കളിക്കുക.
Content Highlight: Joe Root surpasses Virat Kohli on the list of captains with the most wins in the World Test Championship.
