തിരുവനന്തപുരം: കനിവ്-108 ആംബുലന്‍സ് സര്‍വീസിന് കീഴിലുള്ള ഡ്രൈവര്‍മാരും ജീവനക്കാരും പണിമുടക്കുന്നതിനെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

2025-26 വര്‍ഷത്തെ ബോണസ് തര്‍ക്കത്തെത്തുടര്‍ന്നാണ് സെപ്തംബര്‍ 17 മുതല്‍ ആംബുലന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

ഇത് തടയാനായി ‘എസ്മ'(അവശ്യ സേവന പരിപാലനനിയമം) പ്രയോഗിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയിരുന്നു.

അടിയന്തര സേവനമായ ആംബുലന്‍സുകള്‍ പണി മുടക്കുന്നത് രോഗികളുടെ ജീവന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി സമരം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ പണിമുടക്കുനോട്ടീസ് നല്‍കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതിനുശേഷം അവരുമായി സംസാരിച്ച് കരാറിലെത്തിയതാണ്. പക്ഷേ, അവര്‍ തുടര്‍ച്ചയായി ആവശ്യങ്ങളുന്നയിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു സാഹചര്യത്തിലും ഈ മേഖലയില്‍ ഒരു പണിമുടക്കും അനുവദിക്കാന്‍ കഴിയില്ല. കാരണം 108 ആംബുലന്‍സ് സേവനം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ആവശ്യങ്ങളും ഉള്ളവര്‍ക്കുള്ളതാണ്. അപ്പോള്‍ ആ രോഗികളെ സംരക്ഷിക്കണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ? അതിനായി നമ്മള്‍ ഏതറ്റം വരെയും പോകേണ്ടി വരും,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും ആംബുലന്‍സ് ജീവനക്കാരും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നും അവരെ ഏജന്‍സികളാണ് നിയമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നിട്ടും ഈ പ്രശ്‌നത്തിലിടപെടാന്‍ സര്‍ക്കാര്‍ തയ്യാറായി. മാനേജ്‌മെന്റിന് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

‘ആര്‍ക്കും എന്നെ എപ്പോള്‍ വേണമെങ്കിലും വന്ന് കാണാം. അതല്ലാതെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കരുത്,’ മന്ത്രി പറഞ്ഞു.

സംസ്ഥാന ആരോഗ്യ ഏജന്‍സിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി ഒരു കോണ്‍ഗ്രസ് നേതാവിനെ നിയമിക്കാനുള്ള നീക്കത്തെപ്പറ്റി ചോദിച്ചപ്പോള്‍ ആരോഗ്യവകുപ്പിലെ സ്ഥാനങ്ങള്‍ അങ്ങനെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊടുക്കാനുള്ളതല്ലെന്നും, മാനദണ്ഡമനുസരിച്ച് യോഗ്യരായവരെ നിയമിക്കുമെന്നും ആരോഗ്യമന്ത്രി മറുപടി നല്‍കി.

Content Highlight: Ambulance drivers strike cannot be allowed in Keralam; K Muraleedharan.