കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പാര്‍ട്ടിയോട് ചോദ്യവുമായി വടകര എം.എല്‍.എ കെ.കെ. രമ. സി.പി.ഐ.എമ്മിന്റെ വിപുലീകൃതകമ്മിറ്റി യോഗം കോഴിക്കോട് നടന്നുകൊണ്ടിരിക്കവെയാണ് ഫേസ്ബുക്കിലൂടെ ചോദ്യമുന്നയിച്ചത്.
തെറ്റു തിരുത്താന്‍ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാര്‍ക്ക് പാര്‍ട്ടിയുടെ തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടിയെന്ന കുറ്റത്തിന് കോഴിക്കോട് ജില്ലയുടെ മണ്ണില് വെട്ടിനുറുക്കി തീര്‍ത്ത ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തെറ്റ് ഇനിയെങ്കിലും ഏറ്റുപറയാനുള്ള ധൈര്യമുണ്ടോ എന്നാണ് കെ.കെ രമ ചോദിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം., നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വി എസ്സും, വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില് വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?!!
Content Highlights: Vadakara mla K.K. Rama questions CPIM leaders attending the extended state committee meeting in Kozhikkode about the murder of T.P Chandrasekharan.
