ഇന്ത്യൻ യുവവിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ലഭിച്ച നിധിയാണ് വൈഭവെന്നാണ് സ്റ്റെയ്ൻ പറഞ്ഞത്. ഇന്റർനാഷണൽ ക്രിക്കറ്റിൽ പല താരങ്ങളെക്കാളും മികച്ച പ്രകടനം വൈഭവ് കാഴ്ചവെക്കുന്നുണ്ടെന്നും സ്റ്റെയ്ൻ അഭിപ്രായപ്പെട്ടു. എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റെയ്ൻ.

‘സൂര്യവംശി കഴിവുള്ള താരമാണ്. ഇപ്പോൾ അവൻ പല അന്താരാഷ്ട്ര താരങ്ങളെക്കാളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ക്രിക്കറ്റിലെ ഒരു അത്ഭുത പ്രതിഭയാണ് അവൻ. ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച വലിയൊരു നിധിയാണ് സൂര്യവംശി,’ സ്റ്റെയ്ൻ പറഞ്ഞു.

2026 ദുലീപ് ട്രോഫി ചാമ്പ്യൻമാരായ ഈസ്റ്റ് സോൺ ടീമിലെ അംഗമായിരുന്നു വൈഭവ്. ചെന്നൈയിൽ നടന്ന കലാശപ്പോരാട്ടം സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോർ നേടിയതിന്റെ കരുത്തിലാണ് ഈസ്റ്റ് സോൺ ചാമ്പ്യൻമാരായത്.

ടൂർണമെന്റിൽ മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയിരുന്നത്. സെമി ഫൈനലിൽ സെൻട്രൽ സോണിനെതിരെ വൈഭവ് 81 പന്തിൽ 92 റൺസ് നേടിയാണ് തിളങ്ങിയത്. ഏഴ് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഇതോടെ ദുലീപ് ട്രോഫിയിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. 15 വയസും 157 ദിവസവും പ്രായമായുള്ളപ്പോഴാണ് താരത്തിന്റെ ഈ ചരിത്രനേട്ടം. 57 വർഷം പഴക്കമുള്ള റെക്കോഡാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ തകർത്തത്.

1969 ലക്ഷ്മൺ സിങ് നേടിയ റെക്കോഡാണ് വൈഭവ് തകർത്തെറിഞ്ഞത്. 16 വയസും 23 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ലക്ഷ്മൺ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഈസ്റ്റ് സോണിനെ നയിച്ചതും വൈഭവ് തന്നെയാണ്.

ക്യാപ്റ്റൻ ഇഷാൻ കിഷന് പരിക്കേറ്റ് പുറത്താവേണ്ടി വന്നതിന് പിന്നാലെയാണ് ഈ വലിയ ചുമതല സൂര്യവംശിയെ തേടിയെത്തിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി.

 

Content Highlight: South African legend Dale Steyn praises Vaibhav Suryavanshi