അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 ഐ പരമ്പരയില്‍ സഞ്ജു സാംസണെ വീണ്ടും ഓപ്പണറായി തിരികെ കൊണ്ടുവരണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവേക് രസ്ദാന്‍.

ഇന്ത്യയുടെ ടി-20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സഞ്ജുവെന്നും, യുക്തിസഹമായി പരിശോധിക്കുമ്പോള്‍ ഇന്ത്യ വീണ്ടും സഞ്ജുവിനെ തന്നെ കളത്തിലിറക്കണമെന്നും രസ്ദാന്‍ പറഞ്ഞു.

വിവേക് രസ്ദാന്‍

സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ സംസാരിക്കവെയാണ് രസ്ദാന്‍ ഓപ്പണറായി സഞ്ജുവിനെ തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിച്ചത്.

സഞ്ജു സാംസൺ. Photo: BCCI/x.com

‘ടോപ്പ് ഓര്‍ഡറില്‍ നമുക്കുള്ള നാല് ഓപ്ഷനുകളില്‍ മൂന്ന് പേര്‍ക്ക് മാത്രമേ കളിക്കാന്‍ സാധിക്കൂ. സോഷ്യല്‍ മീഡിയയിലെ തരംഗവും ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങളും കാരണം വൈഭവ് സൂര്യവംശി ഒരു വലിയ പേരായി മാറിയെന്നതാണ് ഇവിടെയുള്ള പ്രധാന പ്രശ്‌നം. എപ്പോഴും അവനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

എന്റെ അഭിപ്രായത്തില്‍, നമ്മള്‍ കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടതുണ്ട്. കാരണം ഇവിടെ സംസാരിക്കുന്നത് സഞ്ജു സാംസണെക്കുറിച്ചാണ്. അഭിഷേക് ശര്‍മയെയും ഇഷാന്‍ കിഷനെയും മാറ്റുന്നതിനെ കുറിച്ച് നമുക്കൊരിക്കലും ചിന്തിക്കാന്‍ പോലും സാധിക്കില്ല.

ബാറ്റിങ് നിരയില്‍ വലംകൈയ്യന്‍ ബാറ്റര്‍ എന്ന നിലയിലും സ്വയം തെളിയിച്ച മാച്ച് വിന്നര്‍ എന്ന നിലയിലും സഞ്ജു സാംസണ്‍ ടീമിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് നേടിത്തരികയും ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കളിക്കാരനാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ ഇതൊരു സങ്കീര്‍ണമായ പ്രശ്‌നമായി മാറുന്നു.

ഇവിടെ യുക്തി പരിശോധിച്ചാല്‍ നിങ്ങള്‍ സഞ്ജു സാംസണിലേക്ക് തന്നെ തിരിച്ചുപോകണം. ഇന്ത്യയുടെ ബാറ്റിങ് നിര പരിശോധിച്ചാല്‍ ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരെല്ലാം ഇടങ്കൈയ്യന്‍ ബാറ്റര്‍മാരാണ്. ശ്രേയസ് അയ്യര്‍ മാത്രമാണ് അവിടെയുള്ള ഒരു വലംകൈയ്യന്‍ താരം.

സഞ്ജു സാംസൺ. Photo: BCCI/x.com

കൂടാതെ, സഞ്ജു സാംസണ്‍ എന്നത് നമ്മള്‍ ചര്‍ച്ച ചെയ്യാവുന്ന ഒരു ചെറിയ പേരല്ല. അതിനാല്‍, എന്റെ അഭിപ്രായത്തില്‍ ഇന്ത്യ സഞ്ജു സാംസണെ വെച്ച് തന്നെ പരമ്പര ആരംഭിക്കാന്‍ ശ്രദ്ധിക്കണം,’ അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് ശേഷമുള്ള യു.കെ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് സഞ്ജുവിന് പകരം വൈഭവ് സൂര്യവംശി ടീമില്‍ ഇടം നേടിയത്. ലഭിച്ച അവസരം കൃത്യമായി മുതലാക്കിയ വൈഭവ് ഷെവ്‌റോണ്‍സിനെതിരെ രണ്ട് അര്‍ധ സെഞ്ച്വറിയുമായി പരമ്പരയുടെ താരമായി കരുത്ത് കാട്ടിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര്‍ 13നാണ് ആദ്യ ടി-20. ശേഷം 15, 17 തീയതികളില്‍ അടുത്ത രണ്ട് മത്സരവും നടക്കും. ദല്‍ഹിയാണ് രണ്ട് മത്സരത്തിനും വേിദിയാകുന്നത്.

 

Content highlight: Former player Vivek Razdan has suggested that Sanju Samson should be brought back as an opener for the series against Afghanistan.