തന്റെ നിലപാട് ഒരു പൊതുവേദിയില്‍ വെച്ച് പറഞ്ഞതിന്റെ പേരില്‍ പത്തുവര്‍ഷമായി സൈബര്‍ അറ്റാക്ക് നേരിടേണ്ടി വരുന്ന നടിയാണ് പാര്‍വതി. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ റിലീസാകുമ്പോഴെല്ലാം പാര്‍വതിയുടെ പേര് അനാവശ്യമായി വലിച്ചിടാറുണ്ട്. യഷ് നായകനായ ടോക്‌സിക് പരാജയപ്പെട്ടപ്പോഴും ഈയൊരു ചടങ്ങിന് മുടക്കം വന്നില്ല.

എന്നാല്‍ സൈബര്‍ അറ്റാക്കുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ, തന്റെ ജോലി സിനിമ ചെയ്യുക എന്നത് മാത്രമാണെന്ന രീതിയില്‍ മുന്നോട്ട് പോവുകയാണ് പാര്‍വതി. ഓരോ സിനിമ കഴിയുന്തോറും തന്നിലെ പെര്‍ഫോമറെ തേച്ചുമിനുക്കുകയാണവര്‍. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല.

സ്‌ക്രീനിലെത്തുന്ന ഓരോ താരങ്ങളും അവരുടെ മാക്‌സിമം ഔട്ട്പുട്ട് പുറത്തെടുത്തിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍, അസീസ് തുടങ്ങിയവരെല്ലാം പൊലീസ് വേഷത്തില്‍ മുന്നേ കഴിവ് തെളിയിച്ചവരാണ്. കരിയറില്‍ ആദ്യമായി കാക്കിയണിഞ്ഞ പാര്‍വതിക്കും മാത്യു തോമസിനും ഈ സിനിമ ഒരു വലിയ കടമ്പയായിരുന്നു.

റിലീസിന് മുമ്പ് ഇരുവരുടെയും പൊലീസ് വേഷം ട്രോള്‍ മെറ്റീരിയലാകുമെന്ന് കരുതിയവരുടെ വായടപ്പിച്ചാണ് പാര്‍വതി പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ പെര്‍ഫോം ചെയ്തത്. അലീന എബ്രഹാം എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഭര്‍ത്താവ് മരിച്ച ഒഴിവില്‍ സര്‍വീസില്‍ കയറിയ ആളാണ് അലീന. അവളുടെ ട്രെയ്‌നിങ് കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ അവളിലൂടെ അവസാനിക്കുമ്പോള്‍ നിറഞ്ഞ കൈയടികളാണ് ലഭിക്കുന്നത്.

അബദ്ധത്തില്‍ സംഭവിച്ചുപോകുന്ന ഒരു ക്രൈം. അതില്‍ നിന്ന് രക്ഷപ്പെടാനും ഒപ്പമുള്ളവരെ സുരക്ഷിതരാക്കാനും അലീന നടത്തുന്ന ജീവന്മരണ പോരാട്ടത്തില്‍ ഓരോ പ്രേക്ഷകരും അവളുടെ ഒപ്പമാണ് നില്‍ക്കുന്നത്. അങ്ങനെയൊരു പ്രതീതി ഉണ്ടാക്കിയെടുക്കാന്‍ തന്റെ പെര്‍ഫോമന്‍സിലൂടെ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് സീനിലെ അലീനയുടെ ഡയലോഗിന് തിയേറ്ററില്‍ കൈയടിയുടെ മേളമായിരുന്നു.

സിനിമ മോശമായാലും പാര്‍വതിയുടെ പെര്‍ഫോമന്‍സിനെ ആരും ഒരിക്കലും മോശമെന്ന് പറയാറില്ല. നല്ല സിനിമയില്‍ ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കുക എന്നത് വളരെ അപൂര്‍വമായി മാത്രമേ പലര്‍ക്കും സാധിക്കുകയുള്ളൂ. പ്രഥദൃഷ്ട്യാ കുറ്റക്കാര്‍ കണ്ടുകഴിയുമ്പോള്‍ അലീനയും അവളുടെ ധീരതയും ഓരോ പ്രേക്ഷകന്റെ മനസിലുമുണ്ടാകും.

നായകനൊപ്പം ആടാനും പാടാനും ഐ ക്യാന്‍ഡിയായി നില്‍ക്കാനും വേണ്ടി മാത്രം പല ഇന്‍ഡസ്ട്രികളും നായികമാരെ കാസ്റ്റ് ചെയ്യുമ്പോള്‍ മലയാളസിനിമ മാത്രം വ്യത്യസ്തമായി നില്‍ക്കാറുണ്ട്. ഇന്ത്യന്‍ സിനിമക്ക് ഗംഭീര നടിമാരെ സമ്മാനിച്ച മോളിവുഡില്‍ ഈ ജനറേഷനിലെ ഏറ്റവും മികച്ച നടിയായി പാര്‍വതിയെ കണക്കാക്കാം. പെര്‍ഫോമര്‍ പാര്‍വ’തീ’ ഇനിയും ഞെട്ടിക്കും.

Content Highlight: Parvathy Thiruvoth’s performance in Pradhama Drishtya Kuttakkar movie