ഓസ്‌ട്രേലിയ എ ടീമിനെതിരെയുള്ള വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിന്റെ നായകസ്ഥാനത്തെക്കുറിച്ച് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും ഡൊമസ്റ്റിക് ലെജന്‍ഡുമായ വസീം ജാഫര്‍.
നായകസ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചയില്‍ ഋതുരാജ് ഗെയ്ക്‌വാദ്, രജത് പാടിദാര്‍, ഇഷാന്‍ കിഷന്‍ എന്നീ മൂന്ന് പേരുകളെയും പരിഗണിക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

വസീം ജാഫര്‍
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ അവസാന വാരമാണ് ഇന്ത്യ എ – ഓസ്‌ട്രേലിയ എ പരമ്പര നടക്കുന്നത്. ഇന്ത്യയാണ് വേദി. സെപ്റ്റംബര്‍ 22 മുതല്‍ രണ്ട് മള്‍ട്ടിഡേ മത്സരങ്ങളും ഒക്ടോബര്‍ ആറ് മുതല്‍ മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. പുതുച്ചേരിയിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്‌വാദിനെയും വൈസ് ക്യാപ്റ്റനായി ദേവ്ദത്ത് പടിക്കലിനെയും തെരഞ്ഞെടുത്തിരുന്നു.

ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com
സ്‌ക്വാഡില്‍ രജത് പാടിദാര്‍ ഉണ്ടെന്നിരിക്കെ ഗെയ്ക്‌വാദിനെ നായകനാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 2025, 2026 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തുടര്‍ച്ചയായ ഐ.പി.എല്‍ കിരീടങ്ങളിലേക്ക് നയിച്ച മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നിരിക്കവെയാണ് പാടിദാറിനെ തഴഞ്ഞത് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

രജത് പാടിദാര്‍. Photo: RCB/x.com
എന്നാല്‍ ടീമിലെ മുതിര്‍ന്ന താരം എന്ന നിലയില്‍ മാത്രമായിരിക്കാം ഗെയ്ക്‌വാദിന് നായകസ്ഥാനം നല്‍കിയതെന്നാണ് വസീം ജാഫറിന്റെ നിരീക്ഷണം.
‘എനിക്കറിയാവുന്നിടത്തോളം ഗെയ്ക്‌വാദ് കുറച്ചുകൂടി സീനിയര്‍ കളിക്കാരനാണ്. അദ്ദേഹം കുറച്ചുകാലമായി ഇന്ത്യ എ ടീമിനായി കളിക്കുന്നുണ്ട്. എങ്കിലും രജത് പാടിദാര്‍ ക്യാപ്റ്റന്‍സി അര്‍ഹിക്കുന്നുണ്ടെന്ന വാദത്തിലും കാര്യമുണ്ട്.
ഇഷാന്‍ കിഷന്റെ കാര്യവും അങ്ങനെ തന്നെ, അദ്ദേഹം ടീമിനെ നന്നായി നയിക്കുന്നുമുണ്ട്. എന്നാല്‍ ഈ മൂന്ന് പേരില്‍ ആര്‍ക്ക് വേണമെങ്കിലും നിങ്ങള്‍ക്ക് ക്യാപ്റ്റന്‍സി നല്‍കാം. ഇതത്ര വലിയ കാര്യമായി ഞാന്‍ കാണുന്നില്ല.

ഇഷാന്‍ കിഷന്‍. Photo: BCCI/x.com
പാടിദാറിനും കിഷനും മികച്ച റെക്കോര്‍ഡുകള്‍ അവകാശപ്പെടാനുണ്ടെങ്കിലും സീനിയോറിറ്റിയില്‍ ഗെയ്ക്‌വാദ് അല്പം മുന്നിലാണ്. കളിക്കാര്‍ക്ക് അതില്‍ എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ല,’ വസീം ജാഫര്‍ വ്യക്തമാക്കി.
Content Highlight: Wasim Jaffer on India As captaincy
