ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി തന്റെ കളിശൈലിയില്‍ മാറ്റം വരുത്തരുതെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജിന്‍ക്യ രഹാനെ. അവന്‍ നിലവിലെ രീതി തന്നെ പിന്തുടരണമെന്നും അഗ്രസീവ് ശൈലിയില്‍ തന്നെ കളി തുടരണമെന്നും രഹാനെ ചൂണ്ടിക്കാട്ടി.
ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയ്ക്ക് മുന്നോടിയായി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് രഹാനെ ഇക്കാര്യം പറഞ്ഞത്.

അജിന്‍ക്യ രഹാനെ
‘അവന്‍ ഇപ്പോള്‍ അവന്റെ കളി തന്നെ തുടരണമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നതിലേക്ക് നയിച്ച കളി അവന്‍ പിന്തുടരണം. അവന്റെ കരിയറിലെയും അന്താരാഷ്ട്ര ക്രിക്കറ്റിലെയും വളരെ ആദ്യ ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അവന്‍ ഒത്തിരി കാര്യങ്ങള്‍ ചിന്തിക്കേണ്ടതില്ല, അവന് സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിന് ശേഷം അവന്‍ കൂടുതല്‍ കളിക്കുന്നതിനനുസരിച്ച് അവന്റെ കളി മാറും. ഗ്രൗണ്ടിന് പുറത്തും ബാലന്‍സ് നിലനിര്‍ത്തുക എന്നത് അവന് പ്രധാനമാണ്.
ക്രിക്കറ്റ് കഴിവുകള്‍ക്ക് പുറമെ, ഗ്രൗണ്ടിന് പുറത്ത് ശാന്തതയും ബാലന്‍സും നിലനിര്‍ത്തുക എന്നത് അവന് ഒരു വെല്ലുവിളിയായിരിക്കും,’ രഹാനെ പറഞ്ഞു.
ഐ.പി.എല്ലിലും ഇന്ത്യ എ-യ്ക്കായും ദുലീപ് ട്രോഫിയിലും വൈഭവ് കാട്ടിയ സ്ഥിരതയെയും രഹാനെ പ്രശംസിച്ചു.
‘അവന്റെ ക്രിക്കറ്റ് കഴിവുകളെ കുറിച്ച് പറയുകയാണെങ്കില്‍, അവന്‍ ഐ.പി.എല്ലില്‍ എത്ര നന്നായി ബാറ്റ് ചെയ്തുവെന്നും തുടര്‍ച്ചയായി റണ്‍സ് നേടിയെന്നും നമ്മള്‍ കണ്ടതാണ്.
അവന്‍ ഇന്ത്യ എ-യ്ക്കായും റണ്‍സ് നേടി, അടുത്തിടെ സമാപിച്ച ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായും റണ്‍സ് നേടി. അവന്‍ സ്ഥിരത കാണിച്ചിട്ടുണ്ട്. മാനസികമായി ശാന്തതയും ബാലന്‍സും നിലനിര്‍ത്തുക എന്നതാണ് ഇനി അവന് പ്രധാനം,’ രഹാനെ ചൂണ്ടിക്കാട്ടി.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
നിലവില്‍ ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയില്‍ വൈഭവ് ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് ഈ പരമ്പരയിലും താരത്തിന് ഇടം ലഭിക്കാന്‍ കാരണമായത്.
പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികളോടെ 151 റണ്‍സ് നേടി വൈഭവ് ടോപ് സ്‌കോററായിരുന്നു. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വൈഭവ് തന്നെയായിരുന്നു.
അതേസമയം, സെപ്റ്റംബര്‍ 13നാണ് അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി-20കളാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലെത്തി കളിക്കുക. 15, 17 തീയതികളിലാണ് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരം. ദല്‍ഹിയാണ് മൂന്ന് മത്സരങ്ങള്‍ക്കും വേദിയാകുന്നത്.
Content Highlight: Ajinkya Rahane says Vaibhav Suryavanshi should not change his playing style.
