ചാനല്‍ അവതാരകനില്‍ നിന്ന് കഷ്ടപ്പെട്ട് അധ്വാനിച്ച് തമിഴ് സിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചയാളാണ് ശിവകാര്‍ത്തികേയന്‍. ബോയ് നെക്‌സ്റ്റ് ഡോര്‍ റോളുകളില്‍ നിന്ന് പിന്നീട് സീരിയസ് റോളുകളിലേക്ക് ശിവ ട്രാക്ക് മാറ്റി. വിജയ് സിനിമാരംഗം ഉപേക്ഷിച്ചതോടെ ആ സ്ഥാനത്തേക്ക് ശിവകാര്‍ത്തികേയന്‍ വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ താരം കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സൂരി നായകനായ മണ്ടാടി കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. സമീപകാലത്ത് വന്നതില്‍ വെച്ച് ഗംഭീര സിനിമയെന്നാണ് പലരും മണ്ടാടിയെ വിശേഷിപ്പിച്ചത്. ചിത്രത്തെ പ്രശംസിച്ച് ശിവയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

സൂരിയുടെ ഹാര്‍ഡ്‌വര്‍ക്കും ഡെഡിക്കേഷനുമെല്ലാം അര്‍ഹിച്ച ഫലം ലഭിച്ചെന്ന് പറഞ്ഞാണ് ശിവകാര്‍ത്തികേയന്‍ തന്റെ പോസ്റ്റ് ആരംഭിച്ചത്. നല്ല കണ്ടന്റുകള്‍ എപ്പോഴും വിജയിക്കുമെന്നും സൂരിയണ്ണന് ആശംസകളെന്നും പോസ്റ്റില്‍ പറയുന്നു. ഈയൊരു പോസ്റ്റ് ഒരുപാട് പേര്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ‘നല്ല കണ്ടന്റുകള്‍ എപ്പോഴും വിജയിക്കും’ എന്ന ഭാഗം മുമ്പ് മറ്റൊരു താരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച പോസ്റ്റിലെ വാക്കുകളാണ്.
മൂന്ന് വര്‍ഷം മുമ്പ് ശിവകാര്‍ത്തികേയന്‍ നായകനായ പ്രിന്‍സ് തിയേറ്ററുകളിലെത്തിയിരുന്നു. അന്ന് പ്രിന്‍സിനൊപ്പം റിലീസായ സര്‍ദാറായിരുന്നു ക്ലാഷില്‍ വിജയിച്ചത്. സര്‍ദാര്‍ വിജയിച്ചതിന് പിന്നാലെ കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യ പങ്കുവെച്ച ട്വീറ്റില്‍ ‘നല്ല കണ്ടന്റുകളാണ് എല്ലായ്‌പ്പോഴും വിജയിക്കുക’ എന്ന് കുറിച്ചിരുന്നു. അന്നത്തെ പക ശിവകാര്‍ത്തികേയന്‍ ഇന്ന് തീര്‍ത്തെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വളരെ മോശം പെരുമാറ്റമാണ് ശിവകാര്‍ത്തികേയന്റേതെന്ന് നിരവധിയാളുകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. തന്നെക്കാള്‍ ഉയരത്തില്‍ മറ്റുള്ളവര്‍ വളരുന്നതിന്റെ ഫ്രസ്‌ട്രേഷനാണ് സൂര്യയുടേതെന്നും കമന്റുകളുണ്ട്. വിജയ്‌യുടെ സ്ഥാനം സ്വന്തമാക്കുമെന്ന് കരുതിയ ശിവയുടെ അവസാന രണ്ട് സിനിമകളും ഫ്‌ളോപ്പായിരുന്നു. ഇതിന് പുറമെ സൂര്യ ബാക്ക് ടു ബാക്ക് ഹിറ്റുകളുമായി കളംനിറയുന്നതിന്റെ അമര്‍ഷമെല്ലാം ഈ പോസ്റ്റിലൂടെ തീര്‍ത്തെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
അന്ന് പ്രിന്‍സിനെ ക്ലാഷില്‍ മലര്‍ത്തിയടിച്ച സര്‍ദാറിന്റെ രണ്ടാം ഭാഗം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. മണ്ടാടിയുമായി ക്ലാഷ് വെച്ച സര്‍ദാറിന് അടിതെറ്റിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. സൂര്യയോടും കാര്‍ത്തിയോടും ശിവകാര്‍ത്തികേയന് ദേഷ്യമുണ്ടെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Sivakarthikeyan’s tweet about Mandaadi movie discussing in social media
