അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിയേക്കാള്‍ പരിചയസമ്പന്നനായ സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ മുന്‍ഗണന നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് രഹാനെ ഇക്കാര്യം പറഞ്ഞത്.

അജിന്‍ക്യ രഹാനെ. Photo: BCCI/x.com
ടോപ്പ് ഓര്‍ഡറില്‍ അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുള്ളതിനാല്‍ ഇന്ത്യയ്ക്ക് ടീം സെലക്ഷനില്‍ വലിയ തലവേദനയുണ്ട്. എന്നാല്‍ ലോകകപ്പില്‍ കളിച്ച ടോപ്പ് ത്രീയെ തന്നെ ഇന്ത്യ നിലനിര്‍ത്തണമെന്നാണ് രഹാനെയുടെ നിലപാട്.
15 വയസ്സുകാരനായ വൈഭവിന് ഇനിയും കരിയറില്‍ ഒരുപാട് സമയമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സഞ്ജു സാംസണ്‍. Photo: BCCI/x.com
‘ലോകകപ്പില്‍ കളിച്ച ടോപ്പ് ത്രീ തന്നെയാണ് ഇവിടെയും കളിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. സഞ്ജു നന്നായി കളിച്ചിരുന്നു, എന്നാല്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് മോശം ഇന്നിങ്‌സുകള്‍ക്ക് ശേഷം താരം പുറത്തായി. സഞ്ജുവിന് ഇനിയും ഒരു അവസരം കൂടി ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അഭിഷേകും ഇഷാനും നമുക്കായി മികച്ച പ്രകടനം പുറത്തെടുത്തവരാണ്. വൈഭവിന് ഇനിയും ധാരാളം അവസരങ്ങള്‍ ലഭിക്കും, അവന്റെ സമയം വരും. എന്നാല്‍ നിലവില്‍, ലോകകപ്പില്‍ പങ്കാളികളായ സഞ്ജു, അഭിഷേക്, ഇഷാന്‍ എന്നിവരായിരിക്കണം നമ്മുടെ ടോപ്പ് ത്രീ എന്നാണ് എനിക്ക് തോന്നുന്നത്,’ രഹാനെ പറഞ്ഞു.
സഞ്ജു ടീമിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും, താരം ടീമിന്റെ കരുത്ത് കൂട്ടുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി സീരീസ് ആയിരുന്നു താരം. സഞ്ജുവിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ കയറ്റിറക്കങ്ങളിലൂടെയാണ് പോയത്, അവന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. എന്നാല്‍ അവന്‍ ഒരു മാച്ച് വിന്നറാണ്, അവന്റെ തിരിച്ചുവരവ് ടീമിനെ കൂടുതല്‍ ശക്തമാക്കുന്നു,’ മുന്‍ നായകന്‍ വ്യക്തമാക്കി.

സഞ്ജു സാംസണ്‍. Photo: BCCI/x.com
നേരത്തെ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ നാല് മത്സരങ്ങളില്‍ നിന്ന് 33 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. തുടര്‍ന്ന് സിംബാബ്‌വേ പരമ്പരയില്‍ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയാണ് അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്തത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികളോടെ 151 റണ്‍സ് നേടി വൈഭവ് ടോപ് സ്‌കോററായിരുന്നു.
അതേസമയം, സെപ്റ്റംബര്‍ 13നാണ് അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി-20കളാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലെത്തി കളിക്കുക. 15, 17 തീയ്യതികളിലാണ് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരം. ദല്‍ഹിയാണ് മൂന്ന് മത്സരങ്ങള്‍ക്കും വേദിയാകുന്നത്.
Content Highlight: IND vs AFG: Ajinkya Rahane backs Sanju Samson
