ടി-20 ക്രിക്കറ്റില്‍ 9,000 റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് കാലെടുത്തുവെക്കാന്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ 90 റണ്‍സ് നേടിയാല്‍ ഈ ചരിത്രനേട്ടത്തിലെത്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിക്കും.
നിലവില്‍ 331 ഇന്നിങ്‌സില്‍ 30.61 ശരാശരയിലും 139.69 സ്‌ട്രൈക് റേറ്റിലും 8,910 റണ്‍സാണ് സഞ്ജുവിനുള്ളത്. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്.
90 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ 9,000 ടി-20 റണ്‍സ് എന്ന റെക്കോഡിലെത്തുന്ന 35ാം താരമെന്ന നേട്ടവും അഞ്ചാം ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമാക്കാം.

സഞ്ജു സാംസണ്‍. Photo: BCCI/x.com
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം ഇന്നിങ്‌സ് റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 413 – 14,218
രോഹിത് ശര്‍മ – 459 – 12,531
ശിഖര്‍ ധവാന്‍ – 331 – 9,797
സൂര്യകുമാര്‍ യാദവ് 347 9,729
സഞ്ജു സാംസണ്‍ – 331 – 8,910
കെ.എല്‍. രാഹുല്‍ – 240 – 8,718
സുരേഷ് റെയ്‌ന – 319 – 8,654
തന്റെ ടി-20 കരിയറില്‍ ഇന്ത്യന്‍ ദേശീയ ടീമിന് പുറമെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടിയുമാണ് താരം കളത്തിലിറങ്ങിയത്. കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സഞ്ജു പ്രതിനിധീകരിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
ഈ കലണ്ടര്‍ ഇയറിലും തരക്കേടില്ലാത്ത പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ഈ വര്‍ഷം കളിച്ച 14 ഇന്നിങ്‌സില്‍ നിന്നും 30.76 ശരാശരിയിലും 180.99 സ്‌ട്രൈക് റേറ്റിലും 400 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യയുടെ മൂന്നാം ടി-20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായതും സഞ്ജുവിന്റെ പ്രകടനമാണ്. സെമി ഫൈനലും ഫൈനലും അടക്കം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 80+ റണ്‍സ് നേടിയ സഞ്ജുവിനെ തന്നെയാണ് ടൂര്‍ണമെന്റിന്റെ താരമായും തെരഞ്ഞെടുത്തത്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി. Photo: BCCI/x.com
എന്നാല്‍ ലോകകപ്പ് മാറ്റിവെച്ചാല്‍ ഈ വര്‍ഷം അന്താരാഷ്ട്ര ടി-20യില്‍ സഞ്ജുവിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. ലോകകപ്പിന് ശേഷം കളിച്ച നാല് മത്സരത്തില്‍ നിന്നും ആകെ നേടാന്‍ സാധിച്ചത് 8.25 ശരാശരിയില്‍ 33 റണ്‍സ്, അതില്‍ ഇരട്ടയക്കം കണ്ടത് ഒരിക്കല്‍ മാത്രം.
അഫ്ഗാനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമാണ് മൂന്ന് ടി20ക്കും വേദിയാകുന്നത്. സെപ്റ്റംബര്‍ 13നാണ് ആദ്യ മത്സരം.
Content Highlight: Sanju Samson need 90 runs to complete 9,000 runs in T20 format
